Latest NewsNewsIndia

അബദ്ധത്തില്‍ പാകിസ്ഥാനിലെത്തി: പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യക്കാരന്‍ ഇപ്പോള്‍ നിശബ്ദന്‍

ബറേലി•അബദ്ധത്തില്‍ പാകിസ്ഥാനിലെത്തുകയും തുടര്‍ന്ന് ഏറെക്കാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്ത ശേഷം 2013 ല്‍ വീട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ യുവാവ് ഇപ്പോള്‍ നിശബ്ദനാണ്. പാകിസ്ഥാനില്‍ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജദവിനെ വിട്ടയക്കണമെന്ന് ഈ യുവാവിന്റെ കുടുംബം ആവശ്യപ്പെടുന്നു.

ബറേലി താലൂക്കിലെ ഫാരിദ്‌പൂരിലെ പഥേര ഗ്രാമവാസിയായാണ്‌ 27 കാരനായ യശ്പാല്‍. ഡല്‍ഹിയില്‍ റിക്ഷാ വലിക്കലായിരുന്നു ജോലി. 2010 ല്‍ അബദ്ധത്തില്‍ ട്രെയിന്‍ മാറിക്കയറി പാകിസ്ഥാനില്‍ എത്തുകയായിരുന്നു. അവിടെ അറസ്റ്റ് ചെയ്യപ്പെട്ട യശ്പാല്‍ ജയിലിലടയ്ക്കപ്പെട്ടു. അന്നത്തെ യു.പി സര്‍ക്കാര്‍ യശ്പാലിന്റെ പൗരത്വം സ്ഥിരീകരിക്കുന്നതില്‍ വരുത്തിയ കാലതാമസം മൂലം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും അദ്ദേഹത്തിന് പാക്‌ ജയിലില്‍ കഴിയേണ്ടി വന്നു. ഒടുവില്‍ 2013 ജൂലൈയില്‍ യശ്പാല്‍ ജയില്‍ മോചിതനായി ഇന്ത്യയിലെത്തി.

പാക്കിസ്ഥാന്‍ ജയിലിലെ കൂരമായ പീഡനത്തെത്തുടര്‍ന്ന് തന്റെ മകന്‍ മാനസിക നില തെറ്റിയാണ് തിരിച്ചെത്തിയതെന്ന് യശ്പാലിന്റെ പിതാവ് പറഞ്ഞു. യശ്പാലിനൊപ്പം മറ്റ് 6 ഇന്ത്യക്കാരെയും വിട്ടയയ്ച്ചിരുന്നു. ഇവരില്‍ നാല് പേരും മനസികരോഗികളായാണ് തിരിച്ചെത്തിയത്. ജാദവിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ജാദവിന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കണമെന്നും യശ്പാലിന്റെ പിതാവ് ബാബു റാം പറഞ്ഞു.

പാക് ജയിലുകളില്‍ അടയ്ക്കപ്പെട്ടവരെ സഹായിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ജാദവിന്റെ കേസ് ചൂണ്ടിക്കാട്ടി ബാബു റാം പറയുന്നു. ഏതെങ്കിലും ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധി പാക്‌ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരുമായി നിരന്തരം ബന്ധം പുലര്‍ത്തുകയാണെങ്കില്‍ പാക്കിസ്ഥാന് ഇന്ത്യന്‍ തടവുകാരെ പീഡിപ്പിക്കാന്‍ കഴിയില്ല- കാര്‍ഷിക തൊഴിലാളി കൂടിയായ ബാബു റാം പറഞ്ഞു.

യശ്പാലിന് പുതിയ ജീവിതം തുടങ്ങാന്‍, സൗജന്യമായി ഭൂമിയും കന്നുകാലികളെ വാങ്ങാന്‍ വായ്പയും ജില്ലാ ഭരണകൂടം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നാളിതുവരെ അത് ലഭ്യമായിട്ടില്ല. ജയിലില്‍ നിന്ന് മോചിതനായി മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കാര്യങ്ങള്‍ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. തിരിച്ചെത്തിയ ശേഷം യശ്പാല്‍ ആരോടും ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. നിശബ്ദനായി തന്റെ വീടിന് മുന്നില്‍ അങ്ങനെ ഇരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button