Latest NewsNewsGulf

യുഎഇ സ്‌കൂളുകളിലെ പ്രവേശനം: രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇവ അറിഞ്ഞിരിക്കുക

ദുബായി: യുഎഇയില്‍ കുടുംബസമേതം താമസിക്കുന്നവരും താമസിക്കാന്‍ ആഗ്രഹിക്കുന്നവരും ഏറെ ഉത്കണ്ഠപ്പെടുന്നതാണ് കുട്ടികളുടെ വിദ്യാഭ്യാസവിഷയം. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളുകളും അവിടുത്തെ പ്രവേശന നടപടികളും അറിഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്.
 
ഇവിടെ കെ 173 സ്‌കൂളുകള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്‌കൂളുകളിലാകെ പഠിക്കുന്നത് 2,65,299 വിദ്യാര്‍ത്ഥികളാണെന്നാണ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അഥോറിറ്റി(കെ.എച്ച്.ഡി.എ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
 
യുഎഇയിലെ ഓരോ സ്‌കൂളുകളിലെയും പഠന രീതികളെയും സൗകര്യങ്ങളെയും കുറിച്ച മാതാപിതാക്കള്‍ക്ക് നേരിട്ട് മനസിലാക്കുന്നതിനായി യുഎഇ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ ഇന്ററാക്ഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
 
ഇന്ത്യ, പാക്കിസ്ഥാന്‍, ജപ്പാന്‍ കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളിലെ അധ്യയന വര്‍ഷം ഏപ്രില്‍ മാസത്തില്‍ തുടങ്ങി, പിറ്റേവര്‍ഷം മാര്‍ച്ചില്‍ അവസാനിക്കും. സിബിഎസ്ഇ, ഐസിഎസ്‌സി സിലബസുകളാണ് ഇന്ത്യന്‍ സ്‌കൂളുകളില്‍. അതേസമയം, മറ്റ് കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളില്‍ വിദ്യാഭ്യാസ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച് ജൂണ്‍ -ജൂലൈ മാസങ്ങളില്‍ അവസാനിക്കും.
 
യുഎഇയിലെ സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ നാലുവയസ് തികയണമെന്നാണ് നിബന്ധന. ഏപ്രില്‍ മാസത്തില്‍ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്ന ഇന്ത്യന്‍ കരിക്കുലം സ്‌കൂളുകളില്‍ ആ വര്‍ഷം ജൂലൈ 31 ന് നാലുവയസ് തികയുന്ന കുട്ടികളെയും ചേര്‍ക്കാന്‍ അനുവദിക്കാറുണ്ട്. സെപ്റ്റംബറില്‍ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്ന മറ്റ് സ്‌കൂളുകളില്‍ ആവര്‍ഷം ഡിസംബര്‍ 31 ന് നാല് വയസ് തികയുന്ന കുട്ടികളെയും ചേര്‍ക്കാം.
 
റസിഡന്‍സ് വിസ, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും കോപ്പി, മെഡിക്കല്‍ റിക്കോര്‍ഡുകള്‍, വിദേശത്ത് നിന്നോ മറ്റ് എമിറേറ്റ്‌സിലെ സ്‌കൂളില്‍ നിന്നോയുള്ള അഡ്മിഷനാണെങ്കില്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) എന്നിവയാണ് സ്‌കൂള്‍ പ്രവേശനത്തിന് വേണ്ട രേഖകള്‍.
 
കുട്ടിയുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് കെ.എച്ച്.ഡി.എ അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ സ്‌കൂള്‍ അധികൃതര്‍ സൂക്ഷിക്കേണ്ടതുണ്ട്. അതിനായി ഒന്നാം ഗ്രേഡിന് മുകളിലേക്കുള്ള ക്ലാസിലെ പ്രവേശനം വേണ്ട കുട്ടികളുടെ നേരത്തെ പഠിച്ചിരുന്ന സ്‌കൂളുകളില്‍ നിന്ന് (വിദേശത്ത് നിന്നായാലും മറ്റ് എമിറേറ്റ്‌സുകളില്‍ നിന്നായാലും) ടിസി നിര്‍ബന്ധമായും പുതിയ സ്‌കൂളില്‍ കൊടുക്കണം. ഇത് സ്‌കൂളിന്റെ ഔദ്യോഗിക ലെറ്റര്‍ഹെഡിലായിരിക്കണം. അധികാരിയുടെ സീലും ഒപ്പം വേണം. ഒറിജനല്‍ തന്നെ വേണം. കോപ്പി പറ്റില്ല.
 
ഈ രേഖയില്‍ കുട്ടി നിലവില്‍ പഠിച്ചിരുന്ന ക്ലാസ്, ഹാജര്‍ നില, വര്‍ഷം, ഗ്രൂപ്പ്, ഗ്രേഡ്, സ്‌കൂളില്‍ ചേര്‍ന്ന വര്‍ഷം, തിയതി, ക്ലാസ്, പൂര്‍ത്തിയാക്കിയ ഗ്രേഡ്, പുതിയ ക്ലാസിലേക്ക് പ്രമോഷനുള്ള യോഗ്യത എന്നിവ വ്യക്തമാക്കിയിരിക്കണം.
 
രേഖകള്‍ അറബിയിലോ ഇംഗ്ലീഷിലോ നല്‍കാം. ഈ രണ്ടു ഭാഷകളിലല്ലാതെയുള്ള രേഖകള്‍ ഔദ്യോഗികമായി പരിഭാഷപ്പെടുത്താന്‍ നിയമപരമായി ചുമതലപ്പെടുത്തപ്പെട്ടയാള്‍ വഴി സമര്‍പ്പിക്കാം. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് (ടിസി) 30 ദിവസത്തെ കാലാവധി മാത്രമേയുള്ളൂവെന്നതിനാല്‍ സ്‌കൂള്‍ അഡ്മിഷന് വേണ്ട മറ്റ് രേഖകള്‍ കൃത്യമാക്കിയിട്ടുവേണം ടിസി വാങ്ങാന്‍.
 
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ടിസി അതാത് രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പ്, വിദേശകാര്യ വകുപ്പ്, ആ രാജ്യങ്ങളിലുള്ള യുഎഇ കോണ്‍സുലേറ്റ് എന്നീ വിഭാഗങ്ങളില്‍ നിന്ന് അറ്റസ്റ്റ് ചെയ്യപ്പെട്ടിരിക്കണം. യുഎഇ കോണ്‍സുലേറ്റ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ മറ്റ് ഏതെങ്കിലും അറബ് രാജ്യങ്ങളുടെ കോണ്‍സുലേറ്റ് ഓഫീസില്‍ നിന്ന് അറ്റസ്റ്റ് ചെയ്തിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button