KeralaNewsIndiaGulf

വ്യാജസര്‍ട്ടിഫിക്കറ്റില്‍ ജോലിക്ക് കയറിയ മലയാളികളടക്കം നൂറോളം പേര്‍ സൗദി ജയിലില്‍

ദമാം: വ്യാജസര്‍ട്ടിഫിക്കറ്റില്‍ ജോലിക്ക് കയറിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളികളടക്കം നൂറോളം പേര്‍ സൗദി അറേബ്യയില്‍ ജയില്‍ശിക്ഷക്ക് വിധേയരായി. ആരോഗ്യമേഖലയിലും എന്‍ജിനീയറിങ് രംഗത്തും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കിയതോടെ ഇത്രയധികം പേര്‍ കൂട്ടത്തോടെ പിടിയിലായത്. ദമാമിലെ ഒരു പ്രമുഖ ആശുപത്രിയില്‍ 20 വര്‍ഷം ജോലി ചെയ്ത കോട്ടയം സ്വദേശിനിയും 15 വര്‍ഷം ജോലി ചെയ്ത പത്തനംതിട്ട സ്വദേശിനിയും ഒരു വര്‍ഷമായി ജയിലിലാണ്.

സമാനമായ കേസില്‍ നാലു നഴ്സുമാര്‍ അല്‍ ഹസയിലും രണ്ടുപേര്‍ ജുബൈലിലും ജയിലിലാണെന്നു റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് നേരത്തെ സൗദി ആരോഗ്യമന്ത്രാലയം ലൈസന്‍സ് നല്‍കിയിരുന്നവരാണിവര്‍. മുന്നും അഞ്ചും വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. ലൈസന്‍സ് പുതുക്കുന്നതിനു മുമ്പ് ഡേറ്റാ പുതുക്കിയപ്പോഴാണ് ഇവരുടെ മേല്‍ പിടിവീണത്. അതേസമയം പിടിവീഴുമെന്നു ഭയന്നു ചിലര്‍ ലൈസന്‍സ് പുതുക്കാതെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവടങ്ങളിലെ നഴ്‌സിങ് സ്ഥാപനങ്ങളില്‍നിന്നും ബിരുദമെടുത്തവരാണ് പിടിയായവരില്‍ ഏറെയും. ഈ സ്ഥാപനങ്ങളില്‍ പലതും ഇപ്പോള്‍ നിലവിലില്ല. അതേസമയം ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്കു മുമ്പ് സൗദിയിലെത്തിയ പലരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനല്‍ ആണെങ്കിലും ഇവര്‍ പഠിച്ച സ്ഥാപനങ്ങള്‍ നിലവിലില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി തെളിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.

അതിനിടെ നഴ്സിങ്, പാരാ മെഡിക്കല്‍, എന്‍ജിനീയറിങ് മേഖലയില്‍ ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകള്‍ക്ക് ഇതിനകം സൗദിയില്‍ ജോലി നഷ്ടമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ട്രാവല്‍ ഏജന്‍സി മുഖേന സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തവരും കുടുങ്ങിയവരില്‍ ഉണ്ട്. ഈ ഏജന്‍സികള്‍ അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായിരുന്നെന്നു തെളിഞ്ഞ സാഹചര്യത്തിലാണിത്. പരിശോധനയില്‍ പിടിക്കപ്പൈടുന്നവരെ അയോഗ്യരാക്കുന്നതോടൊപ്പം കരിമ്പട്ടികയില്‍പെടുത്തുകയും ജയില്‍ ശിക്ഷ നല്‍കിയശേഷം നാടുകടത്തുകയുമാണു പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button