Latest NewsKeralaNews

പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനകരമായി പുതിയ വിമാനത്താവളം

 

എരുമേലി : പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുകയാണ് പുതിയ വിമാനത്താവളം. ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥമാണ് കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍ദിഷ്ട വിമാനത്താവളം നിര്‍മ്മിക്കുന്നതെങ്കിലും ഏറ്റവും ഗുണകരമാകുന്നത് പ്രവാസികള്‍ക്കാണ്. വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ കോട്ടയം, പത്തനംതിട്ട, റാന്നി കുമ്പനാട്, തിരുവല്ല ,കോഴഞ്ചേരി മേഖലകളില്‍ നിന്നു വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു യാത്രാ സൗകര്യം മെച്ചമാകും.

കോട്ടയം, ഇടുക്കി ജില്ലകളിലെയും തമിഴ്‌നാട്ടിലെ കമ്പം, തേനി,ഗുഡല്ലൂര്‍, ദിണ്ഡിഗല്‍ , മധുര മേഖലകളിലെയും ആളുകള്‍ക്കും വിമാനത്താവളം ഏറെ പ്രയോജനകരമാകും. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്താണു രാജ്യാന്തര വിമാനത്താവളം തന്നെ നിര്‍മിക്കാനുള്ള നീക്കം.

ശബരിമലയിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു പുറമേ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നു തീര്‍ഥാടകരെത്തുന്നുണ്ട്. മണ്ഡലകാലത്തു ക്വാലലംപുരില്‍നിന്നുള്‍പ്പെടെ കൊച്ചിയിലേക്കു പ്രത്യേക വിമാന സര്‍വീസുകള്‍ ഇപ്പോള്‍ത്തന്നെ നടത്തുന്നുണ്ട്.

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ കണക്കുകള്‍ പ്രകാരം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 2.75 ലക്ഷം പ്രവാസികളാണുള്ളത്. മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍നിന്നു വിദേശരാജ്യങ്ങളിലേക്കു തൊഴില്‍ തേടിപ്പോകുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിലേറെ കുറഞ്ഞപ്പോള്‍ പ്രവാസികളുടെ എണ്ണത്തില്‍ അരലക്ഷത്തോളം പേരുടെ വര്‍ധന ഉണ്ടായ ഒരേയൊരു ജില്ലയാണു കോട്ടയം.

ഇപ്പോള്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് 100-150 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പലരും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നത്. കൊച്ചി, ആലുവ, അങ്കമാലി പോലുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം വര്‍ധിപ്പിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button