Latest NewsIndia

എഫ്-16 യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും

എഫ്-16 യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും. എഫ്-16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യയിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവുമായി കരാറില്‍ ഒപ്പിട്ടു. ഇന്ത്യയില്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാണെന്ന് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സി.ഇ.ഒ ഫില്‍ ഷോ നേരത്തെ വ്യക്തമാക്കിയിരുന്നു. എ 16 നിരയിലെ അത്യാധുനിക ബ്ലോക്ക് 70 എയര്‍ക്രാഫ്റ്റ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള സാധ്യതയും ഇതോടെ ഇന്ത്യക്ക് ലഭിക്കും. നിലവില്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള ഇ130 വിമാനത്തിന്റെ എയര്‍ഫ്രെയിം ഭാഗങ്ങള്‍ ടാറ്റയാണ് നിര്‍മിച്ച് നല്‍കുന്നത്.

പ്രതിരോധരംഗത്ത് അമേരിക്കയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് എഫ്-16 യുദ്ധവിമാന നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ലോക്കല്‍ പാര്‍ട്ട്ണറായി ടാറ്റയുമായി കൈകോര്‍ത്ത് അമേരിക്കന്‍ കമ്പനിയുടെ നീക്കം. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ഇരുരാജ്യങ്ങളുടെയും സഹകരണമെന്നതും പ്രധാനമാണ്. അധികം വൈകാതെ നിര്‍മാണശാലയ്ക്കുള്ള ഒരുക്കങ്ങള്‍ ഇന്ത്യയില്‍ പൂര്‍ത്തിയാകും. ഏകദേശം 2020-നുള്ളില്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യന്‍ നിര്‍മിതമായ ആദ്യ വിമാനം വ്യോമസേനയ്ക്ക് കൈമാറിയേക്കും.

പാരീസ് എയര്‍ഷോയില്‍ വച്ചാണ് അന്തിമ തീരുമാനമെടുത്ത് ഇരുകമ്പനികളും കരാറില്‍ ഒപ്പിട്ടത്. നിലവില്‍ സോവിയറ്റ് കാലത്ത് നിര്‍മിച്ച നിരവധി പഴയ വിമാനങ്ങള്‍ക്ക് പകരം പുതിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമുണ്ട്. ലോക്ക്ഹീഡിന് പുറമേ സ്വീഡന്‍ കമ്പനിയായ സാബാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന മറ്റൊരു കമ്പനി. പ്രാദേശിക സഖ്യത്തില്‍ ഒറ്റ സീറ്റുള്ള വിമാനം നിര്‍മിക്കാന്‍ സാബ് നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഗ്രീപെന്‍ യുദ്ധ വിമാനം ഇവിടെ നിര്‍മിക്കാനാണ് അവരുടെ പദ്ധതി.

 

shortlink

Related Articles

Post Your Comments


Back to top button