NewsIndia

ആശുപത്രിയിലെത്തും മുൻപ് ജയലളിതയ്ക്ക് എന്തു സംഭവിച്ചു; ഗുരുതര ആരോപണവുമായി എ.ഐ.എ.ഡി.എം.കെ നേതാവ്

ചെന്നൈ: ശശികല തമിഴ്‍നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ ഗുരുതര ആരോപണങ്ങളുമായി എ.ഐ.എ.ഡി.എം.കെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാണ്ഡ്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ജയലളിത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സെപ്റ്റംബര്‍ 22ന് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായിയെന്നും തര്‍ക്കത്തില്‍ ആരോ ജയയെ പിടിച്ചുതള്ളിയെന്നും അദ്ദേഹം പറയുന്നു. തുടർന്ന് കുഴഞ്ഞുവീണ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും പാണ്ഡ്യന്‍ ആരോപിക്കുന്നു. മുതിര്‍ന്ന നേതാക്കളില്‍ നിന്നുപോലും ജയലളിതയുടെ ആരോഗ്യസ്ഥിതി മറച്ചുവച്ചെന്നും ഇത് കണ്ട് അദ്ഭുതം തോന്നിയെന്നും പാണ്ഡ്യന്‍ വ്യക്തമാക്കി . ശശികലയെ 2011 ല്‍ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും ജയലളിത പുറത്താക്കിയതാണ്. അങ്ങനെയൊരാള്‍ പിന്നീട് മാപ്പ് പറഞ്ഞ് കൂടെക്കൂടുകയും ഇപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശശികല മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് ജയലളിത തന്നെ തന്നോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശികലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച്‌ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പാണ്ഡ്യന്‍റെ ഈ ആരോപണങ്ങള്‍ എന്നത് തമിഴ്‍നാട്ടിലെ സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.
ശശികലയ്ക്കെതിരായ കേസുകള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് ചെന്നൈയിലെത്താതെ ഗവര്‍ണര്‍ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിധി വരുന്നതുവരെ ശശികലയുടെ സതൃപ്രതിജ്ഞ നടപ്പാക്കരുതെന്ന് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു.
കൂടാതെ ശശികലയുടെ മുഖ്യമന്ത്രി പദത്തിനെതിരെ തമിഴ് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സിനിമ മേഖലയിലും സാമൂഹികമാധ്യമങ്ങളിലും എതിര്‍പ്പ് കനക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ തമിഴ്‍ രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button