KeralaLatest NewsNews

നടിയെ ക്രൂരമായി ആക്രമിച്ച കേസ് : വാര്‍ത്തകളില്‍ നിറയുന്ന ആ മാഡം ആര് ?

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ഇനിയും കടമ്പകള്‍ ഏറെ. കേസ് ആകെ വഴി മാറുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നടിയെ ആക്രമിച്ച കേസ് നാള്‍ക്കുനാള്‍ സങ്കീര്‍ണമാക്കി പുതിയ കഥാപാത്രങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. സോളാര്‍ കേസില്‍ സരിതാനായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ തന്നെ വിളിച്ച് ഗൂഢാലോചനയെക്കുറിച്ച് സൂചന തന്നെന്ന് നടന്‍ ദിലീപ് പോലീസിന് മൊഴിനല്‍കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

കേസിലെ പ്രതിയായി ഒളിവിലിരിക്കെ കീഴടങ്ങാനായി പള്‍സര്‍ സുനി തന്റെ സഹായം തേടിയെന്ന് ഫെനി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. മനോജ്, മഹേഷ് എന്നിങ്ങനെയാണ് കാണാന്‍ വന്നവര്‍ പേരുപറഞ്ഞത്. ഒരാള്‍ തമിഴ് കലര്‍ന്ന മലയാളമാണ് സംസാരിച്ചത്. ചെങ്ങന്നൂരിലായിരുന്നു കൂടിക്കാഴ്ച. മാവേലിക്കര കോടതിയില്‍ കീഴടങ്ങിയ ശേഷം കൊച്ചിയിലേക്കു പോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് മറുപടി നല്‍കി.

അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ‘മാഡ’ത്തോടു ചോദിക്കട്ടെയെന്നു പറഞ്ഞ് ഇവര്‍ പോയെന്നാണ് ഫെനി പറയുന്നത്. എന്തോ അപകടം മണത്ത ഫെനി ദിലീപിനെ വിളിച്ച് ഗൂഢാലോചനയുടെ സൂചന പറഞ്ഞത്രെ. മാധ്യമങ്ങളില്‍ ദിലീപിനെക്കുറിച്ച് പരാമര്‍ശം ഉണ്ടാകുന്നതിനാലായിരുന്നു ഇതെന്നും ഫെനി പറയുന്നു. ഫെനി രണ്ടോ മൂന്നോ തവണ വിളിച്ചെന്ന് ദിലീപ് മൊഴി നല്‍കിയെന്നാണ് സൂചന. ഇതു സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായില്ല.

ഇതു ശരിയാണെങ്കില്‍ ആരാണീ മാഡം എന്ന ചോദ്യത്തിന് പോലീസിന് ഉത്തരം കാണേണ്ടിവരും. നടിയെ ആക്രമിച്ചശേഷം പോകുമ്പോള്‍ പള്‍സര്‍ സുനി എറണാകുളത്തെ ഒരു വീടിന്റെ മതില്‍ ചാടിക്കടന്നുപോകുന്നത് സമീപത്തെ ഒരു സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. സുനിയുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ വീടായിരുന്നു ഇത്. ഇവരെയാണോ മാഡം എന്നുദ്ദേശിച്ചതെന്നു വ്യക്തമല്ല. കേസിന്റെ ഗതി തിരിച്ചുവിടാനുള്ള നീക്കമാണോയെന്നും സംശയമുണ്ട്.

ഫെനിയെയും ചോദ്യം ചെയ്യേണ്ടിവരും. കാണാനെത്തിയവരെ കണ്ടെത്തേണ്ടിയും വരും. അന്വേഷണം നീളാനും സാധ്യതയേറി. ഫെബ്രുവരി 22-ന് പള്‍സര്‍ സുനി എറണാകുളത്തെ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കോടതിമുറിയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഫെനി പറഞ്ഞ ദിവസം മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ആലപ്പുഴ ജില്ലയില്‍ എവിടെയെങ്കിലും സുനി കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന് അന്ന് വാര്‍ത്ത പ്രചരിക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button