KeralaLatest News

സിപിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം മുഖപത്രം

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഗ്രൂപ്പിനെ പിന്തുണച്ചതിനെ എതിര്‍ത്ത സിപിഐക്കെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതായിരുന്നു പിന്തുണച്ചതിന്റെ ഉദ്ദേശ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളില്‍ നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാമെന്നും അന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചിരുന്നു. അന്നത്തെ നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്ത് കണ്ടത്. കോണ്‍ഗ്രസിനെ ജയിപ്പിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടോ എന്ന ചോദ്യവും പ്രസക്തം. യുഡിഎഫിനെ പരാജയപ്പെടുത്തിയ നടപടി തെറ്റാണെന്ന് എങ്ങനെ ചിത്രീകരിക്കാനാകുമെന്നും മുഖപത്രത്തില്‍ ചോദിക്കുന്നു.

ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണെന്നു കരുതാനുള്ള മൌഢ്യം ആര്‍ക്കുമുണ്ടാകില്ലെന്നു കരുതാം. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണോ ധാര്‍മികതയുടെ അടിസ്ഥാനം.
തളരുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എങ്ങനെയെങ്കിലും താങ്ങിനിര്‍ത്താന്‍ വിവാദങ്ങളിലൂടെ ഊര്‍ജം പകരുന്ന മാധ്യമങ്ങള്‍ ഈയിടെയായി സമനില തെറ്റിയപോലെയാണ് പെരുമാറുന്നതെന്നും മുഖപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിവാദങ്ങളുടെ കാറ്റുപോകുന്നത് അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു. ഒരേ മനസ്സോടെ ഇത്തരം ആക്രമണങ്ങളെ അതിജീവിച്ച് പുതിയ കേരളം എന്ന സ്വപ്നസാക്ഷാല്‍ക്കാരത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിയും എന്നുറപ്പാണ്. അപസ്വരങ്ങള്‍ക്കപ്പുറം അതാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും എഡിറ്റോറിയല്‍ പറയുന്നു. കോണ്‍ഗ്രസിന്റെ തോല്‍വി ഞങ്ങളുടെ സഹജീവികളില്‍ ഉള്‍പ്പെടെ ചിലകേന്ദ്രങ്ങളില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചതായി കണ്ടു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നിന്ന് ഉയര്‍ന്നതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് ഇത്തരം കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായതെന്ന് സിപിഎം മുഖപത്രം എഡിറ്റോറിയലിലൂടെ കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button