Latest NewsNewsSportsGulf

അത്‌ലറ്റിക് ലോകം ഇനി ദോഹയിലേക്ക്

ദോഹ: അത്‌ലറ്റിക് ലോകം ഇനി ദോഹയിലേക്ക്. ലണ്ടനിലെ ലോക രാജ്യാന്തര അത്‌ലറ്റിക് ഫെ‍ഡറേഷന്റെ പതാക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു കൊടിയിറങ്ങിയതോടെ ഖത്തറിനു കൈമാറി. 2019ൽ അടുത്ത ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ദോഹയിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയമാണ് ആതിഥ്യം വഹിക്കുന്നത്.

മധ്യ പൂർവേഷ്യയിലേക്ക് ചരിത്രത്തിൽ ആദ്യമായാണ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് എത്തുന്നത്. 2019 ചാംപ്യൻഷിപ്പ് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ആറു വരെയാണ് നടക്കുക. ഇനിയുള്ള വർഷങ്ങൾ ലോകത്തിന്റെ കായിക തലസ്ഥാനമായി മാറും. മാത്രമല്ല ലോക അത്‌ലറ്റിക് ചാംപ്യൻഷിപിന് ശേഷം 2022ൽ ലോകകപ്പ് ഫുട്ബോളും ഇവിടെ വച്ച് അരങ്ങേറും.

ഖത്തറിന്റെ മുതാസ ബർഷിം ലണ്ടനിൽ ഞായറാഴ്ച 2.35 മീറ്റർ ഉയരം മറികടന്ന് നേടിയ ഹൈജംപ് സ്വർണം ഖത്തറിന്റെ കായിക മേഖലയ്ക്കു നൽകുന്ന ഊർജവും ചെറുതല്ല. ഖത്തറിന്റെ ചരിത്രപരമായ കായിക യാത്രയിലെ നിർണായകമായ നാഴികക്കല്ലാകും 2019ലെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പെന്ന് ‘ദോഹ 2019’ സംഘാടക സമിതി വൈസ് പ്രസിഡന്റും ഡയറക്ടർ ജനറലും രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ ദഹ്‌ലാൻ അൽ ഹമദ് പറഞ്ഞു. അവിസ്മരണീയമായൊരു അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ഒരുക്കാനാണു തങ്ങൾ തയാറെടുക്കുന്നത്.

അത്‌ലിറ്റുകളെ പുതിയ കാണികൾക്കും പുതിയ വിപണിക്കും പരിചയപ്പെടുത്താനുള്ള ചരിത്രപരമായ അവസരമാണു ഖത്തറിനു ലഭിച്ചിട്ടുള്ളത്. പുതിയ അത്‌ലിറ്റുകളെ പ്രചോദിപ്പിക്കാനും, അവർക്ക് പുതിയ ആരാധകരുടെ പിന്തുണ ലഭിക്കാനും ഇതു വഴിയൊരുക്കും. ദോഹ 2019ന്റെ സംഘാടനത്തിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരും പ്രതിജ്ഞാബദ്ധമായി സമാനതകളില്ലാത്ത ചാംപ്യൻഷിപ്പിനായി കഠിനാധ്വാനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button