KeralaLatest NewsNews

സെന്‍കുമാര്‍ കേസില്‍ ഹരീഷ് സാല്‍വെയുടെ ഉപദേശം പാഴായി; ലാവ്‌ലിന്‍ കേസിലും ഗതി ഇതുതന്നെയാകുമോ?

പോലീസ് മേധാവിയായി ടി.പി.സെന്‍കുമാറിനെ പുനര്‍നിയമിക്കുന്നത് ഒഴിവാക്കാന്‍ പിണറായി സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും തോല്‍വിയായിരുന്നു ഫലം. കേസില്‍ സുപ്രീംകോടതി വിധിയെ മറികടക്കാനും സെന്‍കുമാറിനെ വീണ്ടും നിയമിക്കുന്നതിന് തടയിടാനും ലക്ഷ്യമിട്ട് വിധിയില്‍ വ്യക്തത തേടി ഹര്‍ജി നല്‍കിയത് സര്‍ക്കാരിന് വരുത്തിയ നാണക്കേട് ചെറുതല്ല.

പോലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാതെ കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിന് സര്‍ക്കാരിന് കോടതിയില്‍ നിന്ന് പഴികേട്ടു. കോടതി ചെലവിനായി 25,000 രൂപ പിഴ നല്‍കാനും സുപ്രീംകോടതി വിധിച്ചു. തന്നെ നിയമിക്കാതെ സുപ്രീംകോടതി വിധി അട്ടിമറിച്ച് കേരളാ സര്‍ക്കാര്‍ കോടതിയലക്ഷ്യം നടത്തിയെന്ന സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഈ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു.

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായത് ലക്ഷങ്ങള്‍ ഫീസായി വാങ്ങുന്ന മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ്. സാല്‍വേയ്ക്കും സംഘത്തിനുമായി ഫീസായും ചിലവായും സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കൊടുക്കേണ്ടിവന്നത് ലക്ഷങ്ങളാണ്. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് ചെലവായത് കോടികള്‍ വരുമെന്നാണ് വിവരം. എന്നിട്ടും സുപ്രീംകോടതിയില്‍ രണ്ടുപ്രാവശ്യം കേസ് വന്നിട്ടും കേരളസര്‍ക്കാര്‍ ദയനീയമായി തോറ്റു.

ഇതിനിടെ, സാല്‍വെ തന്നെ ഉപദേശിച്ചിട്ടും സെന്‍കുമാര്‍ കേസ് തോറ്റതോടെ പുതിയ ഒരു ചോദ്യവും പിണറായിക്കെതിരേ ഉയരുന്നുണ്ട്. പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയെതന്നെ ബാധിക്കുന്ന ലാവ്‌ലിന്‍ കേസില്‍ പിണറായിക്കുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കുന്നത് സാല്‍വേയാണ്. ലാവ്‌ലിന്‍ കേസും പിണറായി തോല്‍ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

തന്റെ വിശ്വസ്തനായ എം.കെ.ദാമോദരനെ ഒഴിവാക്കിയാണ് ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ പിണറായി സാല്‍വേയെ കൊണ്ടുവന്നത്. സെന്‍കുമാര്‍ കേസില്‍ തോല്‍വിയും നാണക്കേടുമുണ്ടായെങ്കിലും ലാവ്‌ലിന്‍ കേസിനെ സംബന്ധിച്ചിടത്തോളം പിണറായിക്ക് അതല്ല സ്ഥിതി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button