KeralaLatest NewsNews

പ്രകടനക്കാർക്കെതിരെ തോക്കെടുത്ത് ഷൈൻ ചെയ്ത സി.ഐയോട് വയ്ക്കെടാ വെടിയെന്ന് ധൈര്യപൂർവം

തൊടുപുഴ: പ്രകടനക്കാർക്കെതിരെ തോക്കെടുത്ത് ഷൈൻ ചെയ്ത സി.ഐയോട് ”വയ്ക്കെടാ വെടിയെന്ന്” ധൈര്യപൂർവം പറഞ്ഞ് പ്രവർത്തകർ. ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താലിനോടനുബന്ധിച്ചു പ്രകടനം നടത്തിയ പ്രവർത്തകർ അക്രമാസക്തരായപ്പോഴാണ് സിഐ എൻ.ജി. ശ്രീമോൻ തോക്കെടുത്തത്. എന്നാൽ തോക്കു കണ്ട് പ്രകോപിതരായ പ്രവർത്തകർ വയ്ക്കെടാ വെടിയെന്ന് ആക്രോശിച്ച് സിഐയ്ക്കു നേരെ ചെല്ലുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്.

മൂപ്പിൽക്കടവ് റോഡിലെ കാഞ്ഞിരമറ്റം ജംക്‌ഷനിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം കെഎസ്‌യു പ്രവർത്തകർക്കുനേരെ നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്നലെ ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രകടനത്തിനിടെയാണ് പ്രവർത്തകർ പ്രകോപിതരായത്.

ഇതിനിടെ യുഡിഎഫ് പ്രവർത്തകർ പോലീസുകാർ വന്ന വാൻ തടഞ്ഞു. ഈ വാനിൽ വന്ന സിഐ ശ്രീമോൻ പോലീസുകാരോടൊപ്പം പുറത്തിറങ്ങുന്നതു കണ്ട് പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ എത്തി. കോൺഗ്രസ്–കെഎസ്‌യു നേതാക്കളെ തിരഞ്ഞുപിടിച്ചു മർദിച്ചത് ശ്രീമോനാണ് എന്നായിരുന്നു ആരോപണം. പൊലീസുകാർ സിഐയ്ക്കു ചുറ്റും വലയം തീർത്തു. പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതോടെ സിഐ ശ്രീമോൻ പിസ്റ്റൽ എടുത്ത് ലോഡ് ചെയ്തു.

അതേസമയം, അസഭ്യം പറഞ്ഞെത്തിയ യുഡിഎഫ് പ്രവർത്തകർ തന്നെ ലക്ഷ്യമിടുന്നതായി കണ്ടപ്പോൾ സ്വയരക്ഷാർഥമാണ് തോക്കെടുത്ത് ലോഡ് ചെയ്തതെന്നു തൊടുപുഴ സിഐ: ശ്രീമോൻ പറഞ്ഞു. ഇതിൽ അസ്വാഭാവികതയില്ലെന്നും സംഘർഷമുണ്ടാകുന്ന വേളയിൽ മുൻകരുതൽ എന്ന നിലയിൽ ഉദ്യോഗസ്ഥർ ഇതു ചെയ്യുന്നതാണെന്നും ഡിവൈഎസ്പി: എൻ.എൻ. പ്രസാദ് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button