KeralaLatest NewsNewsFacebook Corner

തന്നെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചതായി സ്​കോളര്‍ഷിപ്പ്​ നേടിയ ആദിവാസി യുവാവ് ബിനേഷ്​ ബാലൻ

കാസർഗോഡ്: സ്​കോളര്‍ഷിപ്പ്​ നേടി ഉപരിപഠനത്തിന്​ ലണ്ടനിലെത്തിയ കാസര്‍കോട്​ സ്വദേശിയായ ആദിവാസി യുവാവ്​ ബിനേഷ്​ ബാലൻ എസ് എഫ് ഐക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും എസ് എഫ് ഐക്കാരിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നെഴുതിയിരിക്കുകയാണ് ബിനേഷ്‌ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ.ആദിവാസിയാണെന്നു മനസ്സിലാക്കി തന്നെയാണ് കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റല്‍ കാലത്ത് എസ്.എഫ്.ഐക്കാര്‍ തന്നെ മര്‍ദിച്ചതെന്ന് ബിനേഷ്‌ ആരോപിക്കുന്നു.

ദലിത് ഭീകരനാക്കിയും മുസ്ലിം തീവ്രവാദ സംഘടനകളോടു ബന്ധമുള്ളവനാക്കിയും ചിത്രീകരിക്കാനും എസ് എഫ് ഐക്കാർ ശ്രമിച്ചതായി ബിനേഷ്‌ ആരോപിച്ചു.കഴിഞ്ഞ മാര്‍ച്ച്‌ 17നു ഹോസ്റ്റല്‍ മുറിയിലിട്ട് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്ടിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി മർദ്ദിച്ചതായും ബിനേഷ്‌ ആരോപിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐക്കാര്‍ എന്നെ തല്ലി.. ഞാനിതും തുറന്നു പറയുകയാണ്. രോഹിത് വെമുലയ്ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കുമെല്ലാം വേണ്ടി ശബ്ദിക്കുന്നവരും സമരം ചെയ്യുന്നവരുമാണ് ഇടതുപക്ഷ യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും.

എന്നാല്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കാര്യവട്ടം കാമ്പസിലെ എസ് എഫ് ഐക്കാര്‍ എന്നെ തല്ലുമ്പോള്‍ ഞാനൊരു ആദിവാസിയാണെന്ന് അവര്‍ക്ക് അറിയാതെയല്ല. അവരില്‍ എന്റെ സുഹൃത്തുക്കളായിരുന്നവരുമുണ്ടായിരുന്നല്ലോ. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ എന്നു ഭീഷണിപ്പെടുത്തിയതും അവര്‍ തന്നെയായിരുന്നു. എന്നെ ദളിത് ഭീകരനാക്കിയും മുസ്ലിം തീവ്രവാദ സംഘടനകളോട് ബന്ധമുള്ളവനാക്കിയും പോസ്റ്റുകള്‍ പതിച്ചതും അവര്‍ തന്നെയായിരുന്നു.പക്ഷേ ഇപ്പോഴവര്‍ എന്നെ ‘സഹായിച്ച’ കഥകള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഞാനത് ആസ്വദിക്കുകയാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിക്കു കൊടുക്കാന്‍ ഒരു റെക്കമെന്‍ഡേഷന്‍ ലെറ്റര്‍ ശരിയാക്കി തരുമോയെന്നു ചോദിച്ചപ്പോള്‍ അവഗണിച്ചവര്‍ പിന്നീട് എന്റെ കാര്യം മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഒപ്പം കൂടാനെത്തിയതും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. പക്ഷേ നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ തങ്ങളുടെ പേര് ഇല്ലെന്നു പറഞ്ഞു ചോദിക്കാന്‍ വന്നപ്പോള്‍ എന്നെ സഹായിച്ച ആരെയും ഞാന്‍ മറക്കില്ലെന്ന മറുപടി അവര്‍ക്ക് മനസിലായിക്കാണുമെന്നു കരുതുന്നു. അതു തന്നെ ഇപ്പോഴും പറയുന്നു.ഈ വര്‍ഷം മാര്‍ച്ചില്‍, അതിനു മുമ്പ് തന്നെ പല കാരണങ്ങള്‍ കൊണ്ട്, കാര്യവട്ടം കാമ്പസിലെ ഹോസ്റ്റല്‍ വിഷയത്തില്‍, സിഇടിയിലെ ആതിരയുടെ വിഷയത്തിലെല്ലാം ഞാനവര്‍ക്ക് എതിരായി പ്രവര്‍ത്തിച്ചെന്ന ആരോപണവുമായി എനിക്കെതിരേ ഗൂഡാലോചന നടത്തി കാത്തിരിക്കുകയായിരുന്നു. മാര്‍ച്ച് മാസം അവിടെ സ്റ്റുഡന്റ് പോലും അല്ലാതായിരുന്ന സ്റ്റാലിന്‍, മണികണ്ഠന്‍, രാഹുല്‍മോന്‍, അതുല്‍, യദു കൃഷ്ണന്‍ ഇവരൊക്കെ എനിക്ക് എതിരെ ക്യാമ്പസില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. ഒടുവില്‍ അവസരം ഉണ്ടാക്കി എന്നെ മര്‍ദ്ദിച്ചു.

മാര്‍ച്ച് 17ന്, ആ ദിവസം ഞാന്‍ മാനസികമായി അസ്വസ്ഥനായിരുന്നു. വീസ റിജക്ഷന്‍ മൂലം സ്വിറ്റ്സര്‍ലണ്ടിലെ ബേണ്‍ യൂണിവേഴ്‌സിറ്റിയില്‍ അപ്ലൈ ചെയ്യാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടതിന്റെ വിഷമം. കാര്യവട്ടം കാമ്പസില്‍ ഞാന്‍ കൂടുതല്‍ സമയവും ലൈബ്രറിയിലാണ് ചെലവഴിച്ചിരുന്നത്. അന്ന് ലൈബ്രറിക്ക് മുന്നില്‍ എസ് എഫ് ഐ യൂണിയന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് പരിപാടി അവതരിപ്പിച്ചിരുന്നു. അതിന്റെ ശബ്ദം കേട്ട് ലൈബ്രറിയില്‍ ഇരിക്കുന്നതിന് അലോസരമായിരുന്നു. എന്റെ അന്നത്തെ മാനസികാവസ്ഥ കൂടിയായപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു; cant go to the library… ഈ പോസ്റ്റ് ആയിരുന്നു അവരെ പ്രകോപിച്ചത്.-0″>കുറച്ച് പണം കടം ചോദിക്കാനാണ് സുഹൃത്തായ തോമസിന്റെ ഹോസ്റ്റല്‍ മുറിയില്‍ ചെന്നത്.

തോമസ് അപ്പോള്‍ പുറത്തു പോയിരിക്കുകയായിരുന്നു. ഉടന്‍ വരുമെന്ന് പറഞ്ഞതുകൊണ്ട് ഞാനും പിഎച്ഡി രജിസ്‌ട്രേഷന്റെ സ്റ്റാറ്റസ് അറിയാന്‍ വന്ന ഗോപിയെന്ന സുഹൃത്തും കൂടി മുറിയില്‍ ഇരുന്നു. ഈ സമയത്താണ് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു മനേഷ്, നജീബ്, പ്രഭാകരന്‍, വിഷ്ണു കെ പി, ഷാനു വി എന്നിവര്‍ കടന്നുവന്നത്. നീ എന്തിനാണ് പോസ്റ്റ് ഇട്ടതെന്ന് അവര്‍ ചോദിച്ചു. ഉണ്ട ചോറിനു നന്ദികാണിക്കാത്തവനെന്നു പറഞ്ഞ് മനേഷ് ആണ് ആദ്യം എന്നെ തല്ലിയത്. ആ അടിയില്‍ എന്റെ കഴുത്ത് ഉളുക്കിപ്പോയി. ഇടപെടാന്‍ നോക്കിയ ഗോപിയേയും അവര്‍ തല്ലി. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്നായിരുന്നു തല്ലുന്നതിനിടയില്‍ പ്രഭാകരന്‍ പറഞ്ഞത്. പലരും ഇതിനു ദൃക്‌സാക്ഷികളാണ്. അവര്‍ക്ക് എന്നോടുള്ള എല്ലാ ദേഷ്യവും അന്നു തീര്‍ത്തു.അവരുടെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. പിറ്റേദിവസം അവരും ആശുപത്രിയില്‍ അഡ്മിറ്റാവുകയും എനിക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഞങ്ങള്‍ ഹോസ്റ്റല്‍ റൂമില്‍ അതിക്രമിച്ചു കയറി മദ്യപിച്ചു, മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും അതു ചോദ്യം ചെയ്തപ്പോള്‍ അവരെ മര്‍ദ്ദിച്ചെന്നുമൊക്കെയായിരുന്നു പരാതി.

പക്ഷേ പലരും യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങള്‍ക്ക് സാക്ഷികളായി ഉണ്ടായിരുന്നു.എന്നെ മര്‍ദ്ദിച്ചതിനെതിരേ പെണ്‍കുട്ടികള്‍ അടക്കം പ്രതികരിക്കുകയും അവര്‍ കാമ്പസില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. പക്ഷേ എസ് എഫ് ഐ യുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പകരം എസ് എഫ് ഐ അവരുടെ പേരില്‍ തന്നെ എനിക്കെതിരായി പോസ്റ്ററുകള്‍ പതിച്ചു. കാമ്പസിലെ വിദ്യാര്‍ത്ഥിയല്ലാത്ത ഞാന്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എന്നായിരുന്നു ആക്ഷേപം. വിസയ്ക്ക് അപേക്ഷിക്കാന്‍ ഉള്ള തയ്യാറെടുപ്പ് കാരണം എനിക്ക് പല തവണ ഡല്‍ഹിയിലും എംബസിയിലുമൊക്കെയായി പോകേണ്ടി വന്നിരുന്നു. കാര്യവട്ടത്ത് എം എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഈ വര്‍ഷം സെമസ്റ്റര്‍ ഔട്ട് ആയി എന്നത് ശരിയാണ്. പക്ഷേ ലൈബ്രറിയില്‍ ഞാന്‍ എന്നും ഉണ്ടായിരുന്നു. ഒരിടത്തും അതിക്രമിച്ചു കടന്നിട്ടില്ല.

അതേസമയം എസ്എഫ്‌ഐ നേതാവായിരുന്ന സ്റ്റാലിന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ റിസര്‍ച്ച് ഹോസ്റ്റലില്‍ നാലുമാസത്തോളമാണ് മറ്റൊരാളുടെ മുറിയില്‍ താമസിച്ചത്. അതാണ് എസ്എഫ്‌ഐയുടെ ഏകാധിപത്യം.എന്നെ പിന്തുണയ്ക്കുന്നവര്‍ മുസ്ലിം-ദളിത് തീവ്രസംഘടനയില്‍പ്പെട്ടവരാണെന്നും എനിക്കും ഗോപിക്കും അവരൊക്കെയായി ബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചു. ഒരു ദളിത് സംഘടന പ്രവര്‍ത്തകനോട് സംസാരിച്ചാല്‍ നമ്മളെ തീവ്രദളിത് സംഘടനാ പ്രവര്‍ത്തകനാക്കാനും മുസ്ലിം കുട്ടികളോട് സംസാരിച്ചാല്‍ മുസ്ലിം സംഘടന പ്രവര്‍ത്തകനാക്കുമൊക്കെ എസ് എഫ്ഐക്കാര്‍ക്ക് ഒരു മടിയുമില്ല.

എസ് എഫ് ഐ എന്ന സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുകയല്ല. കാര്യവട്ടം കാമ്പസിലെ യൂണിറ്റ് പ്രവര്‍ത്തകരില്‍ പക്ഷേ പല കുഴപ്പങ്ങളുമുണ്ട്. നേതൃത്വത്തിലുള്ളവരെ അവര്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണ്. എന്റെ കാര്യത്തില്‍പ്പോലും ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. അവര്‍ ആരെയാണ് സംരക്ഷിക്കുന്നത്? തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയ്യാറാകുമെന്ന് തന്നെയാണ് വിശ്വാസം.”

shortlink

Post Your Comments


Back to top button