Latest NewsNewsInternational

ലോകത്തെ യുദ്ധത്തിലേയ്ക്ക് വലിച്ചിഴച്ച് ഉത്തര കൊറിയ : അമേരിക്ക സഖ്യകക്ഷികളുമായി കൈകോര്‍ക്കുന്നു

 

ന്യൂയോര്‍ക്ക് : ഏത് വിധേനെയും ലോകത്തെ യുദ്ധത്തിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഉത്തര കൊറിയ. അതേസമയം ഉത്തരകൊറിയയില്‍നിന്ന് ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിലാണ് അമേരിക്കയും സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയും. പസഫിക്കിലെ അമേരിക്കയുടെ ആയുധപ്പുരയായ ഗുവാമിലേക്ക് മിസൈലുകളും റോക്കറ്റുകളുമയക്കുമെന്ന് ഉത്തരകൊറിയ ഭീഷണിപ്പെടുത്തിയതോടെ, ജപ്പാന്‍ ടോക്യോയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ശക്തമാക്കി. ഉത്തരകൊറിയന്‍ മിസൈലുകള്‍ രാജ്യത്തിനുമുകളിലൂടെ പറന്നാല്‍, അതിനെ വെടിവെച്ചിടാന്‍ പാകത്തിലുള്ള പാക്-2 പാട്രിയറ്റ് മിസൈല്‍ യൂണിറ്റാണ് ജപ്പാന്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുള്ളത്.

ഉത്തരകൊറിയ ആക്രമിച്ചേക്കുമെന്ന ആശങ്ക ജപ്പാനില്‍ ബോംബ് ഷെല്‍ട്ടറുകളുടെ വില്‍പ്പനയെ സ്വാധീനിച്ചിട്ടുണ്ട്. ഷെല്‍ട്ടറുകളുടെ വില്‍പന വന്‍തോതില്‍ കൂടിയതായാണ് റിപ്പോര്‍ട്ട്. അമേരിക്കയാവട്ടെ, ഹവായി ദ്വീപിലുള്ള പൗരന്മാരോട് ആണവാക്രമണത്തെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയതും യുദ്ധം ആസന്നമാണെന്ന് സൂചന നല്‍കുന്നു.

ഓഗസ്റ്റ് മധ്യത്തോടെ ഗുവാം ആക്രമിക്കുമെന്നാണ് ഉത്തര കൊറിയ നല്‍കുന്ന മുന്നറിയിപ്പ്. അമേരിക്കന്‍ വ്യോമസേനയുടെയും നാവികസേനയുടെയും ഇടത്താവളമായ ഗുവാമിലേക്ക് ബോംബാക്രമണം നടത്തുമെന്നാണ് ഭീഷണി. ജപ്പാന് മുകളിലൂടെ ഹ്വാങ്‌സ്വാങ് മിസൈലുകള്‍ ഗുവാമിലേക്ക് തൊടുക്കുമെന്നും ഉത്തരകൊറിയ ഭീഷണിപ്പെടുത്തുന്നു. ഇതോടൊപ്പം ഹവായിയും ആക്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹവായിയിലെ 14 ലക്ഷം ജനങ്ങളോട് കരുതിയിരിക്കാന്‍ അവിടുത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിസന്ധി മൂര്‍ഛിക്കുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചര്‍ച്ചനടത്തി. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ ഭീഷണിയെ നിസ്സാരമായി കാണേണ്ടെന്ന സൂചനയാണ് ഇതുനല്‍കുന്നത്. ഉത്തരകൊറിയന്‍ ഭരണകൂടത്തെ തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മത്യാസും വ്യക്തമാക്കി.

ഉത്തരകൊറിയന്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ച് മിസൈല്‍ പ്രതിരോധ ശേഷി കൂട്ടാനും അമേരിക്ക തയ്യാറായി. അമേരിക്ക തിരിച്ചടിക്കുകയാണെങ്കില്‍ കിമ്മിന് അത് താങ്ങാനാവില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ നിന്ദിക്കുന്ന തരത്തിലുള്ള കിമ്മിന്റെ നടപടികള്‍ അംഗീകരിക്കാനാവില്ല. പ്രകോപനം തുടര്‍ന്നാല്‍ അത് കിമ്മിനെത്തന്നെയാവും ഇല്ലാതാക്കുകയെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button