Latest NewsIndia

നളിനി മുരുകന്‍ മോചനത്തിന് അപേക്ഷയുമായി ഐക്യരാഷ്ട്ര സഭയില്‍

ന്യൂഡല്‍ഹി : രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി മുരുകന്‍ മോചനത്തിന് അപേക്ഷയുമായി ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. താനും കൂടെയുള്ള ആറ് പ്രതികളും 16 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും ജയിലില്‍ തന്നെ തുടരുകയാണ്. ഇനിയും മോചനം ലഭിച്ചിട്ടില്ല. മറ്റ് പ്രതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ലെന്നും ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കാത്തത് ഇന്ത്യന്‍ ഭരണഘടന 14,21 വകുപ്പുകള്‍ പ്രകാരം നിയമലംഘനമാണെന്നും നളിനി നിവേദനത്തില്‍ പറയുന്നു.

നളിനിയടക്കം ശ്രീഹരന്‍ എന്ന മുരുകന്‍, എ.ജി.പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദന്‍ എന്നീ ഏഴുപേരാണ് 1991 ലെ രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. എത്രയും വേഗം തന്നെ മോചിപ്പിക്കാനുള്ള നടപടി യു.എന്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആറ് പേജ് വരുന്ന നിവേദനമാണ് നളിനി കമ്മീഷന് സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന നളിനിയുടെ ശിക്ഷ 2000 ല്‍ അന്നത്തെ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ ജീവപര്യന്തമായി കുറച്ചത്. തുടര്‍ന്ന് മോചനത്തിനായി അനേകം തവണ മദ്രാസ് ഹൈക്കോടതിയെ നളിനി സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button