KeralaNewsFacebook Corner

നൂറു തവണ വായിക്കണം ഈ പോസ്റ്റ് അധികാരത്തിന്റെ കണ്ണിലെത്തുംവരെ ആയിരം തവണ ഷെയര്‍ ചെയ്യണം ഉള്ളില്‍ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു ദുരവസ്ഥയുടെ ചിത്രം വൈറലാക്കുമ്പോള്‍

 

പൊലിയാന്‍ തുടങ്ങുന്ന പ്രാണനെയും വാരിപ്പിടിച്ച് MCH TVMല്‍ എത്തുന്ന ഓരോരുത്തരുടെയും അനുഭവമാണിത്.
…………………
*തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇടനാഴിയില്‍ വീണുടയുന്ന ജീവിതങ്ങള്‍*
സമയം സായാഹ്നം… ദുരന്തഭൂമിയിലെപ്പോലെ ഭയവിഹ്വലതകളോടെ തിക്കിത്തിരക്കുകയും ചിതറിപ്പരക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിനിടയിലേക്ക് സൈറണ്‍ മുഴക്കി ഒരാംബുലന്‍സ് പാഞ്ഞുവന്നു നിന്നു. പിന്നിലെ വാതില്‍ തുറന്നിറങ്ങയവരില്‍ വാവിട്ടു കരയുന്ന ഒരമ്മയും, പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും.

ഒപ്പമുള്ള രണ്ടു പുരുഷന്മാര്‍, ചോര മുക്കിയെടുത്ത തുണിക്കെട്ടു പോലെ ഒരു ചെറുപ്പക്കാരന്‍റെ ശരീരം സ്ട്രെക്ചറിലെടുത്ത് ‘കാഷ്വാലിറ്റി’ യിലേക്ക് ഓടുന്നു. അത്യാഹിത വിഭാഗത്തിലെ ആള്‍ക്കൂട്ടത്തെ വകഞ്ഞു മൂന്നു ഡോക്ടര്‍മാര്‍ സ്ട്രെക്ചറിനരികിലേക്കു വന്നു. എല്ലാം പി. ജി. വിദ്യാര്‍ത്ഥികള്‍. തലയിലെ തുണിയഴിച്ചു മാറ്റിയപ്പോള്‍ ചോര വാര്‍ന്നൊഴുകുന്നുണ്ട്. മറ്റൊരു തുണികൊണ്ട് മുറിവു കെട്ടിവച്ച് പ്രാഥമിക പരിശോധനകള്‍ക്കു ശേഷം നിര്‍ദ്ദേശം വന്നു.
ഒന്നാമത്തെ മുറിയിലെ ലാബില്‍ കൊണ്ടുപോയി രക്ത പരിശോധനകള്‍ നടത്തണം.

വേദനകൊണ്ടു പുളയുന്ന ചെറുപ്പക്കാരന്‍ രക്തം കട്ടപിടിച്ചുറഞ്ഞ കണ്ണുകള്‍ തുറന്നുവച്ച് എല്ലാം കാണുന്നുണ്ട്. എന്‍റെ ജീവന്‍ രക്ഷിക്കൂ എന്ന ദയനീയമായ യാചനാഭാവം , ആ മുഖത്ത്.
കൊല്ലം – തിരുവനന്തപുരം ജില്ലാതിര്‍ത്തിയിലെ ഒരു സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പോലീസുകാരനാണ് സ്ട്രെക്ചറില്‍. ഡ്യൂട്ടി കഴിഞ്ഞിറങ്ങി, മെയിന്‍ റോഡരികിലുള്ള സ്വന്തം വീടിനുമുന്നില്‍ ഗേറ്റിനോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന ഒരു പിക് അപ് വാന്‍ ഇടിച്ചിട്ടതാണ്. തലയ്ക്കു പരിക്കുണ്ടെന്നു കണ്ട് അതിവേഗം ആംബുലന്‍സില്‍ കയറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ്. സഹോദരനും മറ്റൊരു സിവില്‍ പൊലീസ് ഓഫീസറും സഹപ്രവര്‍ത്തകനും ഒപ്പമുണ്ട്.

ലാബിനു മുന്നിലേക്ക് ഉന്തി കൊണ്ടുവന്ന സ്ട്രെക്ചര്‍ ഒരു സൈഡിലേക്ക് ഒതുക്കി മാറ്റിയടാന്‍ ഡ്യൂട്ടി നഴ്സിന്‍റെ കല്‍പന. അവരെ കുറ്റപ്പെടുത്താനാവില്ല ., അകത്ത് അത്യാഹിതത്തില്‍പ്പെട്ടു വന്ന മറ്റു രണ്ടുപേരുടെ രക്തസാമ്പിള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അഞ്ചു മിനിറ്റിലേറെ നേരം കഴിഞ്ഞപ്പോള്‍ അകത്തേക്ക് വിളിച്ചു. രക്തം രണ്ടു കുപ്പികളിലാക്കി നല്‍കിയശേഷം നിര്‍ദ്ദേശം. ഒരു കുപ്പി മൈക്രോ ബയോളജി ലാബിലും, മറ്റേ കുപ്പി എ. സി. ആര്‍. ലാബിലും കൊടുത്ത് റിപ്പോര്‍ട്ട് വാങ്ങി വരണം.

സഹോദരനും മറ്റൊരാളും രണ്ടു കുപ്പികളുമായി പുറത്തേയ്ക്കോടി. കാഷ്വാല്‍റ്റിയില്‍ നിന്നിറങ്ങി, റോഡ് മുറിച്ചു കടന്ന് എതിര്‍വശത്തെ കെട്ടിടത്തിലാണ് മൈക്രോ ബയോളജി ലാബ്. അവിടെ തൃശൂര്‍ പൂരത്തിന്‍റെ ആള്‍ക്കൂട്ടം. കൗണ്ടറില്‍ രക്തസാമ്പിള്‍ ഏല്‍പ്പിച്ചപ്പോള്‍ പുറത്തുള്ള വേറൊരു കൗണ്ടറില്‍ പോയി പണമടച്ചു വരാന്‍ നിര്‍ദ്ദേശം. അവിടെ ബിവറേജസ് ഔട്ലറ്റിനു മുന്നിലുള്ളതിനെക്കാള്‍ നീണ്ട ‘ക്യൂ.’ കാത്തുനിന്നു പണമടച്ച് സാമ്പിള്‍ ഏല്‍പിച്ചു. റിസള്‍ട്ട് എപ്പോള്‍ കിട്ടുമെന്ന ചോദ്യത്തിന്, രണ്ടുമണിക്കൂര്‍ കഴിയുമെന്നു മറുപടി.
തലയില്‍ കൈവച്ചവര്‍ പുറത്തിറങ്ങി. ഇനി എവിടെയാണാവോ എ സി ആര്‍. ലാബ്..?. അവിടെ കണ്ട സെക്യൂരിറ്റിക്കാരനോട് ചോദിച്ചപ്പോള്‍ കൃത്യമായി പറഞ്ഞുകൊടുത്തു.

മെഡിക്കല്‍ കോളേജ് വളപ്പു വിട്ടു മെയിന്‍ ഗേറ്റിലൂടെ പുറത്തിറങ്ങണം. മെയിന്‍ റോഡില്‍ ഇടത്തോട്ടു തിരിഞ്ഞ് ഉള്ളൂര്‍ റോഡില്‍ കുറച്ചു ദൂരം നടക്കുമ്പോള്‍ പഴയ കാഷ്വാലിറ്റി കെട്ടിടം കാണാം.., അതിന് കുറച്ചപ്പുറത്താണ് എസിആര്‍ ലാബ്. ഏകദേശം അര കിലോമീറ്റര്‍ ദൂരം.. നടന്നു പോകാനേ നിര്‍വാഹമുള്ളു. അവിടെയും പണമടച്ച ശേഷം സാമ്പിള്‍ വാങ്ങി, രണ്ടു മണിക്കൂര്‍ കഴിഞ്ഞ് റിപ്പോര്‍ട്ട് തരാമെന്നു മറുപടി.
തിരിച്ചു കാഷ്വാലിറ്റിയിലെത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടയാള്‍ അതേ നിലയില്‍ത്തന്നെ വരാന്തയില്‍ കിടപ്പുണ്ട്. സങ്കടം സഹിക്കാനാവാതെ സഹോദരനായ പോലീസുകാരന്‍ ഡോക്ടറെ കാണാന്‍ ക്യാബിനുള്ളില്‍ കയറി. ഒരു തുണ്ടു കടലാസ് നീട്ടി ഡോക്ടര്‍ പറഞ്ഞു , ഇതുമായി പോയി സി ടി സ്കാന്‍ എടുത്ത് റിപ്പോര്‍ട്ടുമായി വരണമെന്ന്.

സഹോദരനും സഹപ്രവര്‍ത്തകനും കൂടി സി ടിസ്കാന്‍ മുറിയന്വേഷിച്ച് സ്ട്രെക്ചര്‍ തള്ളി മുന്നോട്ട്. സഹായത്തിന് ഒരറ്റന്‍ഡര്‍ പോലുമില്ല. സി ടി സ്കാന്‍ മുറിയിലേക്കുള്ള വഴി മറ്റൊരു സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു കൊടുത്തു.., ഈ കെട്ടിടത്തനകത്തുള്ള ഇടനാഴികളിലൂടെ ഏകദേശം 300 മീറ്റര്‍ പഴയ കാഷ്വാലിറ്റിക്കു സമീപത്തുള്ള ഒരു ബ്ളോക്കിലെത്തും , അവിടെ ഒരു ലിഫ്റ്റ് ഉണ്ടാവും , അതില്‍ കയറ്റി താഴെ ഗ്രൗണ്ട് ഫ്ളോറിലിറക്കണം.അവിടെ വലത്തോട്ട് കുറെക്കൂടി മുന്നോട്ടു പോയാല്‍ സ്കാന്‍ മുറിയിലെത്താം.പ്രാണവേദനകൊണ്ടു പിടയുന്ന സഹോദരനുമായി സ്ട്രെക്ചറുന്തി അവര്‍ നടന്നു. ‘വാപ്പച്ചീ .. വാപ്പച്ചീ’ യെന്ന കുഞ്ഞുങ്ങളുടെ നിലവിളി കൂടിനിന്നവരുടെ കണ്ണു നനയിച്ചു. അത്രയും ദൂരം സ്ട്രെക്ചര്‍ തള്ളി ലിഫ്റ്റിനടുത്തെത്തിയപ്പോള്‍ അത് പ്രവര്‍ത്തനരഹിതം..!

സഹായത്തിന് ആശുപത്രി സ്റ്റാഫ് ആരുമില്ല. ഒരു നഴ്സ് , പരിഹാരം പറഞ്ഞു കൊടുത്തു.. ‘ ഈ ലിഫ്റ്റ് രണ്ടു ദിവസമായി കേടാണ് , ഇനി പുറത്തു കൂടി കൊണ്ടു പോവുകയേ മാര്‍ഗ്ഗമുള്ളു.. നിങ്ങള്‍ വന്ന വഴി തന്നെ തിരിച്ചു പോകണം , അവിടെ കാഷ്വാലിറ്റിയ്ക്ക് മുന്നില്‍ ആംബുലന്‍സ് ഉണ്ടാവും , അതില്‍ കയറ്റി മെയിന്‍ റോഡിലിറങ്ങി കുറെ ദൂരം മുന്നോട്ടു പോകുമ്പോള്‍ KHRWS പേവാര്‍ഡിനു സമീപത്തുള്ള കെട്ടിടത്തിലാണ് സി ടി സ്കാന്‍ വിഭാഗം..”

സങ്കടം കൊണ്ടും രോഷം കൊണ്ടും രക്തം തിളയ്ക്കുന്നുണ്ട് , കൂടെ വന്നവര്‍ക്ക്.. രക്തത്തില്‍ കുളിച്ചു കിടക്കുന്ന സഹോദരന്‍റെ മുഖത്തെ പ്രാണനു വേണ്ടിയുള്ള യാചനാഭാവം കാണുമ്പോള്‍ അവര്‍ നിസ്സഹായരായിപ്പോവുന്നു… തിരിച്ചു കാഷ്വാലിറ്റിയ്ക്കു മുന്നിലെത്തി ഒരു ആംബുലന്‍സ് സംഘടിപ്പിച്ച് സി ടി സ്കാന്‍ കെട്ടിടത്തിലേക്ക്.!!
ആയിരക്കണക്കിനു രോഗികള്‍ ദിനംപ്രതിയെത്തുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുതിരിയാനിടമില്ലാത്തൊരു ഇടുങ്ങിയ കെട്ടിടത്തില്‍ സിടി സ്കാന്‍ മുറി.. രണ്ടോ മൂന്നോ റേഡിയോഗ്രാഫര്‍മാരും വിരലിലെണ്ണാവുന്ന സ്റ്റാഫും.. അവിടെയും ഭയാനകമായ ‘ക്യൂ’.. നാല്‍പ്പത്തിയഞ്ചു മിനിറ്റോളം കാത്തുകിടന്ന ശേഷമാണ് സ്കാനിംഗിനു കയറ്റാനായത്.. റിപ്പോര്‍ട്ടു വാങ്ങാന്‍ ഭാര്യയെ അവിടെ നിര്‍ത്തി ആംബുലന്‍സില്‍ പഴയപടി കാഷ്വാലിറ്റിയിലേക്ക്..!!

വരാന്തയിലെ സ്ട്രെക്ചറില്‍ പോലീസുകാരന്‍റെ ശ്വാസതാളം അസാധാരണമായി ഉയര്‍ന്നു താഴുന്നു.. കൃഷ്ണമണികള്‍ കീഴ്മേല്‍ മറിഞ്ഞ് കണ്ണുകള്‍ തുറന്നടയുന്നു.. കണ്ടുനിന്ന സഹോദരന്‍ ഓടിപ്പോയി ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു.. നിരീക്ഷണ മുറിയ്ക്കത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം.. അഞ്ചു മിനിറ്റോളം പരിശോധനകള്‍ക്കു ശേഷം പള്‍സ് നോക്കിയ ഡോക്ടര്‍ , അടുത്തു നില്‍ക്കുകയായിരുന്ന സഹോദരന്‍റെ മുഖത്തേക്ക് നിസ്സഹായതയോടെ ഒന്നു നോക്കി.. നെഞ്ചുവരെ പുതപ്പിച്ചിരുന്ന വെള്ളത്തുണി ആ മുഖത്തേക്ക് വലിച്ചു മറച്ചിടുമ്പോള്‍ , ക്യാബിനു പുറത്തു രണ്ടു കുഞ്ഞുങ്ങളുടെ ”വാപ്പച്ചീ.. വാപ്പച്ചീ..” യെന്ന ദയനീയമായ നിലവിളി മുഴങ്ങുന്നുണ്ടായിരുന്നു.സിടിസ്കാന്‍ റിപ്പോര്‍ട്ടുമായി റോഡിലൂടെ ഓടിക്കിതച്ചു ഭാര്യയെത്തുമ്പോഴേക്കും, മരണത്തിന്‍റെ ‘അതിവേഗ ഇടനാഴിയിലൂടെ’ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രപോയിക്കഴിഞ്ഞിരുന്നു, ജീവിതസഖാവ് !!

ഇതൊരു കഥയല്ല., നേരില്‍ക്കാണാനിടവന്ന പച്ചസത്യങ്ങളുടെ പരമാര്‍ത്ഥ വിവരണം.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലയാത്രയില്‍ അധികൃതരുടെ അലംഭാവവും അപര്യാപ്തതകളും കൊണ്ടു നഷ്ടമായ മണിക്കൂറുകള്‍ മരണത്തിനു വിട്ടുകൊടുത്ത മറ്റനേകം പേരിലൊരാളുടെ കഥ..ബാക്കിപത്രം കൂടി കേള്‍ക്കണം.. മരണമടഞ്ഞ പോലീസുകാരന്‍റെ സഹോദരനായ സിവില്‍ പൊലീസ് ഓഫീസര്‍, അന്നത്തെ ആരോഗ്യ വകുപ്പു മന്ത്രിയെ നേരില്‍ക്കണ്ട് ഈ കാര്യങ്ങളെല്ലാം കാണിച്ച് ഒരു പരാതി നല്‍കി. ‘താങ്കളുടെ പരാതി കിട്ടി , ആയത് ഇന്നയാള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട് ‘ എന്നു കാണിക്കുന്ന ഒരു സ്വാഭാവിക മറുപടി പോലും ആ മന്ത്രിയാഫീസില്‍ നിന്നും ലഭിച്ചില്ല.

ഒറ്റപ്പെട്ട ഒരു സംഭവ വിവരണമല്ല, ഇത്. സമാനമായ അത്യാഹിതങ്ങളില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന വിഐ പി കളല്ലാത്ത ഹതഭാഗ്യവാന്മാര്‍ ഇന്നും അനുഭവിക്കേണ്ടിവരുന്ന ദുരന്തമാണിത്.. ഒരാഴ്ച മുന്‍പും ഇതേയനുഭവങ്ങള്‍ ആവര്‍ത്തിച്ചു കാണാനിടയായി.

ഒന്നുരണ്ടു ചോദ്യങ്ങളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം..

1) ഒരു വിദഗ്ദ്ധ ചികില്‍സാ കേന്ദ്രത്തിന്‍റെ അത്യാഹിത വിഭാഗം, റോഡ് മാര്‍ഗ്ഗം വാഹനത്തില്‍ ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഭാഗത്തായിരിക്കേണ്ടതല്ലേ…?
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തണമെങ്കില്‍ മെയിന്‍ ഗേറ്റ് കടന്ന്,നാലു ഹമ്പുകള്‍ താണ്ടി, നൂറു മീറ്ററിലധികം ഉള്ളിലേക്കു പോയി, വലതു വശത്തുള്ള കാഷ്വാല്‍റ്റിയുടെ മുന്നിലൂടെ നൂറുമീറ്ററോളം വീണ്ടും മുന്നോട്ടു പോയി, എസ്. എ. റ്റി. ആശുപത്രിയുടെ മുന്നിലൂടെ ചുറ്റിക്കറങ്ങി, തിരിച്ചു വരേണ്ട രീതിയില്‍ സ്ഥാപിച്ചിരിക്കുന്നതിന്‍റെ യുക്തിയെന്താണ്..?. ജീവന്‍ രക്ഷയ്ക്ക്, സെക്കന്‍റുകളുടെ സമയദൈര്‍ഘ്യം പോലും വിലപ്പെട്ടതാകുന്ന സാഹചര്യങ്ങളില്‍ എത്ര ജീവനുകള്‍ ഈ ചുറ്റിക്കറങ്ങലില്‍ പൊലിഞ്ഞിട്ടുണ്ടാകാം..?

2) അത്യാഹിത വിഭാഗത്തില്‍ നിന്നും സി ടിസ്കാന്‍, മൈക്രോ ബയോളജി, എ. സി. ആര്‍. ലാബുകളിലേക്കുള്ള അശാസ്ത്രീയ അകലം ഒരു അധികാരിയുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ, ഇതുവരെ..?.ഉണ്ടെങ്കില്‍, ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിക്ക് കേവലം ഏഴു ദിവസം കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന ഈ അനീതിയോട് എല്ലാവരും കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണ്.?

3) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍ — നഴ്സ്– പാരാമെഡിക്കല്‍ അനുപാതം ഉയര്‍ത്തുവാനും ന്യൂനതകള്‍ പരിഹരിക്കുവാനും ഭരണകൂടങ്ങള്‍ക്ക് ബാധ്യതയില്ലേ..?

4) കൈക്കൂലിക്കാശും , കള്ളപ്പണവുമുള്ളവന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കു പോയാല്‍ ഈ പ്രയാസങ്ങളൊന്നുമില്ലാതെ അതിവിദഗ്ദ്ധ ചികില്‍സ ലഭിക്കും. ഭാര്യയുടെ കെട്ടുതാലി പണയം വച്ച് ആശുപത്രിയിലേക്ക് ഓടുന്ന സാധാരണക്കാരന് അവയൊക്കെ അപ്രാപ്യമായതിനാല്‍, ഈ ഇടനാഴികളില്‍ പൊലിയുന്ന ജീവനെ നോക്കി നെടുവീര്‍പ്പിടാനേ കഴിയുന്നുള്ളു. ഇല്ലായ്മയുടെയും സഹനത്തിന്‍റെയും നിശബ്ദ പ്രതിഷേധങ്ങള്‍ ഉമിത്തീപോലെ പുകഞ്ഞ്, അഗ്നിപര്‍വ്വതം പോലെയൊരുനാള്‍ പൊട്ടിത്തെറിക്കുമ്പോള്‍, മാവോയിസ്റ്റെന്നോ നക്സലൈറ്റെന്നോ പേരിട്ടു ചുട്ടുകൊന്നാല്‍ ഈ അസമത്വത്തിനു പരിഹാരമാകുമോ..?

(സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു അനുഭവ കുറിപ്പ് )

shortlink

Related Articles

Post Your Comments

Related Articles


Back to top button