Latest NewsNewsGulf

അനധികൃത താമസക്കാരെ കാണിച്ചുകൊടുക്കുന്നവര്‍ക്ക്‌ പാരിതോഷികം പ്രഖ്യാപിച്ച്‌ സൗദി

റിയാദ്‌: പൊതുമാപ്പ്‌ കാലാവധി അവസാനിക്കാന്‍  ഏതാനും ആഴ്‌ചകള്‍ മാത്രം അവശേഷിച്ചിരിക്കെ ഇനിയും അനധികൃതമായി രാജ്യത്ത്‌ തങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി സൗദി അറേബ്യന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി അനധികൃതമായി രാജ്യത്ത്‌ തങ്ങുന്നവരെക്കുറിച്ച്‌ അധികൃര്‍ക്ക്‌ വിവരം നല്‍കുന്നവര്‍ക്ക്‌ വന്‍തുക പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌ സര്‍ക്കാര്‍.

നിയമപരമായ താമസ അനുമതിയില്ലാതെ രാജ്യത്ത്‌ തങ്ങുന്നവരേയും ശരിയായ തൊഴില്‍ രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുന്നവരേയും ഉദ്ദേശിച്ച്‌ മാര്‍ച്ച്‌ 19 നാണ്‌ സൗദി രാജാവ്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌. മാര്‍ച്ച്‌ 29 മുതല്‍ 90 ദിവസത്തിനകം ഇത്തരക്കാര്‍ക്ക്‌ ശിക്ഷാനടപടികളോ പിഴയോ കൂടാതെ സ്വന്തം രാജ്യത്തേക്ക്‌ മടങ്ങാന്‍ സൗകര്യം നല്‍കുന്നതാണ്‌ പൊതുമാപ്പ്‌.

ഇങ്ങനെ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി മടങ്ങുന്നവര്‍ക്ക്‌ ശരിയായ വിസയും മറ്റ്‌ തൊഴില്‍ രേഖകളുമായി വീണ്ടും സൗദിയിലെത്തി നിയമപരമായി തൊഴില്‍ ചെയ്‌ത്‌ ജീവിക്കുന്നതിന്‌ പിന്നീട്‌ അനുവാദവും ഉണ്ടാകും. ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും ഈ അവസരം പ്രയോജനപ്പെടുത്താത്തവരെ പിടികൂടാനാണ്‌ ഇത്തരക്കാരെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ റിവാര്‍ഡ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.

50,000 സൗദി അറേബ്യന്‍ റിയാല്‍ (ഏകദേശം എട്ടര ലക്ഷം ഇന്ത്യന്‍ രൂപ) ആണ്‌ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്‌. പൊതുമാപ്പ്‌ കാലാവധി കഴിഞ്ഞും അനധികൃതമായി തങ്ങി പിടികൂടപ്പെട്ടാല്‍ 15,000 മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ നല്‍കേണ്ടിവരും. കൂടാതെ തടവും നാടുകടത്തലുമടക്കമുള്ള ശിക്ഷയും അനുഭവിക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button