KeralaLatest NewsNews

യോഗ ചെയ്തു അസുഖം മാറ്റിയ മുസ്ലിം പെൺകുട്ടിക്ക് ഇപ്പോഴതു വരുമാനമാർഗ്ഗം ആക്കാനും കഴിഞ്ഞ അപൂർവ്വ യോഗം

കല്പറ്റ: യോഗ ചെയ്തു അസുഖം മാറ്റിയ പെൺകുട്ടിക്ക് ഇപ്പോഴതു വരുമാനമാർഗ്ഗം ആക്കാനും കഴിഞ്ഞ അപൂർവ്വ യോഗം. ചെറുപ്പം മുതൽ വിട്ടുമാറാതെ പിടികൂടിയ ആസ്ത്മയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് പാറക്കല്‍ പൂക്കോട് വീട്ടില്‍ ജെറീന യോഗ അഭ്യസിക്കുന്നത്. മൈസൂരിലുണ്ടായിരുന്ന സഹോദരന്‍ ജംഷീദിന്റെ നിര്‍ബന്ധ പ്രകാരമായിരുന്നു യോഗ പഠനം. എന്നാൽ അന്ന് അസുഖം മാറാൻ വേണ്ടി ചെയ്തു തുടങ്ങിയ യോഗ ഇന്ന് വരുമാനമാര്‍ഗവുംകൂടിയാണ്.

ഇപ്പോൾ ജെറീന സ്വന്തം പേരിൽ കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് ആര്‍ക്കേഡ് ബില്‍ഡിങ്ങില്‍ മൈ ലൈഫ് യോഗ സെന്റര്‍ എന്ന പേരില്‍ സ്ഥാപനം നടത്തുന്നു. ഇതിനോടകം തന്നെ ജെറീന 300-ഓളം പേരെ പരിശീലിപ്പിച്ചുകഴിഞ്ഞു. കുടുംബത്തിന്റെയും സമുദായത്തിന്റെയും പിന്തുണയാണ് തന്നെ ഇപ്പോഴും യോഗയില്‍ നിലനിര്‍ത്തുന്നതെന്ന് ജെറീന പറയുന്നു.

‘മുസ്ലിം സമുദായത്തില്‍നിന്ന് യോഗ അഭ്യസിക്കുന്നവരും പഠിപ്പിക്കുന്നവരും കുറവാണ്. പക്ഷെ യാതൊരു എതിര്‍പ്പും നേരിട്ടിട്ടില്ല. തന്റെ കൂടെ സമുദായവും കുടുംബവും നിന്നു. മുസ്ലിങ്ങളായ നിരവധിപേര്‍ ഇപ്പോള്‍ യോഗ പഠിക്കാന്‍ വരുന്നുണ്ട്. യോഗ നോമ്പ് സമയത്തും മുടക്കേണ്ടതില്ല. ശാരീരികവും മാനസികവുമായ പൂര്‍ണാരോഗ്യമല്ലേ യോഗ ലക്ഷ്യമിടുന്നത്. അതുകൊണ്ട് നോമ്പ് സമയത്തും യോഗ തുടരണമെന്ന് ജെറീന പറയുന്നു.

മൈ ലൈഫ് യോഗ സെന്റര്‍ 2014-ലാണ് തുടങ്ങുന്നത്. രണ്ട് ബാച്ചുകളിലായാണ് പരിശീലനം. കൂടാതെ സെയ്ന്റ് ജോസഫ്സ് ഇംഗ്ളീഷ് മീഡിയം സ്കൂളിലും പഠിപ്പിക്കുന്നുണ്ട്. ജെറീനയുടെ അഭിപ്രായം യോഗ ജീവിതചര്യയാക്കണമെന്നാണ്. മാനസിക സമ്മര്‍ദം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയ്ക്ക് യോഗയോളം വലിയ മരുന്നില്ലെന്ന് അവര്‍ സ്വന്തം അനുഭവങ്ങളെ സാക്ഷിയാക്കി പറയുന്നു. ഭര്‍ത്താവ് മുഷ്താഖും രണ്ട് മക്കളും പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button