KeralaLatest NewsNews

കുരിശ് വിവാദത്തിന് പിന്നില്‍ ആത്മീയ ടൂറിസം ബിസിനസ്സ് : ടോം സഖറിയ നേടിയത് കോടികള്‍

ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അലയടിച്ച മൂന്നാര്‍ കയ്യേറ്റവും കുരിശ് പൊളിക്കലും അതുവഴി വെച്ച വിവാദവുമെല്ലാം ഏറ്റവും കൂടുതല്‍
ബാധിച്ചത് സ്പിരിറ്റ് ജീസസ് സ്ഥാപകന്‍ ടോം സഖറിയയെ. മൂന്നാര്‍ പാപ്പാത്തിചോലയില്‍ റവന്യൂ വകുപ്പ് അധികാരികള്‍ പൊളിച്ചു മാറ്റിയ കുരിശിന്റെ മറവില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ ലക്ഷ്യമിട്ടത് ആഗോളതലത്തിലുള്ള ആത്മീയ ടൂറിസം വ്യാപാരത്തിന്. ഇതിനായി പാപ്പാത്തിച്ചോലയിലെ കുരിശിനു മുകളില്‍ ‘സൂര്യാത്ഭുതം’ അഥവാ ‘മിറാക്കിള്‍ ഓഫ് സണ്‍’ നടക്കുന്നതായും സ്പിരിറ്റ് ഇന്‍ ജീസസ് പ്രചാരണം നടത്തി വരികയായിരുന്നു.

സ്പിരിറ്റ് ഇന്‍ ജീസസിന്റെ 2014-ല്‍ പുറത്തിറങ്ങിയ ഹോളി ക്യൂന്‍ എന്ന മുഖമാസികയില്‍ ടോം സഖറിയതന്നെ എഴുതിയ എഡിറ്റോറിയലില്‍ പറയുന്നത് പള്ളി നിര്‍മ്മിക്കാനായി ഭൂമി കൈയേറിയത് കര്‍ത്താവ് നിര്‍ദ്ദേശിച്ച പ്രകാരമാണ് എന്നാണ്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാതാവ് നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം തന്നെ പള്ളികളും ഉയര്‍ന്നിട്ടുണ്ട്. പിന്നീട് അവിടങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറിയിട്ടുമുണ്ട്.

സൂര്യനെല്ലിയില്‍ സംഭവിച്ചത് ദൈവകല്‍പ്പന പ്രകാരമാണെന്നും മാതാവിന് ഗ്രോട്ടോ പണിയുക എന്നതും പ്രദേശത്തെ അനുഗ്രഹിതമാക്കിയതും ദൈവം തന്നെയാണെന്നുമുള്ള വിചിത്രമായ ന്യായങ്ങളാണ് വിശദീകരിക്കുന്നത്.

സൂര്യനെല്ലിയില്‍ ചില റിസോര്‍ട്ടുകളൊക്കെയുള്ള ടോം സഖറിയ സ്പിരിറ്റ് ഓഫ് ജീസസിലൂടെ ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം വ്യാപാരമായിരുന്നു. വിവിധ സഭകളുടെ ശൈലി സംയോജിപ്പിച്ചുകൊണ്ടു പ്രത്യേക രീതിയിലുള്ള ആത്മീയ പരിപാടികള്‍ ആവിഷ്‌കരിച്ചതിനാല്‍ പല സഭകളില്‍ നിന്നായി വിശ്വാസികള്‍ സ്പിരിറ്റ് ഇന്‍ ജീസസിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറത്ത് തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും യുഎഇ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കും സ്പിരിറ്റ് ഇന്‍ ജീസസ് വളര്‍ന്നു.

മികച്ച കാലാവസ്ഥയും ടൂറിസം പ്രാധാന്യവുമുള്ള ഒരു ഭൂപ്രദേശത്ത് ആത്മീയ ടൂറിസം വ്യവസായത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയായിരുന്നു ടോം സഖറിയ. മൂന്നാറിലെ കുരിശിനു മുകളില്‍ സൂര്യാത്ഭുതം കണ്ടെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ അവകാശവാദം.

ജയ്ഹിന്ദിലും സൂര്യ ടിവിയിലും സംപ്രേഷണം ചെയ്യുന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ പരിപാടികളിലൂടെ ‘ദിവ്യാത്ഭുത’ത്തിനു വലിയ പ്രചാരണമാണ് നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെയും സൂര്യാത്ഭുതത്തിന്റെ കഥകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു.

പാപ്പാത്തിച്ചോലയില്‍ മുന്‍പേ ഒരു കുരിശുണ്ടായിരുന്നു ഒരു മരക്കുരിശ്. തമിഴ്നാട്ടില്‍ നിന്നും ജീവിതം തേടിയെത്തിയ ദ്രാവിഡര്‍ മതം മാറി ക്രിസ്ത്യാനികളായപ്പോള്‍ അവരുടെ പ്രാര്‍ത്ഥനാകേന്ദ്രം കൂടിയായിരുന്നു അത്. മരിയ സൂസെ എന്ന തമിഴ്വംശജന്റെ തലമുറ കൈവശം വെക്കുകയും പലതവണ പട്ടയത്തിനായി അപേക്ഷ നല്‍കുകയും ചെയ്ത ഭൂമിയിലാണ് കുരിശു സ്ഥിതി ചെയ്യുന്നത് എന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാദം ശരിയാവാനാണ് സാധ്യതയും. എന്നാല്‍ മരത്തില്‍ നിന്നും സ്റ്റീലിലേക്ക് കുരിശിനു രൂപാന്തരം സംഭവിച്ച കഥ സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ കച്ചവടത്തിന്റെ ചരിത്രം കൂടിയാണ്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button