Uncategorized

ഗണേഷ് കുമാറിന്റേതടക്കം വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ മൂവര്‍ സംഘം പിടിയില്‍

 

തൊടുപുഴ: പ്രമുഖരുടെ വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി സ്ത്രീകളെ വലയിലാക്കി പണം തട്ടിയെടുത്ത യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെയും ഐ.പി.എസ്. ഉദ്യോഗസ്ഥന്റെയും വനിതാ ഡോക്ടറുടെയും പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് മൂവര്‍സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത് . ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും നൂറ്റമ്പതോളം സ്ത്രീകളെയും സംഘം വലയിലാക്കി.

സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചശേഷം വഞ്ചിച്ച് പണവും നഗ്‌നചിത്രങ്ങളും കൈക്കലാക്കിയ സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സ്ത്രീകള്‍ക്കു പുറമേ വിദേശത്തുള്ളവരും ഇവരുടെ വലയില്‍ കുടുങ്ങിയതായി ഇടുക്കി ജില്ലാ പോലീസ് ചീഫ് കെ.ബി.വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജോബി തോമസ് ഐ.പി.എസ്. എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് യുവാക്കള്‍ തട്ടിപ്പു നടത്തിയത്. പത്തനംതിട്ട മലയാലപ്പുഴ ചീങ്കല്‍ത്തടം മൈലപ്ര എബിനേസര്‍ ഹോമില്‍ പ്രിന്‍സ് ജോണ്‍(24), മൈലപ്ര മുണ്ടുകോട്ടയ്ക്കല്‍ വലിയകാലായില്‍ ജിബിന്‍ ജോര്‍ജ്(26), മണ്ണാറക്കുളഞ്ഞി പാലമൂട്ടില്‍ ലിജോ മോനച്ചന്‍(26) എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിനിരയായ കട്ടപ്പന സ്വദേശിനിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.

ചതി അറിയാതെ പത്തുദിവസത്തിനുള്ളില്‍ ‘ജോബി തോമസിനെ’ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തയാറായി നിരവധി സ്ത്രീകള്‍ ക്യൂ നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ രണ്ടരലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതിന്റെ വിവരങ്ങള്‍ കിട്ടി. കൂടുതല്‍പേരില്‍നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് സൂചിപ്പിച്ചു.

ജോബി തോമസ് എന്ന പേരില്‍ കോട്ടയം സ്വദേശിയായ ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. ജോബി തോമസിന്റേതെന്ന പേരില്‍ ബോഡിബില്‍ഡറായ പഞ്ചാബ് സ്വദേശി ഇര്‍ഷാദ് അലി സുബൈറിന്റെ ചിത്രമാണ് പ്രൊഫൈലില്‍ കാണിച്ചിരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പേരില്‍ മറ്റൊരു വ്യാജ അക്കൗണ്ട് തയാറാക്കി മ്യൂച്വല്‍ ഫ്രണ്ടാക്കി. ജോബി തോമസിന്റെ സഹോദരിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കോട്ടയത്തെ വനിതാ ഡോക്ടറുടെ പേരില്‍ മറ്റൊരു അക്കൗണ്ടും സൃഷ്ടിച്ചു. ആകെ ഏഴോളം വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരുന്നു. ഈ അക്കൗണ്ടുകളെല്ലാം സൃഷ്ടിച്ചത് പ്രിന്‍സ് ജോണാണ്. നാലുമാസമായി തട്ടിപ്പ തുടരുകയായിരുന്നു.

എം.എല്‍.എ. എന്നപേരില്‍ ചാറ്റിങ് നടത്തിയിരുന്നത് പ്രിന്‍സ് ജോണാണ്. ജോബി തോമസ് എന്ന പേരില്‍ പെണ്‍കുട്ടികളുമായി അടുപ്പം ദൃഢമാക്കിയശേഷം പതുക്കെ വാട്‌സ് ആപ്പിലേക്കും അവരെ നയിക്കും. ‘സ്ത്രീ’യെയും സംശയം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്ക് സഹോദരിയെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയോടും ഫോണില്‍ സംസാരിപ്പിച്ചിരുന്നു. ഇയാളുമായി അടുപ്പമുള്ള ഒരുസ്ത്രീയാണ് സംസാരിച്ചതെന്നാണ് സംശയിക്കുന്നത്.

മൂന്നുമാസത്തിനുള്ളിലാണ് നൂറ്റമ്പതോളം സ്ത്രീകള്‍ ഇതില്‍ അകപ്പെട്ടത്. വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നെന്നും സമ്മതിക്കാത്തതിനാല്‍ തന്റെ അക്കൗണ്ട് വീട്ടുകാര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും പണമയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇയാള്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേക്കാണ് സ്ത്രീകള്‍ പണംനല്‍കിയത്. ഇത് ഇയാളോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന മഹാദേവന്‍ എന്നയാളുടേതാണെന്ന് പോലീസ് പറഞ്ഞു. സമാനകേസില്‍ അറസ്റ്റിലായി എട്ടുമാസം തിരുവനന്തപുരം ജില്ലാ ജയിലില്‍ കഴിഞ്ഞശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് പ്രിന്‍സ് ജോണ്‍ പുറത്തിറങ്ങിയതെന്നും എസ്.പി. പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button