NewsInternational

ഭീകരതയ്ക്ക് തൂക്കിലേറ്റിയ ആള്‍ പാകിസ്ഥാനില്‍ വിശുദ്ധന്‍

ബാരാകാഹു: പാകിസ്ഥാനില്‍ ഭരണകൂടം തൂക്കിലേറ്റിയ ഭീകരനെ വിശുദ്ധനാക്കി ആരാധന നടത്തുന്ന ഒരു ഇസ്ലാമിക പള്ളി. കേൾക്കുന്നവർക്ക് വിശ്വസിക്കാൻ അൽപം ബുട്ടിമുട്ടായിരിക്കും. പക്ഷെ സത്യമാണ്. ഇസ്‌ളാമാബാദിലാണ് ഭീകരനെ വിശുദ്ധനാക്കി ആരാധിക്കുന്ന പള്ളി ഉള്ളത്. അനേകരാണ് പാകിസ്ഥാന്‍ കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയ മുംതാസ് ക്വാദ്രി എന്ന ഭീകരന്റെ കല്ലറയുള്ള പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ എത്തിയത്.

മതനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പരിഷ്‌ക്കാരം ആവശ്യപ്പെട്ടതിന് കടുത്ത എതിര്‍പ്പിനിരയായ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ ടസീറിനെ 2011 ല്‍ കൊലപ്പെടുത്തിയതിനായിരുന്നു ക്വാദ്രിയെ തൂക്കിലേറ്റിയത്. 2016 ഫെബ്രുവരി 29 നായിരുന്നു ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ദിനം നീണ്ട ചരമവാര്‍ഷികമാണ് അനുയായികള്‍ നടത്തുന്നത്. നാല് ലക്ഷം പേരാണ് ക്വാദ്രിയുടെ ഓര്‍മ്മപ്പെരുന്നാളില്‍ പള്ളിയില്‍ എത്തിയത്. ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ക്വാദ്രിയുടെ പിതാവ് മാലിക് ബഷീര്‍ അവാന്‍ ആണ്. പ്രാര്‍ഥനകളിലും വിരുന്നു സല്‍ക്കാരത്തിലും മാത്രം 200 ലധികം പേര്‍ പങ്കെടുത്തു. പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന കവാടങ്ങളിലൂടെയായിരുന്നു ആള്‍ക്കാര്‍ വന്നതും പോയതും. വിവിധ ഇസ്‌ളാമിക പുരോഹിതരുടെ പ്രഭാഷണം ഉള്‍പ്പെടെ ബുധനാഴ്ച നടക്കുന്ന സമ്മേളനങ്ങളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

അതേസമയം ക്വാദ്രിയെ ഭീകരനാണെന്ന് കണ്ടെത്തി തൂക്കിക്കൊല്ലാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ അയാള്‍ക്ക് വെണ്ണക്കല്ലില്‍ ശവകുടീരം തീര്‍ക്കുന്നതിനെയോ പള്ളി പണിയുന്നതിനേയോ എതിര്‍ത്തില്ലെന്ന ആരോപണം ശക്തമാണ്. അതിര്‍ത്തിയില്‍ കുടുംബ വക സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ള ഇവിടേയ്ക്ക് ദിവസവും ഡസന്‍ കണക്കിന് വിശ്വാസികളാണ് പുഷ്പങ്ങളും ഇലകളുമായി എത്തുന്നത്. ക്വാദ്രിയുടെ കുടുംബവും മകനെ ജനങ്ങള്‍ വിശുദ്ധനായി കരുതുന്നത് തടയുന്നുമില്ല. പകരം ഇവിടെ ഒരു മദ്രസ പണിയാന്‍ ഉദ്ദേശിക്കുകയാണ്. മദ്രസ നിര്‍മ്മാണത്തിനായി പിതാവിന്റെ പേരില്‍ ഇതിനകം സംഭാവനകളുടെ കുത്തൊഴുക്കുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button