Interviews

എസ്.എഫ്.ഐ നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത ഒളിച്ചോട്ടം: പേരുകേട്ട വിദ്യാര്‍ത്ഥി സംഘടനക്ക് മുടന്തന്‍ ന്യായങ്ങള്‍ പറയേണ്ട ഗതികേട്

കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

കേരളം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി സമരത്തിനാണ് സംസ്ഥാന തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വിവാദങ്ങളും കൊഴുക്കുന്നു. എസ്എഫ്ഐ, കെഎസ് യു, എബിവിപി, എഐഎസ്എഫ്, എഐഡിഎസ്ഒ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ എല്ലാം തന്നെ സമര രംഗത്ത് ഉണ്ടായിരുന്നെങ്കിലും എസ്എഫ്ഐയുടെ നാടകീയ പിന്‍മാറ്റമാണ് ഇപ്പോള്‍ പുതിയ വിവാദം. ഇതിനെ തുടര്‍ന്ന് രൂക്ഷമായ ആക്ഷേപങ്ങളാണ്.

സമൂഹ മധ്യത്തില്‍ എസ്എഫ്ഐ ഏറ്റുവാങ്ങിയത്. ഇടത്പക്ഷ സഹയാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ എസ്എഫ്ഐയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. സമകാലിക വിദ്യാര്‍ത്ഥി സമരത്തെ വിലയിരുത്തുകയാണ് മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോസഫ് എം പുതുശേരി. പേരുകേട്ട വിദ്യാര്‍ത്ഥി സംഘടനയെന്ന് ഊറ്റം കൊള്ളുന്ന എസ്എഫ്ഐയുടെ ഈ പിന്‍മാറ്റം ലജ്ജാകരമെന്ന് അദ്ദേഹം പറയുന്നു. ജോസഫ് എം പുതുശേരിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

? ഈ സമരത്തെ എങ്ങനെ നോക്കിക്കാണുന്നു?

? വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി നടത്തുന്ന ഐതിഹാസിക സമരമാണിത്. ഈ സമരം വിജയിക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. കാരണം, ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലോ അക്കാദമിയില്‍ നടന്നത്. ഇതൊക്കെ കേരളത്തില്‍ തന്നെയാണോ സംഭവിച്ചതെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഇത്രയൊക്കെയായിട്ടും എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? വിദ്യാര്‍ത്ഥികളോടുള്ള സര്‍ക്കാര്‍ സമീപനം അങ്ങേയറ്റം വേദനിപ്പിക്കുന്നു.

? സമരം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴുള്ള എസ്എഫ്ഐയുടെ പിന്‍മാറ്റം?

? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലജ്ജാകരം. കേരള ചരിത്രത്തില്‍ പോലും കേട്ടു കേള്‍വിയില്ലാത്തത് ! പേരുകേട്ട വിദ്യാര്‍ത്ഥി സംഘടനയെന്ന് ഊറ്റം കൊള്ളുന്ന എസ്എഫ്ഐ മുടന്തന്‍ ന്യായങ്ങള്‍ പറയേണ്ട ഗതികേടില്‍ എത്തിയിരിക്കുന്നു. ഇതിലും ഭേദം സമരം ചെയ്യാതിരിക്കുന്നതായില്ലേ? തങ്ങളെ വിശ്വസിച്ച വിദ്യാര്‍ത്ഥികളെയാണ് അവര്‍ വഞ്ചിച്ചത്. ഇതിന് മുമ്പ് എസ്എഫ്ഐ നടത്തിയ സമരങ്ങളെ ഇതിനോട് ചേര്‍ത്ത് വായിക്കണം. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു ശൗര്യം കാണിച്ച വിദ്യാര്‍ത്ഥി സംഘടന ലോ അക്കാദമി വിഷയത്തില്‍ എടുത്ത നിലപാട് തികച്ചും അപഹാസ്യം തന്നെ.

? സര്‍ക്കാര്‍ നിലപാടും ആശങ്കാജനകമല്ലേ?

? തീര്‍ച്ചയായും. ഇക്കാര്യത്തില്‍ നിയമപരമായ നടപടി അടിയന്തരമായി ഉണ്ടാകണം. സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ ശുപാര്‍ശകളില്‍ തീരുമാനമെടുക്കാതെ വിദ്യാഭ്യാസ മന്ത്രി ഇത് സര്‍ക്കാരിന്റെ പരിഗണനക്ക് വിട്ട് കൈകഴുകി. അനധികൃത കെട്ടിടങ്ങള്‍ പിഴ ഈടാക്കി അംഗീകൃതമാക്കുമെന്നാണ് മറ്റൊരു മന്ത്രിയുടെ പ്രഖ്യാപനം. മാനേജ്മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നത്.

? ബി.ജെ.പി സമര രംഗത്ത് ഏറെ മുന്നോട്ട് പോയല്ലോ?

? പൊതുസമൂഹത്തിന്റെ നിലപാട് മനസിലാക്കി ബി.ജെ.പി സമരരംഗത്ത് ഇറങ്ങി. അതാണ് ഈ സമരത്തെ ജനങ്ങള്‍ പിന്തുണക്കാനും കാരണം. കേരളത്തിലെ പൊതുജനങ്ങളുടെ കൂടി ആവശ്യമാണ് ലോ അക്കാദമിയിലെ ക്രമക്കേടുകള്‍ വെളിച്ചത്തു കൊണ്ടു വരിക എന്നത്. അതുകൊണ്ട്തന്നെ ബിജെപി എന്നല്ല, ഏത് പാര്‍ട്ടി ഈ വിഷയത്തില്‍ സമരം ചെയ്താലും ജനങ്ങള്‍ പിന്തുണക്കും.

വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ച സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഏറ്റെടുക്കുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. വി.മുരളീധരന്റെ നിരാഹാര സമരം, ബിജെപിയുടെ റോഡ് ഉപരോധം, പോലീസ് ലാത്തി ചാര്‍ജ്ജ്, ഹര്‍ത്താല്‍, വിദ്യാഭ്യാസ ബന്ദ്… ഓരോ ദിവസവും കഴിയുന്തോറും പുതിയ ഭാവങ്ങളാണ് ലോ അക്കാദമി സമരത്തിന് കൈവരുന്നത്. ഇതിന്റെ അവസാനം എങ്ങനെ ആകുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ കേരളീയ പൊതുസമൂഹവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button