Editorial

ഇവിടെ ആരാണ് തീവ്രവാദി?

നെയ്യാറ്റിന്‍കര തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠന കേന്ദ്രം സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്നും സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ വിസമ്മതിച്ചു എന്നവാര്‍ത്തക്ക് ഒരുപക്ഷേ അത്രക്ക് പ്രാധാന്യം ഉണ്ടാകണമെന്നില്ല. പക്ഷേ ആ വിസമ്മതത്തിനുള്ള മന്ത്രിയുടെ കാരണം മലയാളി സമൂഹം ജാഗ്രതയോടെ മാത്രം ശ്രവിക്കേണ്ടതാണ്. മേല്‍പറഞ്ഞ സ്ഥാപനത്തിന്റെ മുന്‍വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ്. ബിജെപിക്കാരനായ കുമ്മനത്തിന് അവാര്‍ഡ് കൊടുക്കാന്‍ വിസമ്മതിച്ചതിന് സിപിഎമ്മുകാരനായ ബാലന്‍ മന്ത്രി കണ്ടെത്തിയ കാരണം കുമ്മനം തീവ്രവാദി ആണെന്നതാണ്. ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന ആളാണ് കുമ്മനം രാജശേഖരന്‍. കേരളത്തില്‍ അറിയപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. പതിറ്റാണ്ടുകളായി ജീവിതം പൊതുജനസേവനത്തിന് ഉഴിഞ്ഞുവച്ച് ഇതേ കേരളം തന്നെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്ത് ജീവിക്കുന്ന ആള്‍. ആ കുമ്മനം തീവ്രവാദി ആണെങ്കില്‍ എന്തുകൊണ്ട് എ.കെ ബാലന്റെ സര്‍ക്കാരിന് അദ്ദേഹത്തിനെതിരേ കേസ് എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ജയിലില്‍ അടക്കുകയോ ചെയ്തുകൂടാ എന്നതാണ് ആദ്യത്തെ ചോദ്യം. കുമ്മനം കേരളത്തില്‍ എന്തുതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനമാണ് നടത്തിയത് എന്നത് രണ്ടാമത്തെ ചോദ്യം. ഇനി തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ജയില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മദനിയുമായി വേദി പങ്കിട്ട സിപിഎം നേതാക്കള്‍ ആരൊക്കെയാണ് എന്നത് മൂന്നാമത്തെ ചോദ്യം. ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഓഫീസ് ഒരാളെ തീവ്രവാദി എന്നുവിശേഷിപ്പിക്കുമ്പോള്‍ ഇനി ഒരു നിമിഷം പോലും നിങ്ങള്‍ ആരോപിച്ച തീവ്രവാദ കേസില്‍ കുമ്മനത്തെ അറസ്റ്റ് ചെയ്യാന്‍ മടിക്കരുത്. ആ നിര്‍ദേശം താങ്കളോ സര്‍ക്കാരിലെ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ നല്‍കാന്‍ മടിക്കുകയാണെങ്കില്‍ താങ്കള്‍ ആ മന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. കുറ്റവാളിയെന്ന് സര്‍ക്കാര്‍ തന്നെ വിധിയെഴുതിയ ഒരാളെ പൊതുപ്രവര്‍ത്തനത്തിനും സൈ്വര്യസഞ്ചാരത്തിനുമായി അനുവദിക്കുക എന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലല്ലോ.

അപ്പോള്‍ അതിനൊന്നും നിങ്ങള്‍ക്ക് കഴിയില്ല സഖാവേ. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ രാഷ്ട്രീയമായി തകര്‍ക്കാനോ പ്രതിരോധിക്കാനോ കഴിയാത്തവണ്ണം സി.പി.എം ദുര്‍ബലമായി കഴിഞ്ഞിരിക്കുന്നു. ഇനി ചെയ്യാനാവുന്നത് ഭരണാധികാരത്തിന്റെ ബലത്തില്‍ ഒറ്റപ്പെടുത്തുക എന്ന പതിനെട്ടാം അടവ് മാത്രമാണ്. അതിന്റെ പ്രതിഫലനമാണ് മന്ത്രിയുടെ ഓഫീസില്‍നിന്നും ഉണ്ടായത്. സിപിഎം രാഷ്ട്രീയ അയിത്തം വച്ചുപുലര്‍ത്തുകയാണെന്ന് പൊതുസമൂഹത്തിന് ഇതോടെ ബോധ്യപ്പെട്ടിരിക്കുന്നു. കുമ്മനത്തോടുള്ള ഇതേ സമീപനം തന്നെയായിരിക്കും പ്രധാനമന്ത്രിയോടും കേന്ദ്രമന്ത്രിമാരോടും സിപിഎം മന്ത്രിമാര്‍ വച്ചുപുലര്‍ത്തുന്നതെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഡല്‍ഹിയില്‍ കയറിയിറങ്ങേണ്ടിവരുന്ന ഇവിടത്തെ മന്ത്രിമാരുടെ ചളിപ്പ് എത്രമാത്രം ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ബിജെപി നേതാക്കളുമൊത്ത് വേദി പങ്കിടുന്നതിലുള്ള അയിത്തം സിപിഎമ്മിനു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നമുക്കറിയാം, നരേന്ദ്രമോദി പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ വര്‍ക്കല ശിവഗിരി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ചടങ്ങില്‍നിന്നും സിപിഎം ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കുകയുണ്ടായി. അപ്പോള്‍ ബിജെപിയുമായുള്ള അസഹിഷ്ണുത സിപിഎമ്മിനു അന്നുമുതലേ ഉണ്ടായിരുന്നു. നരേന്ദ്രമോദി അന്ന് ബിജെപിയുടെ ദേശീയനേതാവ് ആയല്ല ശിവഗിരിയില്‍ എത്തിയത്, അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയാണ്. ചടങ്ങില്‍നിന്നും വിട്ടുനിന്ന സിപിഎമ്മുകാരൊക്കെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളുമായിരുന്നു. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. കുമ്മനം എന്നല്ല രാഷ്ട്രീയമായി വിയോജിപ്പുള്ള ഏത് നേതാവ് പങ്കെടുക്കുന്ന വേദിയായാലും അവിടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്നനിലയില്‍ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രി എന്ന നിലയില്‍ എ.കെ ബാലന്‍ പങ്കെടുക്കണമായിരുന്നു. ഭരണഘടന മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിക്ക് ചേര്‍ന്ന പണിയല്ല എ.കെ ബാലന്‍ കാണിച്ചത്. ബാലന്‍ സിപിഎം നേതാവല്ല, സംസ്ഥാനത്തെ ഒരു മന്ത്രിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും ബാലനെ ഓര്‍മപ്പെടുത്തണം.

ഒരു തരത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയം സൃഷ്ടിക്കുകയും അതിലൂടെ അസഹിഷ്ണുത സമൂഹത്തില്‍ പടര്‍ത്തുകയുമാണ് മന്ത്രി ബാലന്റെ ഓഫീസ് ചെയ്തിരിക്കുന്നത്. അവാര്‍ഡ് കൊടുക്കുന്നതില്‍ അസഹിഷ്ണുതയുള്ള മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പ് സാംസ്‌കാരികം ആണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഒരു പരിപാടിക്ക് പങ്കെടുക്കാമെന്ന് ഏല്‍ക്കുകയും നോട്ടീസും പ്രചാരണവും നടത്തുകയും ചെയ്തശേഷം ചടങ്ങില്‍ പങ്കെടുക്കുന്ന ഒരു വ്യക്തിയോട് രാഷ്ട്രീയ അയിത്തം പുലര്‍ത്തിയ എ.കെ ബാലന് ധാര്‍മികമായി ഇനി സാംസ്‌കാരികമന്ത്രി പദത്തില്‍ തുടരാന്‍ അവകാശമില്ല. മനസ്സുകൊണ്ട് ബാലന്‍ തന്നെയാണ് തീവ്രവാദ സ്വഭാവം കാണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം അടിയന്തിരമായി സാംസ്‌കാരിക വകുപ്പ് ഒഴിയണം. അതല്ലെങ്കില്‍ സ്വന്തം അഭിപ്രായത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടെന്നു അല്‍പമെങ്കിലും ബോധ്യമുണ്ടെങ്കില്‍ തീവ്രവാദിയെന്ന് ആരോപിച്ച കുമ്മനത്തെ അറസ്റ്റ് ചെയ്യണം. ഇതിനൊന്നും കഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്ററി രംഗത്തോ രാഷ്ട്രീയരംഗത്തോ തുടരാന്‍ പോലും താങ്കള്‍ക്ക് യോഗ്യതയില്ലെന്നു ഖേദപൂര്‍വം അറിയിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button