India

പിണറായിയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ആര്‍എസ്എസ് നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

ഉജ്ജയിന്‍ : കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവും പ്രചാര്‍ പ്രമുഖുമായ കുന്ദന്‍ ചന്ദ്രാവത്തിനെതിരെയാണ് മലയാളികളുടെ ഫേസ്ബുക്ക് പ്രതിഷേധം. ഉജ്ജയനില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേരള മുഖ്യമന്ത്രിയ്‌ക്കെതിരായ വിവാദ പ്രസംഗം. കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതിന്റെ പ്രതികാരമായി പിണറായി വിജയനെ വധിക്കണമെന്നായിരുന്നു ആഹ്വാനം.

കുന്ദന്‍ ചന്ദ്രാവത്തിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി നൂറുകണക്കിനു പേരാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരണം രേഖപ്പെടുത്തുന്നത്. പിണറായിയെയും സിപിഎമ്മിനെയും അനുകൂലിച്ചും കുന്ദന്‍ ചന്ദ്രാവത്തിനെയും ആര്‍എസ്എസിനെയും പരിഹസിച്ചുമാണ് കമന്റുകളും പിക്ചര്‍ കമന്റുകളുമെല്ലാം. ഇതില്‍ അസഭ്യ പ്രയോഗങ്ങളും നിരവധിയുണ്ട്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനം വാര്‍ത്തയായി വരുന്നത്. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കുന്ദന്‍ ചന്ദ്രാവത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്‌ററ് ചെയ്തിരിക്കുന്ന പ്രസംഗ വീഡിയോയ്ക്കു കീഴില്‍ വന്നത് രണ്ടായിരത്തി അഞ്ഞൂറോളം കമന്റുകളാണ്. കൂടാതെ, ഇതു സംബന്ധിച്ച് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

Related Articles

Post Your Comments


Back to top button