Latest NewsIndiaNews

വിനോദസഞ്ചാര ഭൂപടത്തില്‍ ഇനി മോദി ചായ വിറ്റിരുന്ന റെയില്‍വെ സ്‌റ്റേഷനും

ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്‍പ്പന നടത്തിയിരുന്ന കട ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ഈ ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ അറിയിച്ചു.

കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനിലെ ചെറിയ ചായക്കടയുടെ രൂപം അതേപടി നിലനിര്‍ത്തുകയും ഒപ്പം നവീനസംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്തുമായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും മന്ത്രി അറിയിച്ചു. ചായക്കടയ്ക്ക് പുറമെ വഡ്‌നഗറിലെ ഒമ്പത് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിയ്ക്കും പദ്ധതി നടപ്പിലാക്കുക. 100 കോടി രൂപ പദ്ധതിയ്ക്ക് അനുവദിച്ചതായി ജില്ലാ കളക്ടര്‍ അലോക് പാണ്ഡേ അറിയിച്ചു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും സെപ്റ്റംബര്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജന്മദേശം മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ് വഡ്‌നഗര്‍. . ഷര്‍മിഷ്ട തടാകം പോലുള്ള നിരവധി ആകര്‍ഷകമായ ഇടങ്ങള്‍ അവിടെയുണ്ട്. അടുത്തയിടെ ബുദ്ധസന്യാസ മഠത്തിന്റെ അവശിഷ്ടങ്ങള്‍ വഡ്‌നഗറില്‍ നിന്ന് കണ്ടെത്തിയിരുന്നു. അവിടെ പര്യവേക്ഷണം ഇപ്പോഴും നടന്നുവരികയാണ്.

 

shortlink

Post Your Comments


Back to top button