Interviews

സദാചാര പോലീസിന് കനത്ത മറുപടി നല്‍കി മലപ്പുറത്ത് നിന്നൊരു വാര്‍ത്ത: ആണും പെണ്ണും ട്രാന്‍സ്ജന്ററും ഒരുമിച്ചു ഫുട്ബോള്‍: മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് വിദേശ മാധ്യമ പ്രവര്‍ത്തകര്‍ വരെ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജെന്റര്‍ വിഷയ സമിതി മലപ്പുറം ജില്ലാ കണ്‍വീനര്‍ പി.വൃന്ദയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

ഇക്കഴഞ്ഞ ഫെബ്രുവരി 10 ന് മലപ്പുറം ജില്ല സാക്ഷ്യം വഹിച്ചത് വളരെ വ്യത്യസ്ഥമായ ഒരു സംഭവത്തിനാണ്. സംഭവം എന്നാല്‍ ഒരു ഫുട്ബോള്‍ മത്സരം മാത്രം! അതാകട്ടേ ലോക ശ്രദ്ധ നേടുകയും ചെയ്തു. അതിന് കാരണം ഈ മത്സരത്തിന്റെ പ്രത്യേകത ആയിരുന്നു. കളിക്കളത്തിലെ തുല്യ നീതി എന്ന മുദ്രാവാക്യം ഉയര്‍ത്തി ആണും പെണ്ണും ട്രാന്‍സ്ജന്ററും ഒരുമിച്ച് അണിചേര്‍ന്ന മത്സരമായിരുന്നു ഇത്. ഇത്തരത്തിലൊരു മത്സരം ഇന്ത്യയില്‍ തന്നെ ആദ്യവും. ഒരു മത്സരം എന്നതിലുപരി, കേരളത്തില്‍ ഈ സംഭവത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ട്. വര്‍ദ്ധിച്ചു വരുന്ന സദാചാര അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴാണ് ഇത്തരത്തില്‍ ഒരു ചുട്ടമറുപടി കിട്ടേണ്ടവര്‍ക്ക് കിട്ടിയത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ഈ വ്യത്യസ്ഥമായ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത്. സമകാലിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വിഷയങ്ങളിൽ കൃത്യമായ രേഖപ്പെടുത്തലുകൾ നടത്തുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ പറ്റിയും ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോള്‍ മത്സരത്തെ പറ്റിയും പ്രോഗ്രാമിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായി പ്രവര്‍ത്തിച്ച പി.വൃന്ദ സംസാരിക്കുന്നു. പെരിന്തല്‍മണ്ണ പാതായ്ക്കര വില്ലേജ് ഓഫീസര്‍ കൂടിയായ പി.വൃന്ദയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

? കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ പറ്റി കൂടുതല്‍ അറിയാന്‍ വായനക്കാര്‍ ആഗ്രഹിക്കുന്നു…?

?’ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ‘ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് 1962 ല്‍ രൂപം കൊണ്ട പ്രസ്ഥാനമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാധാരണ ജനങ്ങളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുകയാണ് പരിഷത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പ്രധാനം. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പാരിസ്ഥിതിക വനിതാ മേഖലകളില്‍ കൃത്യമായ പഠനത്തോടെ ഇടപെടലുകൾ നടത്താനും ജനകീയ വികസന ബദലുകൾ നിർദ്ദേശിക്കാനും സംഘടനക്ക് കഴിയുന്നു. ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം കൂടിയാണിത്. യൂണിറ്റ് , മേഖല, ജില്ലാ, സംസ്ഥാനം എന്നിങ്ങനെയാണ് സംഘടനയുടെ ചട്ടക്കൂട്ട്. കേരളത്തിന് പുറത്ത് ആള്‍ ഇന്‍ഡ്യ പീപ്പിള്‍സ് സയന്‍സ് നെറ്റ് വര്‍ക്ക് ഉം ഇന്ത്യക്ക് പുറത്ത് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പ്രവര്‍ത്തിക്കുന്നു. റൈറ്റ് ലിവ് ലി ഹുഡ് അവാര്‍ഡ് (1996) രാജീവ് ഗാന്ധി പര്യാവരൺ പുരസ്കാർ (1988) എന്നീ ബഹുമതികളും പരിഷത്തിന് ലഭിക്കുകയുണ്ടായി. പരിഷത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ, മാസികകൾ എന്നിവയുടെ പ്രചരണമാണ് വരുമാനം മാര്‍ഗ്ഗം. കൂടാതെ ഐ.ആര്‍.ടി.സി (ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍) എന്ന സ്ഥാപനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ റിസർച്ച് സെന്ററായി 1987 ൽ തുടങ്ങി. മാലിന്യ സംസ്കരണം, ജലസംരക്ഷണം, മഴവെള്ള സംഭരണി, സോപ്പ് നിർമാണം, മണ്ണ് സംരക്ഷണം, ഊർജ സംരക്ഷണം, വിവിധ ടെക്നോളജി കളിൽ പരിശീലനം, ഗ്രാമീണ വികസന പ്രൊജക്റ്റ്, തുടങ്ങിയവ ഐആര്‍ടിസി യുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.

yu

? പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

?കേരളത്തിൽ സാക്ഷരതാ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു. ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ ജനകീയാസൂത്രണ പ്രസ്ഥാനം , ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി എന്നിവ പരിഷത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു. പശ്ചിമഘട്ട സംരക്ഷണ പ്രൊജക്റ്റ് , ഇപ്പോൾ നടത്തുന്ന പരിസ്ഥിതി സംരക്ഷണം, ആരോഗ്യമേഖല, ഊർജം, ജെന്റർ -വിദ്യാഭ്യാസ മേഖലകളിലെ ഇടപെടലുകൾ, യൂറിക്ക, ശാസ്ത്രകേരളം മാസികകൾ, കുട്ടികൾക്കായുള്ള വിജ്ഞാനോൽസവങ്ങൾ , കേരള വികസന പ്രൊജക്റ്റുകൾ എന്നിവയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തന മേഖലകളാണ്. ശാസ്ത്ര കലാജാഥകൾ , ശാസ്ത്ര സാംസ്കാരികോൽസവങ്ങൾ, യുവസംഗമം, സംവാദങ്ങൾ, ഗ്രാമോൽസവങ്ങൾ , ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും വനിതാ കൂട്ടായ്മകള്‍, സ്ത്രീ സൗഹൃദ വാർഷിക പ്രൊജക്ടുകൾ എന്നിവയും നടത്തി വരുന്നു.

? ജെന്റര്‍ – ന്യൂട്രല്‍ ഫുട്ബോള്‍ മത്സരം ! ഇതൊരു പുതിയ സംഭവമാണല്ലോ?

?സമത്വം എന്നത് ഇനിയും യാഥാര്‍ത്ഥ്യമാകാത്ത ഒരു സത്യമാണ്. അതിനുള്ള മറുപടി കൂടിയായിരുന്നു ഈ ഫുട്ബോള്‍ മത്സരം.

ആൺ കളിയായി വിവക്ഷിക്കപ്പെടുന്ന ഫുട്ബോൾ മത്സരം തെരഞ്ഞെടുത്തത് തന്നെ ആൺ – പെൺ സമത്വം എന്താണെന്ന് കളിക്കളത്തിൽ കൂടി കാണിച്ചു കൊടുക്കാനായിരുന്നു. അവരുടെ കൂടെ ട്രാന്‍സ്ജന്റേഴ്സും കൂടി ചേര്‍ന്നപ്പോള്‍ പൂര്‍ണ്ണ സമത്വം ആയി. ആണും പെണ്ണും ട്രാൻസ്ജെന്ററും ഒരേ ടീമിൽ കളിക്കുന്നത് തന്നെ ഒരു ചരിത്രമായി മാറുകയായിരുന്നു. കളിക്കളത്തിലും ജനാധിപത്യം തുറക്കുക വഴി മലപ്പുറത്തിന്റെ മണ്ണില്‍ നിന്ന് സമത്വത്തിന്റെ പുതിയ വിചാരങ്ങളാണ് പങ്കുവെച്ചത്.

01

? ഇത്തരമൊരു മത്സരം പൊതുസമൂഹം എങ്ങനെ സ്വീകരിച്ചു?

വളരെ നല്ല സഹായ സഹകരണമാണ് ഇക്കാര്യത്തില്‍ ലഭിച്ചത് . സ്പോര്‍ട്സ് കൗണ്‍സില്‍ , മറ്റ് പൊതു പ്രസ്ഥാനങ്ങൾ, യുവജനപ്രസ്ഥാനങ്ങള്‍, മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾ തുടങ്ങി എല്ലാവരും പ്രോത്സാഹനങ്ങള്‍ നല്‍കി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോള്‍ മത്സരം നടന്നത്. ഇംഗ്ലണ്ട് , ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുവരെ റിപ്പോര്‍ട്ടര്‍മാര്‍ വന്നിരുന്നു.

ഇത്തരത്തിലുള്ള മുന്നേറ്റമാണ് സമൂഹത്തില്‍ ഉണ്ടാകേണ്ടത്. കേട്ടുകേള്‍വി പോലുമില്ലാത്ത പല സംഭവങ്ങള്‍ക്കും സാക്ഷര കേരളം സാക്ഷ്യം വഹിക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ മലയാളികള്‍ ആഗ്രഹിക്കുന്നു. ധീരമായ തീരുമാനങ്ങളും അത് നടപ്പിലാക്കാനുള്ള ആര്‍ജ്ജവവും ഉണ്ടെങ്കില്‍ കേരള ജനത ഇത്തരം മുന്നേറ്റങ്ങളുടെ ഭാഗമാവുകയും ചെയ്യും.

Tags

Related Articles

Post Your Comments


Back to top button
Close
Close