Latest NewsNewsInternational

റാസല്‍ഖൈമയിലെ ആശുപത്രിയില്‍ കഴിയുന്ന അര്‍ച്ചനയെ കാണാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെത്തി : അര്‍ച്ചനയെ ഉടന്‍ നാട്ടിലെത്തിയ്ക്കും

ദുബായ് :  വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റാസല്‍ഖൈമയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട് കൊട്ടോടിയിലെ ശശിധരന്റെ ഭാര്യയായ രാജപുരം കള്ളാറിലെ അര്‍ച്ചനയാണ് റാസല്‍ഖൈമയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. റാസല്‍ഖൈമയിലെ കെ എം സി സി നേതാവ് പി കെ കരീമിനൊപ്പമാണ് പാണക്കാട് ഹൈദരലി തങ്ങള്‍ ആശുപത്രിയില്‍ എത്തിയത്.

ശശിധരനെയും കുടുംബത്തെയും തങ്ങള്‍ ആശ്വസിപ്പിച്ചു. ചികിത്സയ്ക്കും, അര്‍ച്ചനയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കും ഹൈദരലി തങ്ങള്‍ സഹായ വാഗ്ദാനം നല്‍കി. ഗള്‍ഫിലുള്ള ഭര്‍ത്താവിനൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ മക്കളെയും കൂട്ടി മാര്‍ച്ച് 25നാണ് അര്‍ച്ചന സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തിയത്. ഏപ്രില്‍ ആറിന് റാസല്‍ഖൈമയില്‍ റോഡ് മുറിച്ച് കടക്കവെ വാഹനമിടിക്കുകയായിരുന്നു. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇനിയും ബോധം തിരിച്ച് കിട്ടിയില്ല. വെന്റിലേറ്ററിലായിരുന്ന അര്‍ച്ചനയെ ഇപ്പോള്‍ റൂമിലേക്ക് മാറ്റിയിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവരുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആശുപത്രിയിലെ ചിലവുകള്‍. ഇതറിഞ്ഞ് നിരവധി പേര്‍ സഹായവുമായി രംഗത്ത് വന്നിരുന്നു. അര്‍ച്ചനയെ എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രത്യേക സൗകര്യമൊരുക്കി നാട്ടില്‍ കൊണ്ട് പോയി ചികിത്സിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഭര്‍ത്താവിന്റെയും, നാട്ടില്‍ നിന്നും കൂടെ വന്ന മക്കളായ ശശിനയുടെയും അശ്വജിത്തിന്റെയും കണ്‍മുന്നില്‍ വെച്ചാണ് അര്‍ച്ചന അപകടത്തില്‍ പെട്ടത്. മക്കളെ അപകടം നടന്ന പിറ്റേന്നാള്‍ ബന്ധുക്കള്‍ മുഖേന നാട്ടിലേക്ക് അയച്ചിരുന്നു.

ഇവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ചെയര്‍മാനും കെ ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി കണ്‍വീനറുമായി ഉദാരമതികളുടെ നേതൃത്വത്തില്‍ അര്‍ച്ചന ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ചികിത്സാ സഹായ കമ്മിറ്റി ചുള്ളിക്കര സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 47022200084988 ഐ എഫ് എസ് സി കോഡ്: എസ് വൈ എന്‍ ബി 0004702 സിന്‍ഡിക്കേറ്റ് ബാങ്ക് ചുള്ളിക്കര ബ്രാഞ്ച്. ഫോണ്‍ നമ്പര്‍. ചെയര്‍മാന്‍: 9496049748 കണ്‍വീനര്‍: 9946667433

shortlink

Related Articles

Post Your Comments

Related Articles


Back to top button