Latest NewsIndia

പതിനാറുകാരി ഭര്‍ത്താവിനെ ‘മൊഴിചൊല്ലി’

ഭര്‍ത്താവിനെ പതിനാറുകാരിയായ മുസ്ലിം പെണ്‍കുട്ടി ‘മൊഴി’ചൊല്ലി. പശ്ചിമ ബംഗാളിലെ മന്ദിര്‍ ബസാര്‍ സ്വദേശിനി മംബി ഖാതൂണ്‍ എന്ന പെണ്‍കുട്ടിയാണ് കുടുംബജീവിതത്തിനു പകരം വിദ്യാഭ്യാസം തിരഞ്ഞെടുത്തത്. 2015 ലാണ് മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മംബി വിവാഹിതയാകുന്നത്. അന്ന് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായിരുന്നു അവള്‍. വിവാഹ ശേഷവും പഠനം തുടരാമെന്ന് ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും മംബിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതോടെ മംബിയെ പഠിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല.

പതിനൊന്നാം ക്ലാസ്സില്‍ പ്രവേശനം നേടാനൊരുങ്ങിയ മംബിയെ അതിന് അനുവദിച്ചില്ല. തുടര്‍ന്ന് മംബി സ്വന്തം വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് പഠിക്കാനും തീരുമാനിച്ചു. ഒമ്പത് കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലായിരുന്നു മംബിക്ക് പ്രവേശനം ലഭിച്ചത്. പഠിക്കാനുള്ള അവളുടെ ആഗ്രഹം മനസ്സിലാക്കിയതോടെ പ്രധാനാധ്യാപകന്‍ സ്‌കൂള്‍ ഫീസും അഡ്മിഷന്‍ ഫീസും ഈടാക്കിയില്ല. മംബി പഠനം തുടരുന്നെന്ന കാര്യം അറിഞ്ഞതോടെ ഭര്‍ത്താവും വീട്ടുകാരും വീട്ടിലെത്തി. പഠനം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ പഠനം തുടരാന്‍ തന്നെയായിരുന്നു മംബിയുടെ തീരുമാനം. അച്ഛനും അമ്മയും അവള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. തുടര്‍ന്ന് മംബി ഭര്‍ത്താവിനെ ‘മൊഴി’ ചൊല്ലുകയായിരുന്നു. മകളുടെ താത്പര്യം മനസ്സിലാക്കാതെ അവളെ വിവാഹം കഴിപ്പിച്ച് അയച്ചത് തെറ്റായിപ്പോയെന്നാണ് മംബിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ പറയുന്നു. മംബിയെ എത്ര വേണമെങ്കിലും പഠിപ്പിക്കാന്‍ തയ്യാറാണെന്നും അവളുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button