NattuvarthaLatest NewsNews

അവസാന രാവുകളിൽ ആരാധനാ നിമഗ്നരാകണം-സയ്യിദ് അലി തങ്ങൾ പാലേരി

മലപ്പുറം•വിശ്വാസി സമൂഹം ആനന്ദത്തിലാണ്. വ്രതാനുഭൂതിയില്‍ അളവറ്റ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്‌റിനെയും പ്രതീക്ഷിച്ച് ആത്മനിയന്ത്രിത ആരാധനാധന്യമായ നിമിഷങ്ങള്‍ അവരുടെ ജീവിതയാത്രയെ അര്‍ഥനിര്‍ഭരമാക്കുന്നു. സന്തോഷ-സന്താപ സമ്മിശ്രമായ രാപ്പകലുകളില്‍ നാഥനായ അല്ലാഹുവും ഏറെ സന്തോഷവാനാണ്. തിരുനബി പറയുന്നു. ‘ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ അല്ലാഹു ജിബ്‌രീലിന് ഭൂമിയിലേക്കിറങ്ങാന്‍ നിര്‍ദേശം നല്‍കും ജിബബ്‌രീല്‍ ഉടന്‍ ഒരു സംഘം മലക്കുകളോടൊപ്പം ഭൂമിയിലേക്കിറങ്ങും. അവര്‍ ഭൂലോകമാകെ സഞ്ചരിച്ച് നിന്നും ഇരുന്നും ഇബാദത്തില്‍ മുഴുകിയവര്‍ക്ക് സലാം പറഞ്ഞ് അവരുടെ കരം ചുമ്പിക്കുകയും ആമീന്‍ പറയുകയും ചെയ്യും. ഇതു പ്രഭാതം വരെ തുടരും.

പ്രഭാതമായാല്‍ നമുക്കു മടങ്ങാന്‍ സമയമായി എന്ന് ജിബ്‌രീല്‍ ഓര്‍മപ്പെടുത്തുമ്പോള്‍ അനുയായികള്‍ ജിബ്‌രീലിനോട് ചോദിക്കും അല്ലാഹു മുഹമ്മദീയ്യ ഉമ്മത്തിന്റെ കാര്യത്തില്‍ എന്തു തീരുമാനമെടുത്തു? ജിബ്‌രീല്‍ മറുപടി പറയും. ഈ രാവില്‍ അല്ലാഹു അവര്‍ക്ക് കാരുണ്യം ചൊരിഞ്ഞിരിക്കുന്നു. എല്ലാവരോടും വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ നാലു വിഭാഗം മാപ്പിനര്‍ഹരല്ല. അവര്‍ മദ്യപാനികളും മാതാപിതാക്കളെ വെറുപ്പിക്കുന്നവരും കുടുംബബന്ധം പുലര്‍ത്താത്തവരും കാപട്യമുള്ളവരുമാണ്.’

റമദാനിന്റെ അവസാനരാവുകളില്‍ മുണ്ടുമുറുക്കിയുടുത്ത് ആരാധനാനിമഗ്നരായ നബിശ്രേഷ്ഠതയുടെ അനുയായികള്‍ക്ക് ആ പാത അനുധാവനം ചെയ്യലല്ലാതെ മറ്റെന്താണ് മാര്‍ഗമുള്ളത്. നാം നടത്തേണ്ട ധീര പോരാട്ടങ്ങളൊക്കെയും അവനവന്റെ അന്തരങ്ങളിലെ അരുതായ്മകളോടാണ്. നാം നേടേണ്ടത് നന്മയുടെ നറുനിലാവുകളായിരുന്ന മുന്‍ഗാമികളുടെ സല്‍പാന്ഥാവാണ്.

ഈ സുകൃതങ്ങളൊക്കെയും ഇനിയെന്റെ ജീവിതത്തില്‍ കടന്നുവരുമോ എന്ന ചിന്തയോടെ റമദാന്‍ അവനനുകൂലമാക്കി മാറ്റാന്‍ ഇനിയുള്ള ദിനരാത്രങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയും കുടുംബബന്ധങ്ങള്‍ സുദൃഢമാക്കിയും ദാനധര്‍മങ്ങള്‍ അധികരിപ്പിച്ചും ആലംബഹീനര്‍ക്ക് ആശ്വാസമായി എല്ലാ മനുഷ്യരോടും നന്മയോടെയും പരസ്പര സഹവര്‍ത്തിത്വത്തോടെയും കഴിയാനും നമുക്ക് സാധ്യമാകേണ്ടതുണ്ട്. പിരിയാനടുത്ത ഈ റമദാനില്‍ നമ്മെ നയിക്കേണ്ട ചിന്ത, തന്നോട് ചോദിക്കുന്നവരെയും കാത്ത് നാഥനിരിപ്പുണ്ടെന്നതാണ്. ആരാധനാ നിമഗ്നരായവരെ ഹസ്തദാനം ചെയ്യാന്‍ മാലാഖമാര്‍ വരുന്നുവെന്നതാണ്. സല്‍ക്കര്‍മ സുകൃതം ചെയ്തവരേയും കാത്ത് സ്വര്‍ഗലോകത്ത് റയ്യാന്‍ കവാടമുണ്ടെന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button