KeralaNews

നീറ്റിൽ വസ്ത്രമഴിച്ചുള്ള പരിശോധന; വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ സുരക്ഷാ പരിശോധന കുട്ടികളുടെ മാനസിക നിലയെ തകർക്കുന്ന രീതിയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിതമാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദേശിച്ചതുമുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിച്ചതും ഒക്കെ അതില്‍ പെടും. മുഴുക്കയ്യന്‍ ഷര്‍ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ടിന്റെ കൈ മുറിച്ച് പ്രശ്നം പരിഹരിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും ഊരി മാറ്റേണ്ടിയും വന്നു. അതിനും പുറമേ അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നാണ് മനസ്സിലാക്കുന്നത്. ശരിയാണെങ്കില്‍, ഇത് കടുത്ത മനുഷ്യാവകാശലംഘനമാണ്.
പരീക്ഷയെഴുതുവാന്‍ തയ്യാറായി വരുന്ന കുട്ടികളുടെ മാനസികനിലയെ പോലും തകര്‍ക്കുന്നവിധത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നത്. ഒരു പരിഷ്കൃതസമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കുവാനാകാത്ത ജുഗുപ്സാവഹമായ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button