Interviews

ഇ.അഹമ്മദിന്റെ മരണം : ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ നല്‍കിയേ മതിയാകൂ…

മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ ഉണ്ടായ സംഭവങ്ങളെ തുടര്‍ന്നുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്. ”ഫാഷിസം മരണക്കിടയില്‍ ” എന്ന സന്ദേശവുമായി 11 ന് എല്ലാ ജില്ലകളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ലീഗ് തയ്യാറെടുക്കുകയാണ്. ഈ അവസരത്തില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

?ഇ.അഹമ്മദ് സാഹിബിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച്…?

? ആശുപത്രി അധികൃതരുടെ പെരുമാറ്റം തീര്‍ത്തും ദൗര്‍ഭാഗ്യകരമായിപ്പോയി. അത്യന്തം വേദനാജനകമായ സംഭവങ്ങളാണ് അവിടെ ഉണ്ടായത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് തന്നെയാണ് നടന്നത്. ഡോക്ടറായ സ്വന്തം മകളെ കൂടി കാണാന്‍ അവര്‍ അനുവദിച്ചില്ല. ഇതിനെതിരെ രാജ്യം ഒന്നടങ്കം പ്രതിഷേധിച്ചിട്ടും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയേ മതിയാകൂ.

? മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ അങ്ങ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ വരുന്നല്ലോ…?

? ഈ വിഷയത്തില്‍ യാതൊരു ചര്‍ച്ചകളും പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. തീരുമാനങ്ങളും എടുത്തിട്ടില്ല. ഉചിതമായ സമയത്ത് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കും.

? ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്ത ബിജെപി നേതാക്കളെ സന്ദര്‍ശിച്ചത് വിവാദം ആയല്ലോ….?

? ഇക്കാര്യത്തില്‍ യാതൊരു വിവാദത്തിന്റെയും ആവശ്യം ഇല്ല. ഞങ്ങള്‍ ബിജെപി നേതാക്കളെ മാത്രമല്ല സന്ദര്‍ശിച്ചത്. അതിന് മുമ്പ് തന്നെ എസ്എഫ്ഐയുടെ സമരപന്തലില്‍ പോയിരുന്നു. സമരം ചെയ്ത വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ ഒക്കെ തന്നെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെയും കണ്ടു. ലോ അക്കാദമി സമരം ഒരു പൊതുവിഷയം ആയതിനാല്‍ സമരരംഗത്തുള്ള എല്ലാ നേതാക്കളെയും കണ്ടിരുന്നു.

ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളെ ലീഗ് നേതൃത്വം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button