NewsBusiness

ഫെഡറല്‍ റിസര്‍വിനെ ഭയക്കാതെ ഓഹരി സൂചികകള്‍, രൂപയ്ക്കും കുതിപ്പ്; ഇനി എല്ലാ കണ്ണുകളും ജി.എസ്.ടിയിലേയ്ക്ക്

മുംബൈ : അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കാല്‍ ശതമാനം വര്‍ധിപ്പിച്ചിട്ടും രാജ്യത്തെ ഓഹരി-നാണ്യ വിപണികളില്‍ വന്‍ കുതിപ്പ്. ഡോളറിന് എതിരെ 65 രൂപ 40 പൈസയിലേക്ക് ഉയര്‍ന്ന് രൂപ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നിലവാരത്തിലെത്തി. നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ഇന്നും പുതിയ ഉയരങ്ങള്‍ തൊട്ടു. സര്‍വകാല റെക്കോര്‍ഡിലാണ് നിഫ്റ്റി ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പുകളില്‍ ബിജെപിക്കുണ്ടായ വന്‍നേട്ടമാണ് നിഫ്റ്റിയെ സര്‍വകാല റെക്കോര്‍ഡില്‍ എത്തിച്ചത്. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും പോലുള്ള വലിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കു ലഭിച്ച സീറ്റുകള്‍ രാജ്യസഭയിലെ ബിജെപിയുടെ ഭൂരിപക്ഷം ഉറപ്പാക്കുമെന്ന വിശ്വാസം വിപണികളിലുണ്ടായി.
രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടുകൂടി ജിഎസ്ടി ബില്ലും ഇന്‍ഷുറന്‍സ് ബില്ലും മോദി സര്‍ക്കാര്‍ പാസാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ നിര്‍ണായക തീരുമാനങ്ങള്‍ അനായാസം നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയും. ഇന്ത്യന്‍ കോര്‍പറേറ്റ് ലോകം ആഗ്രഹിക്കുന്നതും സ്ഥിരതയുള്ള സര്‍ക്കാരിനെയാണ്.

തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഓഹരി വിപണികളില്‍ എന്നും നിര്‍ണായക മാറ്റങ്ങളുണ്ടാക്കാറുണ്ട്.മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന വ്യക്തമായ സൂചന നല്‍കിയ 2013 ലെ തിരഞ്ഞെടുപ്പു വിജയത്തിലായിരുന്നു ഇതിനു മുന്‍പ് ഓഹരി വിപണികളില്‍ സമാന കുതിപ്പ് ഉണ്ടായത്. ഗോവയില്‍ മനോഹര്‍ പരീക്കര്‍ വിശ്വാസ വോട്ട് നേടിയതും വിപണികളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പു ഫലം സൃഷ്ടിച്ച റെക്കോര്‍ഡ് നേട്ടത്തിനിടയിലും ഓഹരി വിപണിയില്‍ ഇന്നലെ നേരിയ നഷ്ടം ഉണ്ടാക്കിയത് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുമോ എന്ന ആശങ്ക ആയിരുന്നു. പലിശ ഉയര്‍ത്തുന്നതിനൊപ്പം പല സാമ്പത്തിക പിടിമുറുക്കങ്ങളും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിക്കുമെന്ന ആശങ്ക നിലനിന്നിരുന്നതിനാല്‍ ആഗോള തലത്തില്‍ ഓഹരികള്‍ ഇടിഞ്ഞു. റെക്കോര്‍ഡ് നേട്ടത്തില്‍ നിന്നും നിഫ്റ്റി തെന്നിമാറിയതും ഇക്കാരണത്താലാണ്. എന്നാല്‍ കാല്‍ ശതമാനം (25 ബേസിസ് പോയിന്റ്) പലിശ ഉയര്‍ത്തിക്കൊണ്ടുള്ള പണനയ തീരുമാനങ്ങള്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്‌സന്‍ ജാനെറ്റ് യെല്ലന്‍ പ്രഖ്യാപിച്ചതിനു ശേഷം ഇന്നു വിപണികള്‍ തുറന്നപ്പോള്‍ സ്ഥിതി മാറി. ഇനി ഫെഡറല്‍ റിസര്‍വിന് ഇന്ത്യന്‍ വിപണികളെ തൊടാനാവില്ലെന്ന സൂചന നല്‍കും വിധമാണ് ഇന്നത്തെ കുതിപ്പുകള്‍.

നിഫ്റ്റി വ്യാപാരം തുടങ്ങി ആദ്യ മിനിട്ടുകളില്‍ തന്നെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. 45 പോയിന്റ് ഉയര്‍ന്ന് 9,140 ലാണ് നിഫ്റ്റി ഇപ്പോള്‍. സെന്‍സെക്‌സും ആദ്യ മണിക്കൂറുകളില്‍ തന്നെ 150 പോയിന്റ് ഉയരുകയും ആ നേട്ടം നിലനിര്‍ത്തുകയും ചെയ്തു. ഫെഡറല്‍ റിസര്‍വിന്റെ പലിശ ഉയര്‍ത്തല്‍ തീരുമാനം ഡോളറിനെ വീണ്ടും ശക്തമാക്കാന്‍ പോകുന്നതാണെങ്കിലും ഡോളറിനെതിരെ രൂപ ഇന്നു കുതിച്ചു. ഇന്നലെ 65.59 ല്‍ വ്യാപാരം അവസാനിപ്പിച്ച രൂപ വ്യാപാരം തുടങ്ങി ആദ്യ മിനിട്ടുകളില്‍ തന്നെ 29 പൈസയുടെ നേട്ടത്തോടെ 65.40 ല്‍ എത്തി. ഫോറിന്‍ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ വിപണികളില്‍ നടത്തിയ ഇടപെടലാണു രൂപയ്ക്കു കരുത്തു പകര്‍ന്നത്. അദാനി പോര്‍ട്‌സ്, എച്ച്യുഎല്‍, ഭെല്‍, എല്‍ ആന്‍ഡ് ടി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍ തുടങ്ങിയ ഓഹരികള്‍ ഇന്നു മൂന്നു ശതമാനം വരെ നേട്ടമുണ്ടാക്കി.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേരുന്ന ജിഎസ്ടി യോഗങ്ങളിലേക്കാണ് വിപണികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അവശേഷിക്കുന്ന രണ്ടു ബില്ലുകള്‍ ഇന്നു പാസാക്കാനാകുമെന്നാണ് പ്രതീക്ഷ,സ്റ്റേറ്റ് ജിഎസ്ടി (എസ്ജിഎസ്ടി)യും യൂണിയന്‍ ടെറിട്ടറി ജി.എസ്.ടി പാസാക്കാനായാല്‍ വിപണികള്‍ ഇനിയും ഉയരത്തിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button