Latest NewsNewsIndiaBusiness

അച്ഛാ ദിന്റെ സൂചനകളോടെ രൂപയുടെ കുതിപ്പും ഓഹരി സൂചികകളുടെ റെക്കോർഡും

കൊച്ചി: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍. അച്ഛാ ദിന്റെ സൂചനകളോടെയാണ് ഇപ്പോഴത്തെ രൂപയുടെ കുതിപ്പും ഓഹരി സൂചികകളുടെ റെക്കോർഡും. നിഫ്റ്റി കഴിഞ്ഞ ദിവസത്തെ റെക്കോർഡ് പുതുക്കുകയായിരുന്നെങ്കിൽ സെൻസെക്സാകട്ടെ 2015 മാർച്ചിൽ കൈവരിച്ച റെക്കോർഡാണു ഭേദിച്ചു മുന്നേറിയത്. 2015 മാര്‍ച്ചില്‍ ആര്‍ബിഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറച്ചപ്പോള്‍ രേഖപ്പെടുത്തിയ 30,025 ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

സെന്‍സെക്‌സ് 83 പോയന്റ് നേട്ടത്തില്‍ 30026ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 9338ലുമെത്തി. ഡോളറിനെതിരെയുള്ള രൂപയുടെ മെച്ചപ്പെട്ട പ്രകടനവും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള കമ്പനികള്‍ക്കുണ്ടായ മികച്ച നേട്ടങ്ങളുമാണ് ഓഹരി വിപണയില്‍ പ്രകടമായത്. ഡോളറിന് 64.2 എന്ന നിലയിലായിരുന്നു രൂപയുടെ വിനമയ നിരക്ക്.

ഈ വർഷം ഇന്ത്യയിലെ ഓഹരി വിപണിയിൽ മാത്രമാണ് ഇത്രയും മികച്ച പ്രകടനം. നിഫ്റ്റി ഈ വർഷം 14 ശതമാനത്തിലേറെ മുന്നേറിക്കഴിഞ്ഞു. സെൻസെക്സിലെ മുന്നേറ്റവും ഗണ്യമാണ്. വിദേശ ധനസ്ഥാപനങ്ങൾ ഈ വർഷം ഇന്ത്യയിലെ ഓഹരി വിപണിയിൽ 41,787 കോടി രൂപ നിക്ഷേപിച്ചതായാണു കണക്ക്. ഈ മാസം മാത്രം വിദേശത്തുനിന്ന് ഒഴുകിയെത്തിയതു 2156 കോടി രൂപ. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ധനസ്ഥാപനങ്ങളുടെ നിക്ഷേപം 6,500 കോടി രൂപയ്ക്കു മുകളിലെത്തി.

അതിനിടെ, അജയ് ത്യാഗി സാരഥ്യം ഏറ്റെടുത്തതിനുശേഷം ആദ്യമായി ചേർന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ ബോർഡ് യോഗം ഓഹരി വിപണിയെ സ്വാധീനിക്കുന്ന സുപ്രധാന തീരുമാനങ്ങളാണു കൈക്കൊണ്ടിട്ടുള്ളത്.

നിശ്ചിത അളവിൽ അറ്റ മൂല്യമുള്ള ബാങ്ക് ഇതര ധനസ്ഥാപന (എൻബി​എഫ്സി) ങ്ങളെ ‘ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷനൽ ബയർ’ വിഭാഗത്തിൽ പെടുത്തിയതാണു തീരുമാനങ്ങളിൽ പ്രധാനം. ഇതോടെ ഇത്തരം സ്ഥാപനങ്ങൾക്കു മ്യൂച്വൽ ഫണ്ടുകളെയും ഇൻഷുറൻസ് കമ്പനികളെയും പോലെതന്നെ വിപണിയെ സമീപിക്കാമെന്നായി. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് ഇ–വോലറ്റ് മാർഗം പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച നിർദേശവും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button