KeralaNews

പ്രതിഭാ ഹരി എം.എല്‍.എയ്ക്ക് അപ്രഖ്യാപിത വിലക്ക്

ആലപ്പുഴ•കായംകുളത്ത് നിന്നുള്ള സി.പി.ഐ.എം എം.എല്‍എ അഡ്വ. യു. പ്രതിഭാ ഹരിയ്ക്ക് പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ‘മാതൃഭൂമി’ പത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ പാര്‍ട്ടിയുടെ പരിപടികളിലേക്ക് ഇപ്പോള്‍ എം.എല്‍.എയെ ക്ഷണിക്കാറില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ബന്ധപ്പെട്ടവര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജില്ലയില്‍ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പരിപാടികളില്‍ പ്രതിഭാഹരിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. കായംകുളത്ത് ശനിയാഴ്ച ആരംഭിച്ച കെ.എസ്.ടി.എയുടെ ജില്ലാ സമ്മേളനത്തിലേക്കും എം.എല്‍.എയ്ക്ക് ക്ഷണമുണ്ടായില്ല. അതേസമയം, അടുത്തിടെ നോട്ടു നിരോധനത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പ്രതിഭാ ഹരി അണിചേര്‍ന്നിരുന്നു.

എം.എല്‍.എ. ആയതിനു ശേഷമുള്ള പ്രതിഭയുടെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റത്തിലും പാര്‍ട്ടി നേതൃത്വം പൊതുവേ അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ എം.എല്‍.എ വിസമ്മതിച്ചുവെന്നും ഇതില്‍ പാര്‍ട്ടിയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെ ആദ്യകാല മലയാളനോവലിലെ സ്ത്രീലമ്പടനായ കഥാപാത്രത്തെ പാര്‍ട്ടിയിലെ ഒരു നേതാവെന്നു സംശയിക്കും വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം, താന്‍ മണ്ഡലത്തില്‍ സജീവമാണെന്നും തന്നെ പാര്‍ട്ടി ഒഴിവാക്കുന്നതായി തോന്നിയിട്ടില്ലെന്നും പ്രതിഭാ ഹരി പ്രതികരിച്ചു.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഏരിയാകമ്മിറ്റി അംഗത്വത്തില്‍ നിന്നു പ്രതിഭയെ ഒഴിവാക്കിയിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്നാണ് ഇതിന് കാരണമായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്. കായംകുളം എം.എല്‍.എ.ആയതോടെ പ്രവര്‍ത്തനം അവിടേക്കുമാറിയതിനാലാണ് മാറ്റുന്നതെന്നായിരുന്നു നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button