Latest NewsKeralaNews

ജനകീയ മെട്രോ: നിർണായക തീരുമാനവുമായി കെഎംആര്‍എല്‍

കൊച്ചി:  ജനകീയ മെട്രോ യാത്ര നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകർക്കുമെതിരെ കെഎംആര്‍എല്‍. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയക്ക് നേതൃത്വം നൽകിയത്. ഇവരുടെ ജനകീയ യാത്ര മെട്രോ ചട്ടങ്ങള്‍ ലംഘിച്ചതായി കെഎംആര്‍എല്‍ അന്വേഷണ സമിതി കണ്ടെത്തി. സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍ അടങ്ങിയ സമിതിയാണ് സംഭവം അന്വേഷിച്ചത്.

ചട്ടലംഘനം നടത്തിയാണ് യാത്രയെന്ന റിപ്പോര്‍ട്ട് കെഎംആര്‍എലിനു അന്വേഷണ സമിതി നല്‍കി. വിഷയത്തില്‍ കെഎംആര്‍എല്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്ഘാടന വേളയിലെ അവഗണയിലുള്ള പ്രതിഷേധമായി യുഡിഎഫ് സംഘടിപ്പിച്ചതാണ് മെട്രോ ജനകീയ യാത്ര. മെട്രോ സ്റ്റേഷനിലെയും ട്രെയിനിലെയും വീഡിയോ ദൃശ്യങ്ങള്‍ കെഎംആര്‍എല്‍ പരിശോധിച്ചു. ഇതിനെ അടിസ്ഥാനമാക്കിയാണ് നിയമനടപടികളിലേക്ക് കെഎംആര്‍എല്‍ കടക്കുന്നത്. സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കെഎംആര്‍എല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ട്രെയിനിലും സ്റ്റേഷനിലും പ്രകടനം നടത്തിയത്, ഇതര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. പ്രവര്‍ത്തകര്‍ ട്രെയിനു അകത്ത് മുദ്രാവാക്യം മുഴക്കി. മെട്രോയുടെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി തുടങ്ങിയവയാണ് അന്വേഷണ സമിതി കണ്ടെത്തിയ ചട്ടലംഘനങ്ങൾ.
മെട്രോയുടെ നയം അനുസരിച്ച് ട്രെയിനുള്ളിൽ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും പ്രകടനം നടത്തുന്നതും ആയിരം രൂപ പിഴയും ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപയാണ് പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button