Latest NewsNewsGulf

വിദേശ യാത്രയ്ക്കായി ഒരുങ്ങുന്നവര്‍ക്ക് സുരക്ഷാനിര്‍ദ്ദേശങ്ങളുമായി ഖത്തര്‍

ദോഹ: വേനലവധിക്ക് വിദേശ യാത്രയ്ക്കായി ഒരുങ്ങുന്നവര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി. വീട് വിട്ട് പുറത്തുപോകുന്നവര്‍ വീടിന്റെ സുരക്ഷ മുതല്‍ യാത്രാ രേഖകള്‍ വരെ എല്ലാ കാര്യങ്ങളിലും എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ചാണ് മുന്നറിയിപ്പ്.

നീണ്ട അവധിക്കാല യാത്രകള്‍ക്ക് തയാറെടുക്കുന്നവര്‍ ആദ്യം വീടിന്റെ സുരക്ഷയാണ് ഉറപ്പ് വരുത്തേണ്ടതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്റ്റര്‍ ബ്രിഗേഡിയര്‍ ജമാല്‍ മുഹമ്മദ് അല്‍ കാബി ഓര്‍മിപ്പിച്ചു. വീട്ടിനുള്ളില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നവര്‍ അക്കാര്യം പോലീസിനെ അറിയിക്കണം. യാത്ര സംബന്ധിച്ച വിശദ വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിച്ചിരിക്കണം.

എയര്‍ കണ്ടീഷണര്‍ മുതല്‍ എല്ലാ ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറുകളും ഓഫാക്കിയെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വീട് പൂട്ടി പുറത്തു പോകുന്നവരുടെ ചെറിയ അശ്രദ്ധകള്‍ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. വിമാന യാത്രയില്‍ ബാഗേജുകള്‍ സുരക്ഷിതമാണെന്നും നിരോധിത സാധനങ്ങളില്ലെന്നും ഉറപ്പു വരുത്തണമെന്ന് വിമാനത്താവള സുരക്ഷാ ഡയറക്റ്റര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഈസ്സ അരാര്‍ അല്‍ റുമൈഹിയും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എമിഗ്രെഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്തുക, ഖത്തര്‍ ഐ.ഡി കൂടെ കരുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക, ഐ.ഡി നഷ്ടപ്പെട്ട പ്രവാസികള്‍ യാത്രയ്ക്ക് മുമ്പ് ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് ബോര്‍ഡര്‍ പാസ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സ്പാര്‍ട്ടറിയേറ്റ്‌സ് ഓഫീസിലെത്തി പുതിയ ഐഡി വാങ്ങുക എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button