KeralaNews

കെപിസിസി പ്രസിഡന്റ്: ഹസനുവേണ്ടി എ ഗ്രൂപ്പ്, പറ്റില്ലെന്ന് ഐ

തിരുവനന്തപുരം: ഒന്നിച്ചു നിന്നു പോരാടി വി.എം.സുധീരനെ കെപിസിസി അധ്യക്ഷസഥാനത്തു നിന്ന് പുറത്തുചാടിച്ച സംസ്ഥാന കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ വീണ്ടും തമ്മിലടി തുടങ്ങി. സുധീരന്റെ പിന്‍ഗാമിയെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. മുതിര്‍ന്ന വൈസ് പ്രസിഡന്റ് എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ വാദം. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ ഐ ഗ്രൂപ്പ് പുതിയ അധ്യക്ഷന്റെ കാര്യം പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന നിലപാടിലാണ്.

പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പിനായ സ്ഥിതിക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. എന്നാല്‍ ഹസന് ചുമതല നല്‍കുന്നതിനെ ഐ ഗ്രൂപ്പ് ഒന്നടങ്കം എതിര്‍ക്കുകയാണ്. കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ഹസന് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.

മപ്പുറം ഉപതെരഞ്ഞെടുപ്പ് വരെ ഹസന് താല്‍ക്കാലിക ചുമതല നല്‍കണമെന്നാണ് എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യം. ചെന്നിത്തലയുമായുള്ള ചര്‍ച്ചയില്‍ എ ഗ്രൂപ്പിന്റെ ആവശ്യം ഉമ്മന്‍ചാണ്ടി അറിയിച്ചു. നേതാക്കള്‍ ഒന്നിച്ചെടുത്ത തീരുമാനമെന്ന നിലയില്‍ ഹസന്റെ കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട് ഐ ഗ്രൂപ്പ് യോജിച്ചില്ല. അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യം ഹൈക്കമാന്‍ഡിന് വിടാമെന്നാണ് ഐ ഗ്രൂപ്പ് തിരിച്ചടിച്ചത്.

കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ തീരുമാനമാകാതെ തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഇനി കേന്ദ്രനേതൃത്വം വിഷയത്തില്‍ തീരുമാനമെടുക്കും. ഹൈക്കമാന്‍ഡ് അധ്യക്ഷനെ തീരുമാനിക്കട്ടേയെന്ന് കടുംപിടുത്തത്തിലാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും.

shortlink

Related Articles

Post Your Comments


Back to top button