Latest NewsKeralaNews

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

ശ്രീകൃഷ്ണപുരം : കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ മേല്‍ശാന്തി തന്ത്രിമഠം അനീഷ് നമ്പൂതിരിയെ (24) ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പത് പവനോളം തൂക്കം വരുന്ന തിരുവാഭരണം മാര്‍ച്ച് 17 മുതലാണ് കാണാതായത്. ഉത്സവത്തിനണിയാന്‍ മാര്‍ച്ച് ഏട്ടിനാണ് മാനേജര്‍ തിരുവാഭരണം ലോക്കറില്‍നിന്നെടുത്ത് മേല്‍ശാന്തിയെ രേഖാമൂലം ഏല്‍പ്പിച്ചത്.

ഉത്സവം സമാപിച്ചതിന് ശേഷം തിരുവാഭരണം മാനേജരെ തിരിച്ചേല്‍പ്പിക്കേണ്ടതായിരുന്നു എന്നാല്‍ അനീഷിനോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും തിരിച്ചേല്‍പ്പിക്കത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.തിരുവാഭരണത്തിലെ 23 ഗ്രാം മാലയാണ് ആദ്യം പണയംവെച്ചത് തുടര്‍ന്ന്, 23ന് ഇതേ സ്ഥാപനത്തില്‍ നാല് ഗ്രാം വരുന്ന ആഭരണം 8000 രൂപയ്ക്ക് പണയംവെച്ചു. ശ്രീകൃഷ്ണപുരത്ത് മറ്റൊരു വ്യക്തി നടത്തുന്ന സ്ഥാപനത്തില്‍ 35,000 രൂപയ്ക്ക് ഒരു പതക്കവും പണയംവെച്ചു.

ചെത്തല്ലൂരിലെ ഒരു സ്വകാര്യവ്യക്തിയുടെ പക്കല്‍നിന്ന് കിരീടം പണയംവെച്ച് 1,70,000 രൂപയും കൈപ്പറ്റി. കിരീടം പണയമായി സ്വീകരിച്ച് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മുന്‍ ശബരിമല മേല്‍ശാന്തിയുടെ ബന്ധുവാണെന്നും അദ്ദേഹം നല്‍കിയ കിരീടമാണെന്നും വിശ്വസിപ്പിച്ചിരുന്നതായി ഇദ്ദേഹം പോലീസിനോട് പറഞ്ഞു.വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് പാലക്കാട്ടുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് അനീഷ് 15 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്.

നാലുവര്‍ഷം മുമ്പാണ് അനീഷ് മേല്‍ശാന്തിയായി ഇവിടെയെത്തിയത്. ക്ഷേത്രത്തിന്റെ തൊട്ടടുത്തുതന്നെയായിരുന്നു താമസം. തിരുവാഭരണം വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ പണയംവെച്ചതായി എസ്.ഐ. കൃഷ്ണന്‍ പറഞ്ഞു. കിരീടം, മാല, പതക്കം തുടങ്ങിയ എട്ടിനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. പണയംവെച്ചതും വീട്ടില്‍ സൂക്ഷിച്ചിരുന്നതുമായ എല്ലാ ആഭരണങ്ങളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button