KeralaLatest NewsNews

ഡിവൈഎഫ്‌ഐ നേതാവിനെതിരെ താലിബാന്‍ മോഡല്‍ ആക്രമണം

കൊച്ചി: ആലപ്പുഴ ജില്ലാ കമ്മറ്റി സിപിഎം അംഗത്തിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖ പുറത്തിറക്കിയെന്ന ആരോപണം നേരിടുന്ന ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കുനേരെ ആക്രമണം. ഡിവൈഎഫ്‌ഐയില്‍ നിന്നും രണ്ടാഴ്ച മുമ്പ് പുറത്താക്കിയ കായംകുളം കരീലക്കുളങ്ങര മേഖലാ സെക്രട്ടറി കളീക്കല്‍പുത്തന്‍വീട്ടില്‍ ഷാന്‍ (28) നാണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെ കരീലക്കുളങ്ങര ജങ്ഷന് തെക്കുവച്ചായിരുന്നു ആക്രമണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാനിന്റെ രണ്ട് കൈവിരലുകള്‍ അറ്റുപോയി. തുടര്‍ന്ന് അടിയന്തിര ചികിത്സയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.

ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്ന് സംശയമുണ്ട്. മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ഷാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുപേരെ തിരിച്ചറിഞ്ഞതില്‍ ഒരാള്‍ക്ക് മയക്കുമരുന്ന് കേസുമായി ബന്ധമുള്ളതാണ്. നാടുമായി തീരെ ബന്ധമില്ലാത്ത ഇയാള്‍ ഷാനിനെ ആക്രമിക്കാനെത്തിയതില്‍ ദുരൂഹതയുണ്ട്. സിപിഎം. പ്രാദേശിക നേതാക്കളുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റി അംഗവും കരീലക്കുളങ്ങര സ്പിന്നിങ് മില്‍ ചെയര്‍മാനുമായ എം.എ. അലിയാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലഘുലേഖയിറങ്ങിയത് നാല് മാസം മുമ്പാണ്. മുതിര്‍ന്ന സി.പി.എം. നേതാക്കളുമായി അടുപ്പമുള്ള അലിയാര്‍ക്കെതിരെയുയര്‍ന്ന ആരോപണം പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചിരുന്നു. ഔദ്യോഗിക പക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എതിര്‍ ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ കൈവെട്ടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button