Interviews

മാസം ഒമ്പത് ആയില്ലേ? എന്തെങ്കിലും പദ്ധതികള്‍ ഇവര്‍ നടപ്പാക്കിയോ? കേരളം കണ്ട ഏറ്റവും മോശം ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്

മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു മഞ്ഞളാംകുഴി അലിയുടെ ‘മന്ത്രി സ്ഥാനം’. ഇടത് സഹയാത്രികനായിരുന്ന അലി ആ ബാന്ധവം ഉപേക്ഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മുസ്ലീം ലീഗ് പ്രതിനിധിയായി നിയമസഭയില്‍ എത്തുകയും ചെയ്തു. മന്ത്രി സഭാരൂപീകരണ വേളയില്‍ ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലി ചുമതലയേല്‍ക്കുകയും കൂടി ചെയ്തതോടെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമായി. അലിയുടെ മന്ത്രി സ്ഥാനം സാമുദായിക ധ്രുവീകരണത്തിന് കാരണമായെന്ന് ആരോപിച്ച് ചില സംഘടനാ നേതാക്കള്‍ രംഗത്തെത്തി. എന്‍എസ്എസിന്റെ ‘താക്കോല്‍ സ്ഥാനം’ എന്ന ആവശ്യം ഉടലെടുത്തതും ഇതിനുശേഷമാണ്. എന്നാല്‍ ‘മന്ത്രി സ്ഥാനം’ വിവാദമായെങ്കിലും മന്ത്രിയായതിന് ശേഷമുള്ള അഞ്ച് വര്‍ഷവും മഞ്ഞളാംകുഴി അലി യാതൊരു വിവാദത്തിലും ഉള്‍പ്പെട്ടിട്ടില്ല. മാത്രമല്ല, തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയത്തിന് അപ്പുറമായി നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അതേസമയം , പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വികസനത്തിലെ ‘അലി ടച്ച് ‘ കൈമോശം വന്നെന്നാണ് നാട്ടുകാരുടെ പക്ഷം. ഈ സാഹചര്യത്തില്‍ മഞ്ഞളാംകുഴി അലി മനസ് തുറക്കുന്നു. ഒപ്പം , തന്നെ ചുറ്റിപറ്റിയുള്ള ചില ‘പുതിയ വിവാദങ്ങള്‍’ ക്കുള്ള മറുപടിയും പറയുന്നു. മുന്‍ മന്ത്രിയും ഇപ്പോഴത്തെ പെരിന്തല്‍മണ്ണ എംഎല്‍എയുമായ മഞ്ഞളാംകുഴി അലിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

?കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഒരു മന്ത്രി എന്ന നിലയില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു…?

? കേരളം കണ്ട ഏറ്റവും മോശം ഭരണമാണ് കഴിഞ്ഞ ഒമ്പത് മാസമായി നടക്കുന്നത്. റേഷന്‍ അരി പോലും കിട്ടാത്ത സാഹചര്യത്തിലേക്ക് കേരള ജനതയെ തള്ളിയിട്ടു. ക്ഷേമ പെന്‍ഷനുകള്‍ നിലച്ചു. ക്രമസമാധാനം താറുമാറായി. ഇവിടെ ഭരണം ഉണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഒന്ന് ചോദിക്കട്ടേ, എടുത്തു പറയേണ്ട ഒരു പദ്ധതിയെങ്കിലും ഈ സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയോ?

? മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നില്ലേ?

? തീര്‍ച്ചയായും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഒട്ടനവധി വികസന പ്രവസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നു. പലതും തുടങ്ങി വയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മെല്ലപ്പോക്കാണ്. എല്ലാ മണ്ഡലങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. സംസ്ഥാനത്ത് മൊത്തത്തില്‍ തന്നെ ഒരു വികസന മുരടിപ്പ് അനുഭവപ്പെടുകയാണ്.

? മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് അങ്ങയെ മാറ്റി നിര്‍ത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടല്ലോ…?

? ഇത്തരം വാര്‍ത്തകള്‍ ആരാണ് പ്രചരിപ്പിക്കുന്നത്? അവരോട് പരിതപിക്കാനേ കഴിയൂ. കാരണം, അങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഏതെങ്കിലും പരിപാടിക്ക് സംബന്ധിക്കാന്‍ പറ്റിയില്ലെങ്കില്‍ തന്നെയും അത് മറ്റ് തിരക്കുകള്‍ കൊണ്ട് മാത്രമാണ്.

? മണ്ഡലത്തിലെ മുസ്ലീം ലീഗ് നേതൃത്വവുമായി ഭിന്നതകള്‍ ഉണ്ടെന്നും കേള്‍ക്കുന്നു….?

?ഇല്ല. ഞങ്ങള്‍ക്കിടയില്‍ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. ലീഗ് നേതൃത്വം ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് പോകുന്നത്. മറിച്ചുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണ്.

? ഇ.അഹമ്മദ് സാഹിബിന്റെ നിര്യാണം മുസ്ലീം ലീഗിനെ സംബന്ധിച്ച് വലിയ ശൂന്യതയല്ലേ സൃഷ്ടിച്ചിരിക്കുന്നത്…?

വാക്കുകള്‍ക്കതീതമാണ്‌ നഷ്ടം. വളരെ ചെറിയ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി ലോകരാഷ്ട്രങ്ങളിലെല്ലാം സ്വന്തമായ വിലാസവും നാടിനും നാട്ടുകാര്‍ക്കും വേണ്ടുന്ന സഹായങ്ങളും ചെയ്യാന്‍ സാധിച്ച പ്രഗല്‍ഭനായ നേതാവാണ്‌ അഹമ്മദ്‌ സാഹിബ്‌. കര്‍മ്മനിരതമായ ആയുസ്സാണ്‌ അദ്ദേഹത്തിന്റെത്‌. ശാരീരികമായ അസ്വാസ്ഥ്യങ്ങളുണ്ടായിട്ടുപോലും അവസാന ദിവസവും
പാര്‍ലമെന്റിലേക്ക്‌ പടികയറിപ്പോവാന്‍ അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതയെ നാം എന്തുപേരിട്ടാണ്‌ വിളിക്കുക. ലോകത്തിന്‌ മുന്നില്‍ ഇന്ത്യയുടെ അഭിപ്രായം പറയുവാന്‍ മാത്രം വളര്‍ന്നിരുന്നു ഈ മുസ്‌ലീം ലീഗുകാരന്‍.

വളരെ അടുപ്പമുള്ള നേതാക്കളില്‍ പ്രിയപ്പെട്ടയാളാണ്‌ അഹമ്മദ്‌ സാഹിബ്‌. ഓരോരോ ഉത്തരവാദിത്തങ്ങള്‍ ചുമതലപ്പെടുത്തുന്ന രീതിയിലാണ്‌ സംസാരം. മണ്ഡലത്തിലെ ചടങ്ങുകളില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നാല്‍ ഇതുപോലെ പ്രയാസമുള്ള നേതാക്കള്‍ അപൂര്‍വ്വമാണ്‌. വികസന പദ്ധതികള്‍ ആവശ്യപ്പെടുമ്പോഴും ശുപാര്‍ശ ചെയ്യുമ്പോഴും അനുകൂലമായി പ്രതികരിച്ച മന്ത്രിയും എംപിയും നേതാവുമായിരുന്നു അദ്ദേഹം. മലബാറിന്റെയും മലപ്പുറത്തിന്റെയും പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളും തീരുമാനങ്ങളും നടപടികളും എക്കാലത്തും സ്‌മരിക്കപ്പെടും.

പ്രവാസികള്‍ക്ക്‌, പ്രാവാസി കുടുംബങ്ങള്‍ക്ക്‌ അത്താണിയായിരുന്നു അഹമ്മദ്‌ സാഹിബ്‌. ലോകത്തിന്റെ ഏതുമുക്കിലും മൂലയിലും എന്ത്‌ പ്രശ്നങ്ങള്‍ ഉണ്ടായാലും മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക അഹമ്മദ്‌ സാഹിബിനെയാണ്‌. അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ ആശ്വാസം ലഭിച്ച അനേകം പ്രവാസി കുടുംബങ്ങളുണ്ട്‌ നമുക്ക്‌ ചുറ്റിലും. ഗള്‍ഫുനാടുകളില്‍ പ്രവാസികള്‍ക്ക്‌ ഒരു വിലാസമുണ്ടാക്കിയത്‌ അദ്ദേഹമാണ്‌. അറേബ്യന്‍ ഭരണാധികാരികളുമായി അദ്ദേഹത്തിനുള്ള ബന്ധം നമ്മുടെയെല്ലാം ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്‌.

മുസ്‌ലീം ലീഗിന്‌ പകരമില്ലാത്ത നഷ്ടമാണ്‌ അഹമ്മദ്‌ സാഹിബിന്റെ വേര്‍പാട്‌. കേരളത്തിനും പാര്‍ലമെന്റിനും ഈ നഷ്ടം നികത്താനാവില്ല. പ്രശ്‌നങ്ങളെ അനായാസം കൈകാര്യം ചെയ്യുന്ന, വർത്തമാന സംഭവങ്ങളെ വസ്‌തുതാപരമായി സമീപിക്കുന്ന, ഊര്‍ജ്ജസ്വലനായ അഹമ്മദ്‌ സാഹിബ്‌ ഇനിയില്ല എന്നത്‌ നമുക്കെല്ലാം താങ്ങാനാവാത്ത വേദനയാണ്‌. പുതിയ ചിന്തകളും പുതിയ ആവേശവുമായിരുന്നു എപ്പോഴും അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മന്ത്രി മഞ്ഞളാംകുഴി അലിയെ സംബന്ധിച്ചടത്തോളം അഗ്നി പരീക്ഷയുടെ നാളുകള്‍ ആയിരുന്നു. അത് അദ്ദേഹം വിജയകരമായി തരണം ചെയ്യുകയും ചെയ്തു. അതേസമയം, എംഎല്‍എ നിലയില്‍ അത്രയും പരീക്ഷണങ്ങള്‍ അദ്ദേഹം നേരിടുന്നില്ല എന്നതാണ് സത്യം. പക്ഷേ, വിമര്‍ശനങ്ങളെ ചിരിച്ചുകൊണ്ട് അവഗണിക്കുന്ന മഞ്ഞളാംകുഴി അലിയുടെ പ്രവര്‍ത്തന ശൈലി അദ്ദേഹത്തെ മറ്റ് രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്ഥനാക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button