Latest NewsNewsInternational

അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി നാസ

 

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന പരസ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ മാസം 13നാണ് യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക തൊഴില്‍സൈറ്റില്‍ ഇതു സംബന്ധിച്ച അറിയിപ്പു വന്നത്.

പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നതാണ് തസ്തികയുടെ പേര്. അതായത് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെ ‘മലിനമാക്കുന്നതില്‍’ നിന്ന് മനുഷ്യനെ തടയുക എന്നതാണ് ജോലി. അതുപോലെത്തന്നെ മറ്റ് ഗ്രഹങ്ങളില്‍ നിന്ന് ഭൂമിയിലേക്കെത്തുന്ന ‘ജീവന്‍’ ഇവിടത്തെ അന്തരീക്ഷം ‘മലിന’പ്പെടുത്താതെ ശ്രദ്ധിക്കുക എന്നതും. ഇതെന്തു ജോലി എന്ന് ആരും അന്തംവിട്ടേക്കാം. നിലവില്‍ ഈ ജോലി ചെയ്യുന്ന ഒരാള്‍ നാസയില്‍ ഉണ്ടെന്നതാണു സത്യം. കാതറിന്‍ കോണ്‍ലി എന്ന ഗവേഷക 2006 മുതല്‍ നാസയുടെ പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫിസറാണ്.

വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കും ചൊവ്വാഗ്രഹത്തിലേക്കും പേടകങ്ങള്‍ അയയ്ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഒരാളുടെ കൂടി സേവനം നാസ തേടുന്നത്. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പേടകങ്ങള്‍ ഫോര്‍വേഡ് കണ്ടാമിനേഷന്‍, ബാക്ക് കണ്ടാമിനേഷന്‍ എന്നിങ്ങനെ രണ്ടു തരം ‘ദുഷിപ്പിക്കല്‍’ പ്രക്രിയ നടത്തുന്നുണ്ട്. ഫോര്‍വേഡ് എന്നാല്‍ ഭൂമിയില്‍ നിന്നുള്ള ‘ജൈവ’ഘടകങ്ങള്‍ മറ്റ് ഗ്രഹങ്ങളിലെത്തിക്കുന്നത്. ബാക്ക് കണ്ടാമിനേഷന്‍ എന്നാല്‍ മറ്റ് ഗ്രഹങ്ങളില്‍ നിന്നുള്ള ജീവഘടകങ്ങള്‍(ഉണ്ടെങ്കില്‍!) ഭൂമിയിലേക്ക് എത്തിക്കുന്നത്. ഇവ രണ്ടും ഒഴിവാക്കുകയാണ് പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫിസറുടെ പ്രധാന ജോലി.

ബഹിരാകാശത്തേക്കു പോകുന്ന പേടകങ്ങളും യാത്രികരും യാതൊരു തരത്തിലും ഭൂമിയിലെ ‘ഓര്‍ഗാനിക്-ബയോ’ മാലിന്യങ്ങളെ അവിടെ എത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഉദാഹരണത്തിന് യൂറോപ്പയുടെ പ്രതലത്തിനു താഴെയായി ഒരു സമുദ്രം തന്നെയുണ്ടെന്നാണ് കരുതുന്നത്. അത് ഡ്രില്‍ ചെയ്ത് പരിശോധിക്കുന്നതിനുള്ള ഉപകരണത്തില്‍ ഭൂമിയില്‍ നിന്നുള്ള ഏതെങ്കിലും സൂക്ഷ്മജീവികള്‍ ഉണ്ടെങ്കില്‍ സംഭവിക്കുന്ന കാര്യം ഒന്നോര്‍ത്തു നോക്കൂ. ഒരുപക്ഷേ ഭൂമിയില്‍ നിന്നു കൊണ്ടു പോയ സൂക്ഷ്മജീവികളെത്തന്നെ യൂറോപ്പയില്‍ ‘കണ്ടെത്തിയ’ അവസ്ഥയാകും. അല്ലെങ്കില്‍ യൂറോപ്പയിലെ ജലത്തെ ‘മലിന’മാക്കാനും ആ സൂക്ഷ്മജീവി മതി. ചൊവ്വയിലേക്ക് പോകുന്ന യാത്രികരില്‍ ആരെങ്കിലും അവിടെ വച്ച് മരിച്ചാലുണ്ടാകുന്ന ‘മലീനീകരണ’ത്തെപ്പറ്റിപ്പോലും പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജാഗരൂകരായിരിക്കണം.

നാസയുടെ ഈ പുതിയ തസ്തികയിലേക്കുള്ള ക്ഷണം അന്യഗ്രഹജീവനെപ്പറ്റി ഗവേഷണം നടത്തുന്നവരും ആഘോഷമാക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങളില്‍ ജീവനില്ലെങ്കില്‍ പിന്നെന്തിനാണ് തൊഴിലിനെപ്പറ്റിയുള്ള വിവരണത്തില്‍ അക്കാര്യം സൂചിപ്പിച്ചത് എന്നാണ് അവരുടെ ചോദ്യം. അന്യഗ്രഹങ്ങളില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സ്ഥിരീകരണമാണ് ഇതുവഴി നാസ നടത്തിയതെന്നും അവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button