KeralaLatest NewsNews

യൂറോപ്പുകാരും അമേരിക്കക്കാരും ഇനി മലയാളം പഠിക്കും

തിരുവനന്തപുരം: യൂറോപ്പും അമേരിക്കയും അടക്കമുള്ള സ്ഥലങ്ങളിലെ പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ഒരുങ്ങുന്നു. പുതുതലമുറയെ മലയാളം പഠിപ്പിക്കാൻ മലയാളം മിഷനാണ് മുൻകൈ എടുക്കുന്നത്. ഡിസംബറോടെ ‘മലയാളം’ ക്ലാസുകൾ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ആരംഭിക്കാനാണ് പദ്ധതി. ഇപ്പോൾ മലയാളം മിഷൻ ഗൾഫ് രാജ്യങ്ങളിൽ ക്ലാസുകൾ നടത്തുന്നുണ്ട്. കൂടുതൽപേർ മലയാളം പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ മിഷൻ തീരുമാനിച്ചത്. ‌

മലയാളം മിഷൻ നാലു കോഴ്സുകളാണ് നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലകുറിഞ്ഞി. ഇതിൽ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സാണ്. സൂര്യകാന്തി ഡിപ്ലോമ കോഴ്സും മറ്റുള്ളവ ഹയർ ഡിപ്ലോമ കോഴ്സുമാണ്. നാലു കോഴ്സുകളും പൂർത്തിയാക്കാൻ പത്തുവർഷമെടുക്കും. എന്നാൽ, പഠനത്തിൽ കൂടുതൽ താൽപര്യം കാണിക്കുന്നവർക്കു കോഴ്സ് വേഗത്തിൽ പൂർത്തിയാക്കാനുള്ള അവസരം മലയാളം മിഷൻ ഒരുക്കിയിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്കു പിഎസ്‌സി പരീക്ഷയിൽ പത്തുമാർക്ക് ലഭിക്കും.

മലയാളം മിഷന്റെ അധ്യാപക പാനൽ ഓരോ രാജ്യത്തും അധ്യാപകരായി ജോലി ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തും. പാനലിലെ രണ്ട് അധ്യാപകർ സേവന സന്നദ്ധരായി എത്തുന്നവർക്കു പരിശീലനം നൽകും. അവധിക്കാലത്താണ് ക്ലാസുകൾ. പതിനഞ്ചിനു മുകളിൽ ആളുകൾ ഒരു ക്ലാസിൽ വേണമെന്നാണ് നിബന്ധനയെങ്കിലും പത്തുപേരെങ്കിലുമുണ്ടെങ്കിൽ ക്ലാസിന് അനുമതി നൽകും. മലയാളി സംഘടനകളുടെ ഓഫിസുകളും ആരാധനാലയങ്ങളുമെല്ലാം ക്ലാസുകൾക്കായി തിരഞ്ഞെടുക്കുന്നുണ്ട്. 1,500 കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. രാജ്യത്തിനകത്ത് ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളതു ഡൽഹി, ബോംബെ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ്. വിദേശത്ത് ഒമാനിലും ബഹ്റൈനിലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button