KeralaNews

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കോടിയേരിയുടെ താക്കീത്

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഭരണം കാര്യക്ഷമമല്ലെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരേ താക്കീതുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവിധ വകുപ്പുകളില്‍ ഫയല്‍നീക്കം നടക്കുന്നില്ലെന്നും മന്ത്രി ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു.
 
ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ സി.പി.എം ഇടപെടുന്നത്. ഭരണസ്തംഭനം ഒഴിവാക്കുകയാണ് ഉദ്ദേശ്യം. ഫയല്‍ നീക്കത്തിലെ മെല്ലെപ്പോക്ക് ഒരുതരത്തിലും അനുവദിക്കില്ലെന്നു വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങള്‍ക്കാണ് താക്കീതു നല്‍കിയത്. ഇവരുടെ പ്രത്യേക യോഗം ശനിയാഴ്ച വൈകിട്ട് എകെജി സെന്ററില്‍ വിളിച്ചുചേര്‍ത്തിരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രൂപീകരണത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറുന്ന പ്രശ്‌നമില്ലെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.
 
കെഎഎസ് രൂപീകരണവുമായി ബന്ധപ്പെട്ടു സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകള്‍ അപ്രഖ്യാപിത സമരത്തിലും സി.പി.എം സംഘടന മെല്ലെപ്പോക്കിലുമാണിപ്പോള്‍. ഇതാണ് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യത്തിന് കെഎഎസ് അനിവാര്യമാണെന്നു കോടിയേരി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനെ അറിയിച്ചു. ഭരണസ്തംഭനമെന്നു വരുത്താന്‍ പ്രതിപക്ഷ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. മുന്നണിയിലെ മറ്റു ചിലരും ഒപ്പമുണ്ട്. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ നീങ്ങിയില്ലെങ്കില്‍ അതു സംസ്ഥാനത്തൊട്ടാകെ ഭരണത്തില്‍ പ്രതിഫലിക്കും. അതിനാല്‍ ഇനിയും നിസ്സഹകരണം തുടര്‍ന്നാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കര്‍ശന നടപടിയെടുക്കേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button