KeralaLatest NewsNews

ടൈറ്റാനിയം ദുരന്തത്തിന്റെ കാരണം വന്‍ സുരക്ഷാ വീഴ്ച : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

 

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ കഴിഞ്ഞ ദിവസം ചിമ്മിനി തകര്‍ന്ന് ഒെരാള്‍ മരിച്ച സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ടൈറ്റാനിയത്തില്‍ 20 ടണ്‍ കുമ്മായവും കക്കയും സംഭരിക്കേണ്ട ഇരുമ്പില്‍ നിര്‍മ്മിച്ച കൂറ്റന്‍ സംഭരണി (സൈലോ) ബീമില്‍ ഉറപ്പിച്ചിരുന്നത് അര ഇഞ്ചിന്റെ നട്ടിലും ബോള്‍ട്ടിലും. സൈലോ വഹിക്കേണ്ട ബീം തുരുമ്പെടുത്ത് പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. ഇവിടെയെല്ലാം ഇരുമ്പിന്റെ പാളി വെല്‍ഡ് ചെയ്ത് പിടിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. ഒരു ജീവന്‍ ബലിനല്‍കേണ്ടിവന്ന അനാസ്ഥയ്ക്ക് ടൈറ്റാനിയത്തിലെ ഉന്നതരാണ് ഉത്തരവാദികളെന്നതിന് തെളിവാണ് ഈ വന്‍വീഴ്ചകള്‍.

ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദിപ്പിക്കുന്നതിന് ഇല്‍മനൈറ്റ് സംസ്‌കരിച്ചെടുക്കാനുള്ള രാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറത്തുവരുന്ന രാസമാലിന്യം കലര്‍ന്ന മലിനജലത്തില്‍ നിന്ന് ആസിഡ് നിര്‍വീര്യമാക്കാനുള്ള പ്ലാന്റാണ് വെള്ളിയാഴ്ച തകര്‍ന്നുവീണത്. കക്കയും നീറ്റുകക്കയുമുപയോഗിച്ച് ആസിഡിനെ നിര്‍വീര്യമാക്കുന്നതാണ് സാങ്കേതികവിദ്യ. സൈലോയില്‍ 20 ടണ്‍ കുമ്മായം നിറച്ചാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കേണ്ടത്. സൈലോയുടെ അടിവശത്തെ കുഴലിലൂടെ കക്കയും കുമ്മായവും പുറത്തേക്കുവരണം. അരമണിക്കൂര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചശേഷം അഞ്ചുമിനിട്ട് സൈലോ വൈബ്രേഷന്‍ മോഡിലായിരിക്കും. കുമ്മായം കട്ടിയാവാതിരിക്കാന്‍ സൈലോ ശക്തമായി കുലുക്കുകയാണ് ചെയ്യുക. 20 ടണ്‍ ഭാരവുമേന്തി ഇടയ്ക്കിടെ കുലുങ്ങുന്ന സൈലോയാണ് അരഇഞ്ചിന്റെ നട്ടിലും ബോള്‍ട്ടിലും ഉറപ്പിച്ചിരുന്നത്.

റെയില്‍വേ പാളത്തിന്റെ സ്ലീപ്പറുകള്‍ ഘടിപ്പിക്കുന്നതു പോലെ വേണം സൈലോ സ്ഥാപിക്കേണ്ടിയിരുന്നത്. പ്ലാന്റ് നിര്‍മ്മാണത്തിന് ഉപകരാറെടുത്ത ചെന്നൈ കമ്ബനി വി.എടെക്കിന്റെ തട്ടിക്കൂട്ട് പണി ടൈറ്റാനിയത്തിലെ ഉന്നതര്‍ വെറുതേ കണ്ടുനിന്നു. നാലുവശത്തും ക്രോസ്ബീം നല്‍കി അതിലേക്ക് നട്ടുംബോള്‍ട്ടുമുപയോഗിച്ച് സൈലോ ഘടിപ്പിക്കുകയാണ് വി.എടെക്ക് ചെയ്തത്. ഇതില്‍ ഒരുവശത്തെ നാല് ബോള്‍ട്ടുകള്‍ ഒടിഞ്ഞാണ് സൈലോ ജീവനക്കാരുടെ ദേഹത്തേക്ക് തകര്‍ന്നുവീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button