NewsPrathikarana VedhiSpecials

ബി.ജെ.പി മോര്‍ച്ചകളും നേതൃത്വത്തിന്റെ സമീപനവും

പ്രതികരണവേദി | വി.കെ ബൈജു

കേരള ബിജെപി പ്രസ്ഥാനത്തിന്റെ ഇന്നത്തെ നിലവിൽ വിവിധ മോർച്ചകളുടെ പ്രവർത്തനങ്ങൾ കാര്യപ്രാപ്തിയോടെയോ, നിലനിർത്തേണ്ടതുണ്ടോ..?, ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടരായി കടന്നുവരുന്ന യുവാക്കളോട് പ്രാദേശിക, മണ്ഡല, ജില്ലാ നേതൃത്വം സ്വീകരിക്കുന്ന നടപടികൾ എത്രകണ്ട് ഫലംചെയ്യുന്നു എന്നീ വസ്തുതകൾ ബിജെപി സംസ്ഥാന നേതൃത്വം എത്രത്തോളം വിലയിരുത്തുന്നു എന്നതു വിശകലനം ചെയ്യേണ്ടതില്ലേ….??

നിലവിൽ കാര്യപ്രാപ്തിയോടെ ആനുകാലിക വിഷയങ്ങളിൽ ഇടപെട്ടു സമൂഹമനസ്സിൽ നിലയുറപ്പിച്ച യുവമോർച്ച, മഹിളാ മോർച്ച ഒഴികെ മറ്റു മോർച്ചകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമ്പോൾ, തീർത്തും നിർജീവമായി പ്രവർത്തിക്കുന്ന കർഷക മോർച്ചാ, ന്യൂനപക്ഷ മോർച്ചാ എന്നിവ അനിവാര്യമോ ദേശീയ രാഷ്ട്രീയം കയ്യാളുന്ന ബിജെപി യ്ക്കു എന്നത് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ ആവശ്യമായ വസ്തുത തന്നെ. കാർഷിക വിപണിയിൽ മറ്റു സംസ്ഥാനങ്ങളെ പൂർണ്ണമായും ആശ്രയിക്കുന്ന കേരളത്തിൽ കാർഷിക മേഖലയിൽ ഇടപെടലുകൾ നടത്താൻ നിലവിൽ ബിജെപി കർഷക മോർച്ച എത്രകണ്ട് പ്രവർത്തന മികവ് പുലർത്തുന്നു എന്നത് എടുത്തുപറയേണ്ട വസ്തുത തന്നെ. ഇന്ന് നിലവിൽ യാതൊരു പ്രവർത്തനവവും കാഴ്ച്ച വെയ്ക്കാത്ത കർഷക മോർച്ചയിൽ പ്രവർത്തകരെക്കാൾ കൂടുതൽ നേതാക്കൾ എന്നത് തീർത്തും പരിഹാസ്യം തന്നെയെന്നു വിലയിരുത്തപ്പെടുന്നു. കാർഷിക മേഖലകളിൽ ഒരുപാട് പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഉണ്ടെന്നിരിക്കെ പല ജില്ലകളിലും വാർഷിക ജനറൽബോഡി പോലും കൂടാൻ ആളുകൾ ഇല്ല എന്നതും വസ്തുത തന്നെ. പലർക്കും ഇങ്ങനെ ഒരു മോർച്ച നിലവിലുള്ളത് പോലും അറിയില്ല എന്നതു ഇതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.

മറ്റൊന്ന് ന്യൂനപക്ഷ മോർച്ച, മലപ്പുറം ജില്ലയിൽ മാത്രം നാമമാത്ര പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങൾ അറിഞ്ഞ ഒരു മോർച്ച. കേരളത്തിൽ ഈ മോർച്ചയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന നേതാക്കൾ ബിജെപി എന്ന പാർട്ടിക്ക് നൽകുന്ന സംഭാവനകൾ എന്തെന്ന് ഇനിയും വിലയിരുത്തി മുന്നേറേണ്ട ഒന്ന് തന്നെ. മറ്റു പാർട്ടികളുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ നിലപാടുകൾ കൈക്കൊള്ളുന്ന ദേശീയ പാർട്ടിയുടെ ഈ ന്യൂനപക്ഷ മോർച്ച എത്രകണ്ട് ബിജെപി യ്ക്കു ഗുണകരം എന്നതും വിശകലനത്തിനതീതം. ജാതീയ വേർതിരിവ് പ്രകടമാവുന്ന എസ് സി, ഒബിസി മോർച്ചകളും പേരിനു നിലവിലുണ്ടെന്നതും, പ്രവർത്തന മികവ് ഇത്രയെന്നും വിമര്‍ശനാതീതം തന്നെ.

കാര്യപ്രാപ്തിയില്ലാത്ത വ്യക്തികൾ സ്വന്തം പേരിനും, പ്രശസ്തിക്കും ഇത്തരം മോർച്ചകളിൽ നേതൃത്വ പദവിയിൽ കടന്നുകൂടി നിർജ്ജീവ അവസ്ഥയിൽ നിലകൊള്ളുന്നതു ഉപകാരത്തേക്കാൾ ഉപദ്രവമാണെന്നതു ചിന്തനീയം തന്നെ.

ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടരായി കടന്നുവരുന്ന പുതു തലമുറയെ എത്രകണ്ട് പ്രാദേശിക നേതൃത്വം സ്വീകരിക്കുന്നു എന്നതു സംസ്ഥാന നേതൃത്വം കൺ‌തുറന്നു കാണേണ്ട മറ്റൊരു അടിയന്തിര വസ്തുത ആണെന്നതിൽ സംശയലേശമന്യേ പറയേണ്ടതുണ്ട്. പതിറ്റാണ്ടുകൾ നീണ്ട അഴിമതി ഭരണത്തിൽ നിന്നും “അഴിമതി മുക്ത ഭാരതം” എന്ന യാഥാർഥ്യം പ്രാവർത്തികമാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ദേശീയ രാഷ്ട്രീയത്തിലേക്കുള്ള യുവാക്കളുടെ ഒഴുക്ക് നഗ്നമായ സത്യമെന്നതു എതിരാളികൾ പോലും സമ്മതിക്കുന്നു. സ്വാതന്ത്യ ചിന്താഗതിക്കാരുടെ ഈ കടന്നുവരവിനെ ബിജെപി പ്രാദേശിക നേതൃത്വം ഉൾകൊള്ളുന്നതിൽ കാണിക്കുന്ന വിമുഖത പരസ്യമായ തർക്കങ്ങൾക്കുപോലും ഇടനല്കുന്നു. കേരള ഭരണം എന്ന സ്വപ്നസാക്ഷാത്കാരത്തിന് പ്രാധാന്യം കൽപ്പിക്കുന്ന ഈ വേളയിൽ ഇനിയും വേണ്ട രീതിയിൽ നേതൃത്വം ശ്രദ്ധ കൊടുക്കേണ്ട ഈ വിഷയം അനന്തമായ അലംഭാവം കൊണ്ട് ആളുകൾ ബിജെപി യിലേക്ക് അടുക്കുന്നതിൽ വിഘാതം നിൽക്കുന്നു. താഴെ തട്ടിലുള്ള ഭാരവാഹികൾക്ക് ഇത് സംബന്ധിച്ച നേതൃത്വ പരിശീലനം നൽകേണ്ടത് അവിഭാജ്യമായിരിക്കുന്നു. മറ്റു പാർട്ടികളിൽ നിന്നായാലും, സ്വതന്ത്ര മനസ്സോടെ കടന്നു വരുന്ന യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രാദേശിക നേതൃത്വത്തിൽ നിന്നുള്ള സമീപനം മാറിയേ തീരൂ. “ഇതാണോ ബിജെപി നേതൃത്വം, നയം, നവാഗതരോട്…?” എന്ന ചോദ്യം യുവാക്കൾക്ക് തോന്നുംവിധം പ്രതികരിക്കുന്ന പ്രാദേശിക ഭാരവാഹികളുടെ അറിവല്ലായ്മ ആണെങ്കിൽപോലും ബിജെപി ദേശീയ പാർട്ടിക്ക് തന്മൂലം നൽകുന്ന അപചയം ചെറുതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button