KeralaNews

ഡ്രൈവിംഗ് ലൈസന്‍സ് ഇനി പെട്ടെന്ന് കിട്ടില്ല : ടെസ്റ്റില്‍ കര്‍ശന വ്യവസ്ഥകള്‍ : ഉദ്യോഗാര്‍ത്ഥികള്‍ വിയര്‍ക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് പരീക്ഷയ്ക്ക് കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നു. പരീക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. ഡ്രൈവിങ് പരീക്ഷയില്‍ ‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍നിന്നു രണ്ടര അടിയായി കുറച്ചു.
വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന പതിവും ഇനി ഉണ്ടാകില്ല. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്‌സ് എടുക്കണം.

തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പിലാകും.

• കയറ്റത്തില്‍ ബുദ്ധിമുട്ടും

ഇപ്പോള്‍ ‘എച്ച്’ പരീക്ഷയ്ക്കുശേഷം റോഡ് പരീക്ഷ നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിര്‍ബന്ധമില്ല. ഉദ്യോഗസ്ഥന്റെ താല്‍പര്യമനുസരിച്ചു നിരപ്പായ പ്രദേശത്തു വാഹനം ഓടിച്ചു കാണിച്ചാലും മതിയാകും. പക്ഷേ, പുതിയ നിയമമനുസരിച്ചു കയറ്റത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ട് ഓടിച്ചുകാണിക്കണം. ഇതിനൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിക്കണം.

• റിവേഴ്‌സ് പാര്‍ക്കിങ്
രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്കിങ് ചെയ്യാനാകുമോയെന്നു പരീക്ഷിക്കുന്ന പരീക്ഷ. പുറം രാജ്യങ്ങളില്‍ ഈ പരീക്ഷ വ്യാപകം. നമുടെ നാട്ടിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണു പുതിയ പരീക്ഷ കൊണ്ടുവരുന്നത്.

• സെന്‍സറും ക്യാമറയും വ്യാപകമാകും

പരീക്ഷ നടത്തുന്നതിനു സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ചിലയിടങ്ങളില്‍ ക്യാമറകളുടെ സഹായത്തോടെ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് ഇതോടെ സംസ്ഥാന വ്യാപകമാക്കും. പരിശോധനയ്ക്കു സെന്‍സറുകളുമെത്തും.
റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണു പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button