Interviews

സി.പി.എമ്മിന്റെ ജനദ്രോഹ നയങ്ങള്‍ അനുവദിക്കില്ല; ” ഞങ്ങളുടെ പഞ്ചായത്തിലെ ജനങ്ങള്‍ ഈ നെറികേടിനെതിരെ ശബ്ദമുയര്‍ത്തും” : 445 ദിവസം കൊണ്ട് കൊള്ളയടിച്ചത് 24,72,425 രൂപ

മാധ്യമപ്രവര്‍ത്തകനും യൂത്ത് ലീഗ് മൂര്‍ക്കനാട് പഞ്ചായത്ത് ജോ.സെക്രട്ടറിയുമായ പി.എ അലിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

”വെളുക്കാന്‍ തേച്ചത് പാണ്ടായി” എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതുപോലെയാണ് മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥയും. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് രക്ഷ നേടാനാണ് കേരളത്തിലെ ജനങ്ങള്‍ ഇടത് മുന്നണിയില്‍ ശരണം പ്രാപിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതഫലമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അഴിമതി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളെയാണ്. ചില പഞ്ചായത്തുകള്‍ നടത്തിയ അഴിമതിയുടെ കണക്കുകള്‍ കേട്ടാല്‍ തന്നെ ഞെട്ടും. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പഞ്ചായത്തിന്റെ അഴിമതിക്കണക്കുകള്‍ സംസ്ഥാനമാകെ ചര്‍ച്ചയാവുന്നതാണ് പുതിയ വാര്‍ത്ത. കാരണം, 445 ദിവസം കൊണ്ട് നടത്തിയ അഴിമതി 24,72,425 രൂപയാണെന്ന് മുഖ്യ പ്രതിപക്ഷമായ മുസ്ലീം ലീഗ് കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു. മുസ്ലീം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ യൂത്ത് ലീഗ് മൂര്‍ക്കനാട് പഞ്ചായത്ത് ജോ.സെക്രട്ടറി പി എ അലി കൊളത്തൂരുമായി ,രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

? മൂര്‍ക്കനാട് പഞ്ചായത്ത് ഭരണസമിതി നടത്തിയ അഴിമതിയുടെ കണക്കുകള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രതിപക്ഷം എന്ന നിലയില്‍ ലീഗ് എങ്ങനെ പ്രതികരിക്കും?

?മൂർക്കനാട്‌ പഞ്ചായത്ത്‌ ഭരണ സമിതിയുടെ ജനദ്രോഹ നടപടികൾക്കെതിരെ പോരാട്ട വഴിയിലാണിന്ന് മുസ്ലിം ലീഗ്‌. അഴിമതിയും, സ്വജനപക്ഷപാതവും, പിടിപ്പ്‌ കേടും, അധികാര ദുർവിനിയോഗവും മൂർക്കനാട്‌ പഞ്ചായത്തിലെ ജന ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. അധികാര ഹുങ്ക്‌ ബാധിച്ച പഞ്ചായത്ത്‌ ഭരണാധികാരികള്‍ക്കെതിരെ തിരുത്തെഴുതാനാണ്‌ ജനപക്ഷത്ത്‌ നിന്ന് ലീഗ്‌ പോരാടുന്നത്‌. പഞ്ചായത്തിലെ ജനങ്ങളുടെ നികുതിപണം പിടുങ്ങി അഴിമതിയിൽ മുങ്ങിക്കുളിച്ചൊരു ഭരണമാണിന്നിവിടെ നടക്കുന്നതെന്നത്‌ അരോചകമാണ്‌. നെറികേടുകളോട്‌ സന്ധിയാവാൻ ഈ നേരിന്റെ സംഘത്തിനാവില്ല. നേരില്ലാത്ത ആരോപണങ്ങളുന്നിയിക്കാനും ഞങ്ങളൊരുക്കമല്ല. വിവരാവകാശം വഴി മൂർക്കനാട്‌ പഞ്ചായത്ത്‌ ഓഫീസ്‌ ഉദ്യോഗസ്ഥരിൽ നിന്നും കൈപറ്റിയ രേഖകൾ അമ്പരിപ്പിക്കുന്നതാണ്‌. ആ രേഖകളാണ്‌ പഞ്ചായത്ത്‌ മാർച്ച്‌ നടത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതും.

? ഏതൊക്കെ മേഖലയിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്?

മൂർക്കനാട്‌ പഞ്ചായത്ത്‌ എൽ.ഡി.എഫ്‌ ഭരിക്കാൻ തുടങ്ങിയിട്ട്‌ ദിവസം 445 ആകുന്നേ ഒള്ളൂ. 24,72,425 രൂപയുടെ അഴിമതിയാണ്‌ ഈ ചെറിയ കാലത്തിനകം ഇക്കൂട്ടർ ചെയ്ത്‌ കൂട്ടിയത്‌. ഇവരെ കൊള്ള സംഘം എന്നല്ലാതെ മറ്റെന്താണ്‌ വിളിക്കാണ്‌. അഴിമതി ഏതൊക്കെ രംഗങ്ങളിലാണെന്ന് പറയാം.

1. കുടിവെള്ള വിതരണം.

മൂർക്കനാട്‌ പഞ്ചായത്ത്‌ കാര്യാലയത്തിൽ നിന്നും വിവരാവകാശ നിയപ്രകാരം ലഭിച്ച രേഖയുടെ അടിസ്ഥാനത്തിൽ 7,65,385 രൂപയുടെ ക്രമക്കേടുകളാണ്‌ കാണുന്നത്‌. കഴിഞ്ഞ വേനലിൽ കുടിവെള്ള വിതരണം നടത്തിയ കണക്കാണിത്‌. കൊളത്തൂർ, മൂർക്കനാട്‌ മേഖലയിൽ രണ്ട്‌ സ്വകാര്യ വ്യക്തികൾ വിതരണം ചെയ്ത കുടിവെള്ളമാണ്‌ പഞ്ചായത്താണ്‌ വിതരണം ചെയ്തതെന്ന് പറഞ്ഞിരിക്കുന്നത്‌. വിവരാവകാശപ്രകാരം ആ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങളിലാണ്‌ വെള്ളം വിതരണം ചെയ്തതായി കാണുന്നത്‌. ഭരണ പക്ഷ അംഗങ്ങളുടെ വാർഡുകളിലാണ്‌ കുടിവെള്ള വിതരണം നടത്തിയിരിക്കുന്നതെന്നും രേഖകൾ നോക്കിയാൽ വ്യക്തമാണ്‌. ഒരു ലിറ്റർ പോലും കുടിവെള്ളം കൈപറ്റാത്ത കുടുംബങ്ങളുടെ പേരിൽ ആയിരക്കണക്കിന്‌ ലിറ്റർ വിതരണം ചെയ്തു എന്നും വിവരാവകാശം കിട്ടിയ രേഖൾ പറയുന്നു. ആന്തൂർ മജീദ്‌ എന്നയാൾക്കാണ്‌ കുടിവെള്ള വിതരണത്തിന്‌ പഞ്ചായത്ത്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. എന്നാൽ മുകളിൽ പറഞ്ഞ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങളിലാണ്‌ കുടിവെള്ളം വിതരണം ചെയ്തിരിക്കുന്നത്‌.ക്രമക്കേടുകൾ വിജലൻസ്‌ അന്വേഷിക്കണം.കൊടുക്കാത്ത കുടിവെള്ളത്തിന്‌ കൈപറ്റിയ മുഴുവൻ പണവും തിരിച്ച്പിടിക്കണം.

2. വാട്ടർടാങ്ക്‌ വിതരണം

എം.ടി സലീന ടീച്ചർ പ്രസിഡന്റായ പഞ്ചായത്ത്‌ ഭരണ സമിതി പഞ്ചായത്തിലെ മുഴുവൻ പട്ടിക ജാതി കുടുംബങ്ങൾക്കും കുടിവെള്ളം സംഭരിച്ച്‌ വെക്കാനായി ഫൈബർ ടാങ്ക്‌ വിതരണം ചെയ്യാൻ പ്രൊജക്ട്‌ നമ്പർ 75/17 പ്രകാരം പ്രൊജക്ട്‌ വെച്ചിരുന്നു.ഗുണഭോക്തൃവിഹിതം ഇല്ലാത്ത ഈ പ്രൊജക്ക്ടിലും എൽ.ഡി.എഫ്‌ ഭരണ സമിതി അഴിമതി നടത്തിയിരിക്കുന്നു. എന്നാൽ അത്‌ യഥാസമയം വിതരണം ചെയ്യുന്നതില്‍ അലംഭാവം കാണിച്ചു എന്ന് മാത്രമല്ല പട്ടിക ജാതി ഗുണഭോക്താക്കളിൽ നിന്ന് 460രൂപ വീതം ഗുണഭോക്തൃ വിഹിതം മെമ്പർമാർ മുഖേന വാങ്ങിയിരിക്കുന്നു എന്നതാണ്‌ വാർത്ത. 230 എസ്‌.സി കുടുംബങ്ങളിൽ നിന്നും സൗജന്യമായി വിതരണം ചെയ്യേണ്ട ഫൈബർ ടാങ്ക്‌ വിതരണം വഴി 1,05,800 രൂപയാണ്‌ പഞ്ചായത്ത്‌ പിടിച്ചെടുക്കുന്നത്‌. ഇതേത്‌ അക്കൗണ്ടിൽ ചേർക്കുവോ എന്തോ?? ഭരണകൂടം മറുപടി പറയണം. സമഗ്രമായ അന്വേഷണം നടത്തണം.എസ്‌.സി കുടുംബങ്ങൾക്ക്‌ സൗജന്യമായി തന്നെ വാട്ടർ ടാങ്ക്‌ കിട്ടണം.

3. തടയണ നിർമ്മാണം.

കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമായി ഈ വേനലിലാണ്‌ കുന്തുപ്പുഴക്ക്‌ കീഴെ മൂർക്കനാട്‌ വടക്കുമ്പുറം കാരാംകടവിൽ ഒരു താൽക്കാലിക തടയണ നിർമ്മിക്കാൻ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനമെടുത്തത്‌. ഈ തീരുമാനത്തിന്റെ സദുദ്ദേശത്തെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അതിലെ തീവെട്ടിക്കോള്ളയിൽ അമർഷവും രേഖപ്പെടുത്തട്ടെ!
മണൽ ചാക്കുകൾ കൊണ്ടാണ്‌ തടയണ നിർമ്മിച്ചിരിക്കുന്നത്‌. നാല്‌ വരി മണൽ ചാക്കും അതിനെ ബലപ്പെടുത്താൻ പകുതി ഭാഗം വരെ മറ്റൊരു നാല്‌ വരിയും. ഇങ്ങനെയാണ്‌ ബണ്ട്‌ നിർമ്മിതി. ഒരു വരിയിലെ മണൽ ചാക്കുകളുടെ എണ്ണം 178. ബണ്ട്‌ നിർമ്മാണത്തിനായി എടുത്ത മണൽ ചാക്കുകൾ 2848 . ഇതിന്‌ പഞ്ചായത്ത്‌ ചെലാവാക്കിയ തുക 15 ലക്ഷം. കുന്തിപ്പുഴയിൽ നിന്ന് 2848 മണൽ ചാക്കുകളിൽ മണൽ നിറച്ച്‌ താൽക്കാലിക തടയണ നിർമ്മാണത്തിന്‌ പഞ്ചായത്ത്‌ ചെലവാക്കിയ തുകയാണ്‌ 15 ലക്ഷം. ഒരു ചാക്കിന്‌ 50 രൂപ നിരക്കിൽ ഇതിന്‌ വരുന്ന തുക വെറും 1,42,400 രൂപയാണെന്നത്‌ കൂട്ടിവായിക്കണം. ലക്ഷങ്ങളുടെ അപാകതകാളണിത്‌ കാണിക്കുന്നത്‌. സമഗ്ര അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്.

4. തെരുവ്‌ വിളക്ക്‌ അഴിമതി.

തെരുവ്‌ വിളക്ക്‌ സ്ഥാപിക്കുന്നതിനായി കരാറ്‌ കൊടുക്കാൻ പഞ്ചായത്ത്‌ ഭരണ സമിതി ടെണ്ടർ വിളിച്ചിരുന്നു,അത്‌ പ്രകാരം ടെണ്ടറുകൾ കൈപറ്റിയിട്ടുമുണ്ട്‌. എന്നാൽ തെരുവ്‌ വിളക്ക്‌ സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ കരാറ്‌ കാരൻ നൽകിയതിനേക്കാൾ കുറവുള്ള കൊട്ടേഷനുകൾ അംഗീകരിച്ചില്ല .അതായത്‌ കിട്ടിയ ലീസ്റ്റ്‌ കൊട്ടേഷനേക്കാളും 300 രൂപ സ്ട്രീറ്റ്‌ ലൈറ്റ്‌ ഒന്നിന്‌ അധികമായ കൊട്ടേഷനാണ്‌ കരാറ്‌ ലഭിച്ചതെന്ന് സാരം. 705 സ്ട്രീറ്റ്‌ ലൈറ്റ്‌ സ്ഥാപിക്കാനാണ്‌ കരാർ. അതായത്‌ തെരുവ്‌ വിളക്ക്‌ സ്ഥാപിക്കുന്നതിലും 2,11,500 രൂപയുടെ ക്രമക്കേടുകളുണ്ടെന്ന് സാരം.

? പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പ്‌കേടും ചര്‍ച്ചയാവുകയാണല്ലോ?

? എൽ.ഡി.എഫിന്റെ പിടിപ്പ്‌ കേട്‌ മൂലം കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്ത്‌ ക്ഷേമ പെൻഷൻ ലഭിച്ചിരുന്ന 200 ലധികമാളുകൾ ഇന്ന് പെൻഷ ലിസ്റ്റിന്‌ പുറത്താണ്‌. നിത്യരോഗികളും, ശാരീരിക അവശതകളുള്ള വയോജനങ്ങളും അടങ്ങിയവരുടെ പെൻഷനാണിവർ നിഷേധിച്ചിരിക്കുന്നത്‌.ആധാറില്ല എന്നാണതിന്‌ നൽകുന്ന മറുപടി. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവ്‌ പ്രകാരം ഇത്തരം ആളുകളുടെ വീട്ടിൽ പോയി അവർക്ക്‌ പഞ്ചായത്ത്‌ ഭരണകൂടം ആധാർ നൽകണമെന്നതാണ്‌.മൂർക്കനാട്‌ പഞ്ചായത്ത്‌ ഭരണകൂടത്തിന്റെ പിടിപ്പ് കേടുമൂലം 200 ലധികം വരുന്ന സാധു ജനങ്ങൾക്ക്‌ പെൻഷൻ നിഷേധിക്കപ്പെട്ടിരിക്കുകയാണ്‌. ഇവരുടെ വീടുകളിൽ പോയി ആധാർ കൊടുത്ത്‌ അവർക്ക്‌ നിഷേധിക്കപ്പെട്ട്‌ പെൻഷൻ ഉടൻ നടപ്പിലാക്കണം.

? ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിനും മൂര്‍ക്കനാട് പഞ്ചായത്ത് കുപ്രസിദ്ധി നേടിയല്ലോ?

? 2016-17 വാർഷിക പദ്ധതിയിൽ പ്രതിപക്ഷ വാർഡുകളിലെ റോഡുകൾക്ക് 4 ലക്ഷം രൂപ മാത്രം എന്നാൽ,ഭരണപക്ഷവാർഡുകളിലെ റോഡുകൾക്ക് അഞ്ചര ലക്ഷം മുതൽ ഏഴേകാൽ ലക്ഷം രൂപ വരെ വകയിരുത്തി.2017-18 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ആദ്യ വർക്കിങ്ങ് ഗ്രൂപ്പ് യോഗത്തിൽ 285 ആളുകളെ ക്ഷണിച്ചപ്പോൾ പ്രതിപക്ഷത്തുനിന്നും വെറും 9 ആളുകളെ മാത്രം ഉൾപ്പെടുത്തി.കഴിഞ്ഞ വർഷം വർക്കിങ്ങ് ഗ്രൂപ്പിലുണ്ടായിരുന്നവരെ മുഴുവൻ ഒഴിവാക്കി.ആറാം വാർഡിൽ നിന്നും ഒരാളെ പോലും ഉൾപ്പെടുത്തിയില്ല.പ്രതിഷേധം ശക്തമായപ്പോൾ വർക്കിങ്ങ് ഗ്രൂപ്പിന്റെ തലേ ദിവസം രാത്രി സ്റ്റാഡിങ്ങ് കമ്മറ്റി ചെയർമാൻ കുറച്ച് പേരെ ചേർക്കാമെന്ന ഔദാര്യം വെച്ച് നീട്ടുകയുണ്ടായി. പ്രതിപക്ഷത്തെ പറ്റെ അവഗണിച്ച് കൊണ്ട് നടത്തിയ വർക്കിങ്ങ് ഗ്രൂപ്പിലാകട്ടെ വളരെ കുറച്ച് പേർ മാത്രമാണ് ഹാജറായത്. പതിനൊന്നര മണിക്ക് തുടങ്ങി ഒരു മണിക്ക് അവസാനിച്ച ഒരു പ്രഹസനമാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം. സ്വജനപക്ഷപാതം ഇനി അനുവദിക്കില്ല.

? പഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നാണ് മുസ്ലീം ലീഗിന്റെ മറ്റൊരു ആരോപണം?

? ശരിയാണ്. നീണ്ട ഇടവേളക്ക് ശേഷം ഇന്നലെയാണ്‌ പുതിയ സെക്രട്ടറി ചാർജ്ജെടുത്തത്‌ ഒരു വർഷത്തിന് ശേഷം അസിസ്റ്റന്റ് സെക്രട്ടറി ചുമതലയേറ്റത് കഴിഞ്ഞ ആഴ്ചയാണ്. അക്കൗണ്ടന്റ് ഇല്ല, ഹെഡ് ക്ലാർക്ക് ഇല്ല, യു ഡി.ക്ലാർക്ക് ഇല്ല, ഓവർസിയർ ഇല്ല. ഇതിനാൽ ജനങ്ങളുടെ ഒരു കാര്യവും നടക്കുന്നില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാര നടപടികൾ കൊണ്ട് പഞ്ചായത്തിലേക്ക് ഉദ്യോഗസ്ഥർ വരുന്നില്ല എന്നതാണ് സത്യം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ ജനങ്ങളെ ശരിയാക്കുകയാണ്.

2016-17 ഫണ്ട്‌ അവലോകനം നടന്നപ്പോൾ മലപ്പുറം ജില്ലയിലെ ഏറ്റവും പിന്നിൽ നിൽക്കുന്ന പഞ്ചായത്തെന്ന ദുഷ്പേരാണ് മൂർക്കനാട് പഞ്ചായത്ത് സ്വന്തമാക്കിയത്. കൂടാതെ കൃഷി ഓഫീസർമ്മാരുടെ ഫണ്ട്‌ വിനിയോഗ മീറ്റിങ്ങിലും അവസാന സ്ഥാനമാണ് മൂർക്കനാട്‌ പഞ്ചായത്തിന് ലഭിച്ചത്. ഇതുകൊണ്ടൊക്കെ തന്നെ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെയുള്ള ലീഗിന്റെ സമരങ്ങള്‍ക്ക് ഭരണകക്ഷിയില്‍ ഉള്ളവര്‍ പോലും രഹസ്യമായി പിന്തുണ നല്‍കുന്നു എന്നാണ് കേള്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button