KeralaLatest News

ആസ്ത്മയും അലര്‍ജിയുമായി ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് യോഗയിലൂടെ ആശ്വാസമേകാന്‍ ചികിത്സാ പദ്ധതി

 

കാസര്‍കോട് : ആസ്ത്മയും അലര്‍ജിപ്രശ്‌നങ്ങളും കാരണം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് യോഗയിലൂടെ ആശ്വാസമേകാന്‍ ചികിത്സാ പദ്ധതി. കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി(ഐ.എ.ഡി.) ആണ് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പദ്ധതി അവതരിപ്പിച്ചത്. മന്തിനും സോറിയാസിസ് തുടങ്ങി ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കും അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, യോഗ എന്നിവയ്‌ക്കൊപ്പം പരമ്ബരാഗത മരുന്നുകളും സംയോജിപ്പിച്ച് ചികിത്സിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് ഐ.എ.ഡി. മന്തിനെതിരെയുള്ള ഐ.എ.ഡി.യുടെ സംയോജിത ചികിത്സ ലോകപ്രശസ്തമാണ്. കാസര്‍കോട് ആസ്ഥാനമായി 1999-ല്‍ തുടങ്ങിയ ഐ.എ.ഡി.യില്‍ ഇതിനകം പതിനായിരത്തോളം പേരാണ് ഗുരുതര ത്വക്ക് രോഗവുമായി ചികിത്സയ്‌ക്കെത്തിയത്.

ഐ.എ.ഡി.യുടെ തനത് ഗവേഷണരീതികളിലൂടെ വികസിപ്പിച്ചെടുത്ത യോഗചികിത്സാ രീതി കുട്ടികളിലെ ശ്വാസംമുട്ടല്‍, തുമ്മല്‍, കരപ്പന്‍ എന്നിവയ്ക്ക് മികച്ച ഫലം നല്‍കുമെന്ന് ഡയറക്ടര്‍ ഡോ. എസ്.ആര്‍.നരഹരി പറഞ്ഞു. ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് അകറ്റാന്‍ കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാനും ഐ.എ.ഡി. വികസിപ്പിച്ചെടുത്ത യോഗമുറകള്‍ തുടരാനും അടുത്ത ഘട്ടത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ഡോ.നരഹരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഐ.എ.ഡി.യില്‍ നടപ്പാക്കിയ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് (സി.ഐ.എം.പി.എച്ച്.) കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തുന്നത്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ പഠനം നടത്തിയാണ് യോഗചികിത്സാ പദ്ധതി തയ്യാറാക്കിയത്. യോഗമുറ വികസിപ്പിച്ചെടുക്കുന്നതിനായി 20 വിദ്യാലയങ്ങളില്‍ നിന്നായി ആറായിരം വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനം നടത്തി. ഐ.എ.ഡി. വികസിപ്പിച്ചെടുത്ത സംയോജിത ചികിത്സാ രീതി ഉപയോഗിച്ച് ഈ മേഖലയില്‍ കൂടുതല്‍ പഠനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഡോ.നരഹരി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button