Latest NewsNewsGulf

ഖത്തര്‍ ഉപരോധം : നിലപാട് വ്യക്തമാക്കി അമേരിക്ക :

 

വാഷിംഗ്ടണ്‍ : ഖത്തര്‍ ഉപരോധം രണ്ടാഴ്ച പിന്നിടുമ്പോള്‍ നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത് വന്നു. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ എന്താണു പ്രേരണയെന്നു സൗദി, യു.എ.ഇ രാജ്യങ്ങളോടു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദിച്ചു. ഉപരോധത്തിനു കാരണമായ പരാതികള്‍ പുറത്തുവിടാത്തതു ഗള്‍ഫ് രാജ്യങ്ങളെയാകെ ‘നിഗൂഢമാക്കി’ എന്നും യു.എസ് ആരോപിച്ചു.

ഈ സാഹചര്യത്തില്‍ ലളിതമായ ചോദ്യമേയുള്ളൂ; ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണമോ, അതോ ഗള്‍ഫ് കൂട്ടായ്മയിലെ (ജിസിസി) കാലങ്ങളായുള്ള രോഷമോ ഏതാണ് ഈ നടപടിയെടുക്കാന്‍ പരിഗണിച്ചത്?’- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് ചോദിച്ചത് ഇങ്ങനെയാണ്. സമയം കൂടുതല്‍ പിന്നിടുന്തോറും സൗദി, യുഎഇ രാജ്യങ്ങളുടെ നീക്കത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്. എത്രയുംവേഗം പ്രശ്‌നം തീര്‍ക്കണമെന്നും ന്യൂവര്‍ട്ട് പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ യുഎസിന്റെ സുപ്രധാന പങ്കാളികളാണ്.

ഖത്തര്‍ ഉപരോധത്തെ തുടര്‍ന്നു ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് ശ്രമം തുടരുന്നതിന്റെ ഭാഗമാണു പരസ്യ വിമര്‍ശനമെന്നാണു സൂചന. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ഖത്തര്‍, സൗദി, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഇതുവരെയും ആവശ്യങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്നു ഖത്തര്‍ ചൂണ്ടിക്കാട്ടി.

മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്ന കുവൈറ്റ് ഭരണകൂടം ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതുവരെയും ആവശ്യങ്ങളുടെ പട്ടിക ലഭിച്ചിട്ടില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഖത്തര്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അയല്‍ രാജ്യങ്ങള്‍ മിണ്ടുന്നില്ല. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഉപരോധമേര്‍പ്പെടുത്തിയവര്‍ക്കു പിന്തുണ നേടാനാകുന്നില്ലെന്നും കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു.

അതേസമയം, ഖത്തറിനെതിരായ പരാതികളുടെ വിശദമായ പട്ടിക തയാറാക്കി വരികയാണെന്നു സൗദി അറിയിച്ചു. സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണു പട്ടിക തയാറാക്കുന്നതെന്നു സൗദി വിദേശകാര്യമന്ത്രി ആദെല്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തര്‍ ആവശ്യങ്ങളോടു പ്രതികരിക്കുകയും ഭീകരവാദത്തിനുള്ള സഹായം അവസാനിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button