Latest NewsIndiaNews

ടീനേജുകാരിയുടെ മരണവും മരണത്തിനുശേഷമുള്ള കാര്യങ്ങളിലും ദുരൂഹത : മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഹൃദയം മറ്റൊരാളുടേത് : വിങ്ങിപ്പൊട്ടി മാതാപിതാക്കള്‍

 

മുംബൈ: ദുരൂഹത ഉയര്‍ത്തി ടീനേജുകാരിയുടെ പിറന്നാളാഘോഷവും അതെ തുടര്‍ന്നുള്ള മരണവും മരണത്തിനു ശേഷമുള്ള കാര്യങ്ങളും . ലോകത്ത് ഒരിടത്തും സംഭവിയ്ക്കാത്ത കാര്യങ്ങളാണ് ഒരു ടീനേജ്കാരിയുടെ മരണത്തെ തുടര്‍ന്ന് നടന്നത്.

പെണ്‍കുട്ടിയുടെ മൃതശരീരത്തിലുളള ഹൃദയം പോലും അവളുടേതല്ലെന്ന തിരിച്ചറിവില്‍ ഹൃദയം പൊട്ടി ജീവിക്കുകയാണ് മുംബൈയിലെ ഈ മാതാപിതാക്കള്‍. പോസ്റ്റ് മോര്‍ട്ടത്തില്‍ ഹൃദയത്തിന് 70% ബ്ലോക്കുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ സംശയം തോന്നി ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ ഹൃദയം മാത്രം പുരുഷന്റേതായി. രക്ഷിതാക്കളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കുഴിമാടത്തില്‍ നിന്ന് ഹൃദയം പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ അത് മധ്യവയസ്‌കയായ ഒരു സ്ത്രീയുടേതുമായി. മകളുടെ മരണത്തിന്റെ കാരണമറിയാതെ യഥാര്‍ഥ ഹൃദയം എവിടെയെന്നറിയാതെ നെഞ്ചുരുകി കഴിയുകയാണ് ഈ അച്ഛനമ്മമാര്‍.

2012ലാണ് പൂനെ സിംബയോസിസിലെ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിയായ സനം ഹസ്സന്‍ തന്റെ 19ാം പിറന്നാള്‍ ആഘോഷത്തിനിടെ മരണപ്പെടുന്നത്. സുഹൃത്തുക്കളോടൊപ്പം അവരുടെ ഫ്ളാറ്റില്‍ രാത്രിയായിരുന്നു സനത്തിന്റെ പിറന്നാളാഘോഷം. പിറന്നാള്‍ ആഘോഷത്തിന് ശേഷം രാത്രി ഉറങ്ങാന്‍ കിടന്ന സനം രാവിലെ എഴുന്നേല്‍ക്കാതിരിക്കുകയും പിന്നീട് മരണപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കേസ് അന്വേഷണം ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ഏറ്റെടുത്തെങ്കിലും പിന്നീട് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് നടന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല സനത്തിന്റെ മൃതശരീരത്തിലുള്ള ഹൃദയം അവളുടേതല്ലെന്നാണ് രണ്ടാമത്തെ ലാബ് പരിശോധനയും വ്യക്തമാക്കുന്നത്. യഥാര്‍ഥ ഹൃദയം ലഭിക്കാതെ കേസന്വേഷണവുമായി മുന്നോട്ടു പോവാനാവില്ലെന്ന് സിബിഐയും കൈമലര്‍ത്തുമ്പോള്‍ നീതിക്കായി തങ്ങള്‍ക്കാവും വിധം പോരാടുകയാണ് മാതാപിതാക്കള്‍.

കേസ് വഴിതിരിച്ചു വിടാന്‍ മനപ്പൂര്‍വ്വം ഹൃദയം മാറ്റുകയായിരുന്നു എന്നാണ് സനത്തിന്റെ അമ്മ നഗീനയുടെ ആരോപണം. ‘ഹൃദയം നഷ്ടപ്പെടുന്നത് ആദ്യമായിരുന്നെങ്കില്‍ അബദ്ധമായി ഇതിനെ കാണാമായിരുന്നു എന്നാല്‍ കേസന്വേഷണം തുടങ്ങി രണ്ടാമത്തെ തവണയാണ് കുട്ടിയുടെ ഹൃദയം മാറിപ്പോവുന്നത്. ഇത് മനപ്പൂര്‍വ്വം സിബിഐ അന്വേഷണത്തെ വഴിതിരിച്ചു വിടാനാണ്’ മാതാപിതാക്കള്‍ ആരോപിക്കുന്നു.

ആല്‍ക്കഹോള്‍ ഉള്ളില്‍ ചെന്നതും ഹൃയത്തിലെ 70% തടസ്സങ്ങളുമാണ് മരണ കാരണമെന്നായിരുന്നു പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഫുട്‌ബോള്‍ കളിക്കാരിയായ മകളുടെ ഹൃദയത്തിന് തകരാറൊന്നുമില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മാതാപിതാക്കള്‍. തുടര്‍ന്ന് അവരുടെ ആവശ്യ പ്രകാരം ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ ഹൃദയം പുരുഷന്റേതാണെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്.
അപ്പോഴേക്കും മൃതദേഹം കബറിടത്തില്‍ അടക്കിയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ നീതിക്കായുള്ള പോരാട്ടം തുടര്‍ന്നു. കേസ് ഏറ്റെടുത്ത സിബിഐ ഹൃദയവും മറ്റ് ശരീരാവശിഷ്ടങ്ങളും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിലപാടെടുത്തു..

മരിച്ച് അഞ്ച് വര്‍ഷത്തിനു ശേഷം കുഴിമാടത്തില്‍ നിന്ന് ശരീരം വീണ്ടെടുത്ത് ഹൃദയത്തിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോഴാണ് ഹൃദയം സനത്തിന്റേതല്ലെന്ന് വ്യക്തമായത്. ഇത്തവണ അത് മധ്യവയസ്‌കയായ സ്ത്രീയുടേതാണെന്നായിരുന്നു പരിശോധനാ ഫലം. നഷ്ടപ്പെട്ട ഹൃദയം അന്വേഷണത്തിലെ നിര്‍ണ്ണായക തെളിവാണെന്നും ലാബിലയച്ച് ഹൃദയത്തിന്റെ വിശദ പരിശോധന നടത്താതെ കേസന്വേഷണം മുന്നോട്ടു പോകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 2016ല്‍ കുഴിമാടത്തില്‍ നിന്ന് മൃതദേഹം എടുത്ത് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ശരീരവും മറ്റ് അവയവങ്ങളും സനത്തിന്റേതു തന്നെയാണെന്ന തെളിയിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍ ഹൃദയത്തിന്റെ പരിശോധന നടത്തിപ്പോള്‍ അത് വയോധികയായ ഒരു സ്ത്രീയുടേതാണെന്നും സനത്തിന്റേതല്ലെന്നും തെളിഞ്ഞു. കുഴിമാടത്തിലെ ശരീരം സനത്തിന്റേതും ഹൃദയം മറ്റൊരാളുടേതും ആകുന്നതെങ്ങിനെയെന്നാണ് സിബിഐയുടെ ചോദ്യം. അങ്ങിനെയെങ്കില്‍ യഥാര്‍ഥ ഹൃദയം എവിടെയാണെന്നും സിബിഐ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button