Latest NewsNewsDevotional

മൂല്യങ്ങൾ നിറഞ്ഞ ജീവിതത്തെ വരച്ചുകാട്ടുന്ന ഇസ്‌ലാം

എല്ലാ തൊഴിലിനും അതിന്റേതായ മൂല്യമുണ്ടെന്നാണ് ഇസ്ലാം സത്യ വിശ്വാസികളെ പഠിപ്പിക്കുന്നത്. ഹലാലായ എല്ലാ തൊഴിലും സത്യത്തിൽ മാന്യമാണ്. എന്ത് തൊഴിലായാലും അത് ഉല്‍സാഹത്തോടെ അനുഷ്ഠിക്കുന്നതാണ് പുണ്യം. ദാനം ചോദിച്ചു വന്നവനോട് കാട്ടില്‍ പോയി വിറക് വെട്ടിവിറ്റ് വിശപ്പടക്കാനാണ് പ്രവാചകന്‍ കല്‍പിച്ചത്. ധനം യാചിച്ചുനേടുന്നതിനേക്കാള്‍ സ്വന്തം അധ്വാനത്തിലൂടെ നേടുന്നതാണ് ഉത്തമം എന്നാണ് പ്രവാചകന്‍ ഇതിലൂടെ പഠിപ്പിച്ചത്.

ഇസ്‌ലാം ജോലിയുടെ തരം തിരിവനുസരിച്ച് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കിയിരുന്നില്ല. ഏതുതൊഴിലെടുത്ത് ജീവിക്കുന്നവനും വളര്‍ന്നുവികസിക്കുവാന്‍ അല്ലാഹു അനുവാദവും സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സംരംഭങ്ങള്‍ പോലുള്ള പൊതുഇടങ്ങളില്‍ ജോലിചെയ്യുന്നവരാകട്ടെ അല്ലാത്തവരാകട്ടെ എല്ലാവരുടെയും സ്ഥാനം പടച്ചവന്റെ മുന്നിൽ ഒരു പോലെയാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അതേ ഉത്തരവാദിത്തവും അവകാശവും സ്വകാര്യതൊഴിലാളിക്കുമുണ്ട് . ഇരുകൂട്ടരും സര്‍ക്കാറിന്റെ നിയമങ്ങളനുസരിക്കുകയും കരമടക്കുകയും ചെയ്യണമെന്നുമാത്രം. കരം നല്‍കിയാല്‍ രാഷ്ട്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സംരക്ഷണവും പ്രജ എന്ന അര്‍ത്ഥത്തില്‍ ഓരോരുത്തര്‍ക്കും ലഭിക്കും.

ഏല്‍പിക്കപ്പെടുന്ന തൊഴിൽ ഭംഗിയായി എടുത്താൽ കൂലി സ്വീകരിക്കാന്‍ അവകാശമുള്ളവാനാണ്. അത് നല്‍കാതിരിക്കുകയോ അത് നല്‍കാതിരിക്കുവാനുള്ള തന്ത്രങ്ങള്‍ തൊഴിലുടമ ആവിഷ്‌കരിക്കുന്നതും അങ്ങനെ തൊഴിലാളിയെ ചതിക്കുന്നതായും ഇസ് ലാമിക നീതിന്യായ സംവിധാനത്തിന് ബോധ്യപ്പട്ടാല്‍ തൊഴിലുടമയെ ശിക്ഷിക്കുവാന്‍ നീതിന്യായ സ്ഥാപനത്തിന് വലിയ രീതിയിലുള്ള ബാധ്യതയുണ്ട്.

കച്ചവടത്തിലും ഇടപാടുകളിലും ചതിയും വഞ്ചനയും നിരോധിച്ചുകൊണ്ട് വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ഭദ്രതയുള്ള സമൂഹമുണ്ടാകണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഇത്തരത്തിൽ മുന്നോട്ട് പോവാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button